മലയാളി വായനക്കാരെ അറബികളെ പോലെ പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് വായിക്കാന്‍ പഠിപ്പിച്ച വ്യക്തിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് റ്റോംസ്. അത്രയ്ക്ക് പ്രശസ്തവും ജനകീയവുമായിരുന്നു 'മനോരമ വാരിക'യുടെ അവസാന പുറത്ത് വന്നിരുന്ന റ്റോംസിന്റെ ബോബനും മോളിയും. കാര്‍ട്ടൂണില്‍ താല്‍പ്പര്യം തോന്നി തുടങ്ങിയ നാള് മുതല്‍ മനോരമ വാരികയുടെ അവസാന പുറത്തേയ്ക്ക് എത്തി നോക്കുന്ന ശീലം ഈ ലേഖകനും തുടങ്ങിയിരുന്നു. നിസാരവരകളില് പട്ടിയും, മരങ്ങളും, മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വരയ്ക്കപ്പെടുന്ന രീതി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബോബന്റേയും മോളിയുടേയും കൂട്ടുകാരുടേയും കുസ്യതികള്‍ പലപ്പോഴും ജീവിതത്തിലും അനുകരിക്കപ്പെട്ടിട്ടുണ്ട്. മാവിലും കശുമാവിലും പുളിയിലും അവരെ പോലെ കല്ലെറിഞ്ഞതിന് കാര്‍ട്ടൂണിലെ പോലെ വഴക്കും അടിയും കിട്ടിയിരുന്നത് ഓര്‍മ്മ ചിത്രങ്ങളാണ്.
എറണാകുളം മഹാരാജാസില്‍ രാഷ്ട്രീയമീമാസയ്ക്ക് പഠിക്കുന്ന കാലത്താണ് തൊട്ടടുത്ത ജില്ലാകോടതി കെട്ടിടത്തില്‍ പ്രശസ്തമായ ബോബനും മോളിയും കേസ് പരിഗണിച്ചിരുന്നത്. കേസിലെ വിസ്താരസമയത്ത് കോളേജില്‍ നിന്ന് കോടതിയില്‍ പോയി കൗതുകത്തോടെ വിസ്താരവും മറ്റും കണാറുണ്ടായിരുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ റ്റോംസിന്റേയും, ദണ്ഡപാണി മനോരമയുടേയും വക്കീലന്മാരായിരുന്നു. പറഞ്ഞ് മാത്രം കേട്ടിട്ടുള്ള ഉയരം കൂടിയ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് മുണ്ടും ഉടുത്ത് കാലന്‍കുടയുമായി കോടതിപരിസരത്ത് ഉണ്ടാകും.
കാര്‍ട്ടൂണ്‍രംഗത്ത് തുടക്കക്കാരനായ എന്റെ പല കാര്‍ട്ടൂണുകളും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണമായ ബോബനും മോളിയും മാസികയിലും, കുഞ്ചുകുറുപ്പിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതിന്റെ ഒരു ചുവട് പിടിച്ചാണ് കോടതി മുറ്റത്ത് വെച്ച് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. കണിശക്കാരനായ കാരണവരെ പോലെ പറഞ്ഞതെല്ലാം കേട്ട് അദ്ദേഹം നില്ക്കുന്ന കാഴ്ച്ച ഇന്നും മനസില്‍ മായാതെ ഉണ്ട്. കപടത തീരെയില്ലാത്ത കുട്ടനാട്ടിലെ സാധാരണക്കാരനായ കര്‍ഷകനും, കാരണവരുമായി മാത്രമേ അദ്ദേഹത്തെ കാണുവാന്‍ സാധിച്ചുള്ളൂ.
സ്ത്രീപുരുഷസമത്വം എന്നത് അടുത്തകാലത്ത് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയ വിഷയമാണ്. ഇതേ വിഷയം കഴിഞ്ഞ അറുപത് വര്‍ഷമായി മലയാളികളുടെ മനസിലേക്ക് ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പകര്‍ന്ന് നല്കിയ മഹാനായ വിപ്ലവകാരിയാണ് റ്റോംസ്. ബോബനും മോളിക്കും തുല്ല്യ പ്രാധാന്യമാണ് അദ്ദേഹം തന്റെ കാര്‍ട്ടൂണുകളില്‍ നല്‍കിയിരുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ അനീതികള്‍ക്കെതിരെ ഹാസ്യത്തിന്റെ മേമ്പാടിയുമായി റ്റോംസ് ഒരുക്കിയ ബോബനും മോളിയും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസില്‍ മായാതെ നില്ക്കുന്നു. പുതു തലമുറയ്ക്ക് ഒരുപക്ഷെ ബോബനും മോളിയും അന്യമായിരിക്കും എന്നത് വാസ്തവമാണ്. ആനിമേഷന്റേയും, ദ്യശ്യമാധ്യമ രംഗത്തിന്റെയും കടന്നുവരവും അതിന് കാരണമായി.
