Toms
ഫോട്ടോ: ബി മുരളീകൃഷ്ണന്‍

ഒരു  ചെറുപുഞ്ചിരിക്ക് പോലും മടിക്കുന്ന മലയാളിയെ വയര്‍പ്പൊട്ടിപ്പോകുംവിധം ചിരിപ്പിച്ച....പലപ്പോഴും ചിന്തിപ്പിച്ച് കണ്ണുതുറപ്പിച്ചവരായിരുന്നു ടോംസിന്റെ കാര്‍ട്ടൂണ് കഥാപാത്രങ്ങള്‍. 
 
വീട്ടിലെ വരാന്തയില്‍ മഴ കണ്ടിരുന്നപ്പോള്‍  വഴിതെറ്റിവന്നുകയറിയ വഴിപോക്കന്‍....കല്യാണത്തിരക്കില്‍ പൊങ്ങച്ചം കാണിച്ചവര്‍.....സദസില്‍ ബഡായി പറഞ്ഞ രാഷ്ട്രീയക്കാര്‍....അങ്ങനെ വീട്ടിലോ അയല്‍പക്കത്തോ വഴിയിലോ നിന്നൊക്കെയായി  ടോംസിന്റെ മനസ്സിലേയ്ക്ക് കഥാപാത്രങ്ങള്‍ നടന്ന് കയറി. പിന്നീട് ഇന്നേവരെ മലയാളിയെ  അവര്‍ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വി.ടി തോമസ് എന്ന കാര്‍ട്ടൂണിസ്റ്റ്, ടോംസ് എന്ന പേരില്‍ വരച്ചു തുടങ്ങിയത്.

അദ്ദേഹത്തെ പ്രശസ്തിയുടെ വരപ്പൊക്കത്തിലേയ്ക്ക് കൈപിടിച്ചുകയറിയത് ബോബനും മോളിയുമെന്ന തലതെറിച്ച കൃസൃതികള്‍. അവരെഅദ്ദേഹം കണ്ടെത്തിയത് അയല്‍പക്കത്തെ വീട്ടില്‍നിന്നാണ്. കുട്ടനാട്ടിലെ ടോംസിന്റെ കുടുംബവീട്ടില്‍ വാണം പോലെ കയറിയിറങ്ങി നടന്നവരായിരുന്നു കുസൃതികള്‍.

ചില വേള കാര്‍ട്ടൂണ് വരയ്ക്കാനുള്ള ആശയങ്ങളും, അവരില്‍നിന്ന്  കണ്ടെത്തി. ആദ്യ രചന ഇങ്ങനെബോബനും മോളിയും കോഴിയെ വളര്‍ത്തുന്നു. പട്ടിയില്‍ നിന്ന് രക്ഷപെടുത്താന്‍ കോഴിയെ  കുട്ട കൊണ്ട് മൂടി.കുട്ട മറിഞ്ഞ് പോകാതിരിയ്ക്കാന്‍ കല്ല് പെറുക്കാന്‍ പോയ ഇരുവരേയും വെട്ടിച്ച് പട്ടി കുട്ടയില്‍ കയറി.പിറ്റേന്ന് കുട്ട പൊക്കിനോക്കുമ്പോള്‍ കുറച്ച് എല്ലു മാത്രം ബാക്കി. 

നാട്ടിലെ ഒരു തിരഞ്ഞെടുപ്പകാലത്താണ് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണനേയും ഭാര്യയായ ചേടത്തിയേയും  കിട്ടുന്നത്. തൂപ്പുകാരിയായ സ്ത്രീക്ക് വയസായപ്പോള്‍ തുണയായതാണ് ആള്‍. നാട്ടിലെ കടത്തിണ്ണകളില്‍ കുത്തിയിരുന്നാണ് ഇട്ടുണ്ണന്‍ സമയം കളഞ്ഞിരുന്നത്.അന്യനാട്ടില്‍ നിന്ന് വന്ന ഒരാള്‍  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്നായപ്പോള്‍ നാട്ടുകാര്‍ കക്ഷിയെ സ്ഥാനാര്‍ത്ഥിയാക്കി. ആ വിഡ്ഡിയാനെ മാലയൊെക്ക ഇടീച്ച് കൊണ്ടുനടക്കുന്ന കാഴ്ചയില്‍ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജനിക്കുന്നത്.

