തപോവൻ: മിന്നൽപ്രളയജലം ഇരമ്പിയെത്തുമ്പോൾ തപോവനിലെ തുരങ്കത്തിന്റെ മുന്നൂറു മീറ്റർ ഉള്ളിലായിരുന്നു രാജേഷ് കുമാർ. 18 പേരുടെ ജീവനെടുത്ത, ഇരുനൂറിലേറെപ്പേരെ കാണാതാക്കിയ വെള്ളപ്പാച്ചിൽ അയാളെയും സഹപ്രവർത്തകരെയും ബാക്കിയാക്കി. പ്രളയത്തിൽനിന്ന് ഇരുപത്തിയെട്ടുകാരൻ രാജേഷ് രക്ഷപ്പെട്ടത് ആ കഥ പറയാൻകൂടിയാണ്.

‘‘തുരങ്കത്തിൽ ജോലിയിലായിരുന്നു ഞങ്ങൾ. പെട്ടെന്ന് പലപല ശബ്ദങ്ങൾ... വിസിലടി, ആക്രോശം... പുറത്തേക്കു വരാൻ ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. തീപ്പിടിത്തമാണെന്നാണ് ആദ്യം കരുതിയത്. ഞങ്ങൾ പുറത്തേക്കോടി. അപ്പോഴേക്കും വെള്ളം അകത്തേക്ക് കുതിച്ചെത്തി. രക്ഷപ്പെടുമെന്ന് കരുതിയതേയില്ല’’ -ആശുപത്രിയിൽക്കിടന്ന് രാജേഷ് ഓർത്തെടുത്തു.

‘‘ആകെ ഒരു ഹോളിവുഡ് സിനിമപോലെ. തുരങ്കത്തിൽ ഘടിപ്പിച്ച ദണ്ഡുകളിൽ ഞങ്ങൾ പിടിച്ചുതൂങ്ങി. തല എങ്ങനെയോ വെള്ളത്തിനുമുകളിൽ പിടിച്ചു. ചെളി, അവശിഷ്ടങ്ങൾ... ആ ഒഴുക്കിലും കൂടെയുള്ളവരുടെ പേരു വിളിച്ചുകൊണ്ടിരുന്നു; ആരും നഷ്ടപ്പെട്ടിട്ടില്ലെന്നറിയാൻ. ദണ്ഡിൽനിന്ന് പിടിവിടല്ലേ എന്ന് പരസ്പരം പറഞ്ഞു. ദൈവം സഹായിച്ചു, ആരുടെയും പിടി വിട്ടുപോയില്ല. നാലു മണിക്കൂർ അങ്ങനെ.”

മിന്നൽപ്രളയം താഴ്വരയെ കടന്നുപോയപ്പോൾ തുരങ്കത്തിലെ ജലമിറങ്ങാൻതുടങ്ങി. ഒന്നരയടിയോളം ചെളി ബാക്കിയായി. അപ്പോഴും പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നില്ല. തുരങ്കത്തിന്റെ മുഖംനോക്കി നടന്നു. ഒടുവിൽ ചെറിയൊരു ദ്വാരം കണ്ടു. ഉറപ്പില്ല അതാണോ വഴിയെന്ന്. എന്നാലും ഇത്തിരി വായുകിട്ടുന്നതായി തോന്നി. പിന്നിലായി ചെറിയ വെളിച്ചം. ഭാഗ്യം, കൂട്ടത്തിലൊരാളുടെ ഫോണിന് സിഗ്നൽ കിട്ടി. ഉടൻ രക്ഷാപ്രവർത്തകരെ വിളിച്ചു’’ -രാജേഷ് അവിശ്വസനീയമായ ആ രക്ഷപ്പെടലിന്റെ കഥ തുടർന്നു.

ചെറിയദ്വാരത്തിലൂടെ അവരെ വലിച്ചെടുക്കുകയായിരുന്നു. പുറത്തെത്തിയ ഉടനെ പലരും കാറ്റിലേക്ക് മുഖംനീട്ടി. ചിലർ ഭൂമിയെ പ്രണമിച്ചു. വികാരനിർഭരമായ രംഗങ്ങൾ... നാലുമണിക്കൂറിനപ്പുറം വലിയ പരിക്കുകളില്ലാതെ അവർ ജീവിതത്തിലേക്കു തിരിച്ചെത്തി.

ഒട്ടേറെ തൊഴിലാളികളെ മറ്റു തുരങ്കങ്ങളിൽ കാണാതായിട്ടുണ്ട്. സമീപത്തുള്ള ഒരു തുരങ്കത്തിൽ 35 പേർ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. തുരങ്കത്തിലകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ രാത്രിയും തുടരുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് അറിയിച്ചു. 80 മീറ്റർ മണ്ണ് നീക്കിക്കഴിഞ്ഞു. ഇനിയും നൂറുമീറ്ററോളം നീക്കിയാലേ തൊഴിലാളികളുടെ അടുത്തെത്തൂ -അദ്ദേഹം പറഞ്ഞു.

Content Highlights: Uttarakhand Glacier Burst