തികച്ചും സാധാരണക്കാരനായി ജീവിക്കാനായിരുന്നു റ്റോസിന് ഇഷ്ടം. അതുകൊണ്ടു തന്നെ തീവണ്ടി യാത്രകളില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലും, മറ്റിടങ്ങളില്‍ ബസ്സിലും അദ്ദേഹം യാത്രചെയ്യുമായിരുന്നു. തട്ടുകടകളിലും ചായക്കടകളിലുമിരുന്ന് സാധാരണ ജനങ്ങളോട് സംസാരിക്കുന്ന റ്റോംസ് സാറിനെ എത്രയോ വട്ടം നേരില്‍ കണ്ടിരിക്കുന്നു. തന്റെ കാര്‍ട്ടൂണിന് വേണ്ടുന്ന അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നത് ഇവിടങ്ങളില്‍ നിന്നാണെന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം മനോരമ വാരികയില്‍ പ്രവര്‍ത്തിച്ച പി.ഒ. മോഹന്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയത് ഇവിടെ കുറിക്കട്ടെ. കോട്ടയം കഞ്ഞികുഴിയിലെ വീട്ടില്‍ നിന്ന് തന്റെ കാലന് കുടയും പിടിച്ച് നടന്നാണ് എന്നും ജോലിചെയ്യുന്ന മനോരമ ഓഫീസിലേയ്ക്ക് അദ്ദേഹം വന്നിരുന്നത്. പരിസരം മറന്ന് പലതും ആലോചിച്ചായിരിക്കും റോഡരിക് ചേര്‍ന്നുള്ള നടത്തം എന്നതില്‍ സംശയമില്ല. അക്കാലത്ത് ഇന്നത്തെപോലെ വാഹനങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. ഓര്‍ക്കാതെ മനോരമയും കടന്ന് തിരുന്നക്കര എത്തിയിട്ട് തിരിച്ച് മനോരമയിലേക്ക് നടക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തില്‍ സംഭവിച്ച പല അനുഭവങ്ങളും ബോബനും മോളിയിലും ചിത്രീകരിക്കപ്പെട്ടു.
ജീവിതത്തില്‍ സ്വതവേ പിശുക്കനായിരുന്നു കാര്‍ട്ടൂണിസ്റ്റ് റ്റോംസ്. പണം ചിലവാക്കുന്നതില്‍ കാണിക്കുന്ന പിശുക്ക് അടുത്തറിയാവുന്നവരുടെ ചര്‍ച്ചാ വിഷയവുമാണ്. അത് പലപ്പോഴും ബോബനും മോളിയിലെ കേസില്ലാ വക്കീല്‍ വഴി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം തന്നെ അതിന് ഉദാഹരണമായി ഈ ലേഖകനോട് പറഞ്ഞത് ഇങ്ങനെ: 'എങ്ങനെ അപ്പന് ആ തീരുമാനമെടുക്കാനായി എന്നായിരുന്നു മകള്‍ പ്രിന്‍സിക്ക് സംശയം. അവളന്ന് മെഡിസിന് പഠിക്കുന്ന കാലമാണ്. എറണാകുളത്ത് മകന് പീറ്ററിന്റെ ഭാര്യ സിമിയെ ഫോണില്‍ വിളിച്ച് അവള് പറഞ്ഞു. ഒരു കാര്യമറിഞ്ഞോ? പറയട്ടെ, പറയാന്‍ പോകുവാ, തൂണേലൊന്നു മുറുക്കി പിടിച്ചോണം. അല്ലെങ്കില്‍ ബോധം കെട്ട് താഴെ വീഴും. ഇരുപത്തയ്യായിരം കൊടുത്ത് അച്ചാച്ചനൊരു എ സി മേടിച്ചു. സിമി ഫോണിലൂടെ പൊട്ടിച്ചിരിച്ചത് ഞാനും കേട്ടിരുന്നു. എ സി അന്ന് അടുത്തുള്ള വീടുകളിലൊന്നുമില്ല. അതുകൊണ്ട് ഭാര്യയ്ക്ക് ഒരു പൊങ്ങച്ചം. അടുത്തുള്ള വീട്ടിലെ കൂട്ടുകാരികളെ എ സി കാണിക്കാന്‍ മോഹം. അതിനു വേണ്ടിയാണ് വിളിച്ചു വരുത്തിയതെന്ന് അറിഞ്ഞാല്‍ മോശമല്ലേ. അതിനായി ഒരു ബര്‍ത്തഡേ സംഘടിപ്പിച്ച് എല്ലാവരേയും ക്ഷണിച്ചു. അവരൊക്കെ അണിഞ്ഞൊരുങ്ങി വന്നപ്പോള്‍ ഭാര്യ പറഞ്ഞു. ഈ മുറിയില്‍ ഭയന്നര ചുടല്ലേ...? നമുക്ക് മുകളിലത്തെ നിലയിലേക്ക് പോകാം. അവിടെയാകുമ്പോള്‍ എസിയുണ്ട്. വേണ്ടന്നേ ഇവിടെ ഫാനുണ്ടല്ലോ. അങ്ങനെ മനസില്‍ കണ്ടത് വടികുത്തി പിരിഞ്ഞു. വിഭവസമൃദ്ധമായ കാപ്പികുടി കഴിഞ്ഞ് അവരൊക്കെ വന്ന വഴിക്ക് പോയി'.