'അപ്പി ഹിപ്പി'യെ കിട്ടിയത് പിന്നീട് താമസമാക്കിയ കോട്ടയത്തു നിന്നാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ തലമുടി നീട്ടിവളര്‍ത്തിയ മുടിയുള്ള  മെലിഞ്ഞയാള്‍ ഗിത്താര്‍ വായിക്കുന്നു. അന്ന് രാത്രിയില്‍ കേരളത്തില്‍ ജ്വരമായിത്തുടങ്ങിയ 'ഹിപ്പിയിസം'വരയില്‍ സംഭവമാക്കാന്‍ തീരുമാനിച്ചു. ആ ഹിപ്പിയിസം പിന്നീടെപ്പോഴൊക്കെയോ മലയാളിയുടെ അനുകരിക്കല്‍ സ്വഭാവത്തെ പരിഹസിച്ചുകൊണ്ടേയിരുന്നു. 

കാര്‍ട്ടൂണിലെ പ്രശസ്തനായ 'രാഷ്ട്രീയക്കാരനെ കണ്ടെത്തിയതല്ല പകരം പലരേയും ചേര്‍ത്ത് വെച്ച് ഒപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ബോബനും മോളിയും വരച്ചുതുടങ്ങിയതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷവേള.

2007ല്‍ ഡല്‍ഹിയിലെ കേരളാഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ അയല്‍പക്കക്കാരായ 'സാക്ഷാല്‍ ബോബനേയും മോളിയേയും' സാക്ഷി നിര്‍ത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു. 
.''സി.എം സ്റ്റീഫന്റെ ചകിരിപോലുള്ള പുരികം..സി.കേശവന്റെ വളഞ്ഞ മൂക്ക്...കെ.എം മാണിയുടെ കട്ടിമീശ,കെ കരുണാകരന്റെ പല്ല്...പനന്പിള്ളിയുടെ തടിച്ച ചുണ്ട്...വയലാര്‍ രവിയുടെ തവളത്താടി....'ഇതെല്ലാം കൂട്ടിവെച്ചപ്പോള്‍ രാഷ്ട്രീയക്കാനായി.

തന്നെ പ്രശസ്തിയിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച  'ബോബന്‍ മോളി'കഥാപാത്രങ്ങളോടുള്ള ഇഷ്ടംമൂലം സ്വന്തം മക്കള്‍ക്കും ആ പേരിട്ടു. മകള്‍ മോളിയുടെ ഉണ്ണിക്കുട്ടനെന്ന മകനും പില്‍ക്കാലത്ത് കഥാപാത്രമായി.

 മകന്‍ ബോസിന് തലമുടി കുറവായതിനാല്‍ കൂട്ടുകാര്‍ 'മൊട്ടേ'യെന്ന് വിളിക്കുന്നത് കേട്ടാണ്'മൊട്ട' കഥാപാത്രം ജനിക്കുന്നത്. ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച വക്കീല്‍ കഥാപാത്രം അലക്സ് ,കാര്‍ട്ടൂണിസ്റ്റിനെ കരയിച്ചാണ് ലോകത്തുനിന്ന് മടങ്ങിയത്. നാട്ടിന്‍പുറത്തെ സുഹൃത്തായ അലക്സ് വക്കീല്‍ പരീക്ഷ പാസായെങ്കിലും കേസില്ല. പിന്നീട് ബിലാസ്പൂരില്‍ ജോലി തേടിപോയ ആള്‍ സുഖമില്ലാതെ മടങ്ങിവന്നപ്പോള്‍ നേരില്‍ കാണാന്‍ പോയി. അവശനായ അലക്സ് ടോംസിന്റെ  മടിയില്‍ കിടന്നാണ് മരിച്ചത്. 

കൂടുതല്‍ തവണ വരച്ചിട്ടുള്ളത് കെ.എം മാണിയേയും കെ.കരുണാരനേയും. അതിനും ന്യായമുണ്ടായിരുന്നു  കാര്‍ട്ടൂണിസ്റ്റിന്.''ഏറ്റവും ഇഷ്ടമുള്ളവരെ കൂടുതല്‍ വിമര്‍ശിക്കും. ഒരിക്കല്‍ വേദിയില്‍ കെ.എം മാണി സംസാരിക്കുകയായിരുന്നു. ''ഞാന്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകും'.അത് കേട്ട് ടോംസ്  വരച്ചുപോയി. ആ കഥ വരച്ചത്  ഇങ്ങനെ. യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍ ഇരുവശത്തും രണ്ട് കള്ളന്മാരെ കുരിശിലേറ്റിയിരുന്നു. അതിലൊരു കള്ളനും സ്വര്‍ഗത്തില്‍ പോയി.


റ്റോംസിന്റെ പുസ്തകങ്ങള്‍ വാങ്ങാം