ഇതിനൊരു രസകരമായ രാണ്ടാം ഭാഗമുണ്ട്. രണ്ട് മാസത്തെ സ്ക്കൂള് അവധി സമയം. റ്റോംസ് മക്കളേയും കൂട്ടി കുട്ടനാട്ടിലെ വെളിയനാട്ടെ തറവാട്ടില്‍ പോയി രണ്ടാഴ്ച്ച കഴിയാന്‍ തീരുമാനിച്ചു. അവിടെയാണെങ്കില്‍ ചൂയിട്ട് മീന്‍ പിടിക്കാം, കുരുകില്‍ കൊട്ട കെട്ടിവെച്ച് കുരുകിലിനെ പിടിക്കാം, വള്ളത്തില്‍ തുഴഞ്ഞ് നടക്കാം. നല്ല കൊഞ്ചും കരിമീനും സുലഭം. രണ്ടാഴ്ച്ചത്തെ അവധിക്കാണ് പോയതെങ്കിലും മൂന്നാഴ്ച്ച കഴിഞ്ഞാണ് മടങ്ങിയെത്തിയത്. മടങ്ങി വന്നപ്പോള്‍ കണ്ട കാഴ്ച്ച വീട്ടിലെ ലൈറ്റും, ഫാനും എന്തിനേറെ എസിയും ഓണ്‍ ചെയ്തിട്ടിരിക്കുന്ന കാഴ്ച്ചയാണ്. അവധി ചിലവിടാന്‍ വീട് പൂട്ടി ഇറങ്ങിയപ്പോള്‍ ലൈന്‍ റിപ്പയറിങ്ങിനു വേണ്ടി കറന്റ് ഓഫ് ചെയ്തിട്ടിരിക്കുകയായിരുന്നു. ലൈന്‍ ഓഫാക്കിയിരുന്നത് കൊണ്ട് സ്വിച്ചൊക്കെ ഓഫാക്കാന്‍ മറന്നു. തുടര്‍ന്ന് വന്ന ഇലക്ട്രിസിറ്റി ബില്ല് കണ്ട് കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഞെട്ടി.
വീട്ടുചിലവ്, കറന്റ് ബില്ല്, വിരുന്നുകാരുടെ വരവ് ഒഴിവാക്കല്‍ തുടങ്ങിയവ മനസില്‍ കണ്ട് ഇത്തരത്തില്‍ വക്കീലും ഭാര്യയും മക്കളായ ബേബനേയും മോളിയേയും കൂട്ടി മറ്റ് വീടുകളില്‍ അവധി ചിലവിടാന്‍ പോകുന്നത് പല തവണ റ്റോംസ് തന്റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്. തനിക്കുണ്ടായ കറന്റ് ബില്ല് അനുഭവം അദ്ദേഹം കാര്‍ട്ടൂണിന് വിഷയമാക്കിയിട്ടുമുണ്ട്. എതാനും വര്‍ഷം മുന്‍പ് മക്കളേയും മരുമക്കളേയും ചെറുമക്കളേയും കൂട്ടി ഡല്‍ഹിയിലെ കൊണാട്ട് പ്ലേയ്സിലെ ഹോട്ടലില്‍ കയറി. എല്ലാവര്ക്കും മസാലദോശയാണ് റ്റോംസ് ഓര്‍ഡര്‍ ചെയ്തത്. അത്താഴത്തിന്റെ സമയമായതിനാല്‍ എല്ലാവരും രണ്ടാമതൊരു ദോശ കൂടി ഓര്‍ഡര്‍ ചെയ്തു. ഒടുവില്‍ ബില്ല് കണ്ട് റ്റോംസ് ഞെട്ടി. കേരളത്തില്‍ മുന്തിയ ഹോട്ടലിലെ മസാലദോശയുടെ മൂന്നിരട്ടി വില. നാട്ടിലെ ദോശയുടെ വില കണക്കാക്കിയാണ് താനത് ഓര്‍ഡര്‍ ചെയ്തതെന്ന് തൊട്ട് പിറ്റേന്ന് ലേഖകനോട് പരിഭവം പറയുകയും ചെയ്തു. പിന്നീട് ഈ സംഭവം കാര്ട്ടൂണിലായോ എന്നറിയില്ല.
2007ല്‍ കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എന്ന നിലയില്‍ ഒരു ദിവസം അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു, ബോബനും മോളിക്കും എത്ര വയസായി? അദ്ദേഹം പറഞ്ഞു ബേബനും മോളിയും വരച്ചു തുടങ്ങിയിട്ട് വര്‍ഷം 53 ആകുന്നു. പക്ഷെ അവര്‍ വളരാതെ കുട്ടികളായിരിക്കാനാണ് എനിക്കിഷ്ടം. അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ചത് ആരും അറിഞ്ഞില്ലല്ലോ എന്നത് ഞെട്ടലുണ്ടാക്കി. അങ്ങനെയാണ് ഡല്‍ഹിയില്‍ ബോബനും മോളിയുടേയും അന്‍പത് വര്‍ഷം ആഘോഷിക്കാന്‍ തീരുമാനിക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം എറണാകുളം പ്രസ്സ്ക്ലബ്ബില്‍ വെച്ച് സ്വീകരിച്ച ശേഷം ടോംസ് അത് ഉപേക്ഷിച്ച് പോയ ഒരു സംഭവനം നടന്നിരുന്നു. തന്റെ അയല്‍ക്കാരായ കുസൃതി കുട്ടികളാണ് ബോബനും മോളിയുമെന്ന് പലപ്പോഴും റ്റോംസ് പറയുമായിരുന്നു എങ്കിലും ഒരിക്കലും അവര്‍ തിരശ്ശീലയ്ക്ക് മുന്നില്‍ വന്നിട്ടില്ല. ആലുവയില്‍ പെന്‍ ബുക്സില്‍ കൂടെ ജോലിചെയ്തിരുന്ന ലാലി അലക്സസിന്റെ ഭര്‍ത്താവാണ് യഥാര്‍ഥ ബോബനെന്ന് കാര്‍ട്ടൂണിസ്റ്റ് കൂടിയായ സുരേഷ് പറഞ്ഞത് ഓര്‍ത്തെടുത്തു. അങ്ങനെ ദുബായില്‍ ബിസിനസ്സുകാരനായ അലക്സ് എന്ന ബോബനേയും, അതു വഴി ആലപ്പുഴയില്‍ താമസിക്കുന്ന സഹോദരി മോളിയേയും കണ്ടെത്തി.
യഥാര്‍ഥ ബോബനേയും മോളിയേയും ആദ്യമായി അങ്ങിനെ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ നടന്ന ബോബനും മോളി കാര്‍ട്ടൂണിന്റെ അന്‍പത് വര്‍ഷ ആഘോഷ ചടങ്ങില്‍ പങ്കെടുപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി കേന്ദ്രമന്ത്രി വയലാര്‍ രവി, റ്റോംസിന്റെ വക്കീലായിരുന്ന ഡോ. സെബാസ്റ്റിന് പോള്‍ തുടങ്ങി ഒട്ടേറെ പേര് ചടങ്ങില്‍ പങ്കെടുത്തു. ആ ചടങ്ങിന്റെ സ്വാഗതപ്രസംഗത്തിലായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം തിരിച്ച് വാങ്ങണമെന്ന് പരസ്യമായി അക്കാദമി സെക്രട്ടറി എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുന്നതും ചടങ്ങില്‍ വെച്ച് തന്നെ പരസ്യമായി അദ്ദേഹം വിശിഷ്ടാംഗത്വം തിരിച്ചെടുക്കാമെന്ന് സമ്മതിക്കുന്നതും. തൊട്ടടുത്ത മാസം തേക്കടിയില്‍ നടന്ന ചടങ്ങില്‍ റ്റോംസ് വിശിഷ്ടാംഗത്വം തിരികെ സ്വീകരിച്ചു.
എറണാകുളം ബിടിഎച്ചില്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചടങ്ങില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് തന്റെ 84-ാം പിറന്നാളിന്റെ കാര്യം റ്റോംസ് പറയുന്നത്. ആഘോഷമൊന്നും ഇല്ലേ എന്ന ചോദ്യത്തിന് എന്ത് ആഘോഷം എന്നായിരുന്നു മറുപടി. എന്തായാലും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കോട്ടയം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ അതിവിപുലമായി ആയിരം പൂര്ണ്ണചന്ദ്രന്മാരെ കണ്ടതിന്റെ ആഘോഷം നടത്തി. ഏറെ സന്തോഷവാനായിരുന്നു റ്റോസ്. ആത്മകഥ എഴുതുന്ന തീരുമാനം എടുക്കുന്നത് അവിടെ വെച്ചാണ്. സ്വന്തം വലിപ്പം അറിയാതിരുന്ന മഹാനായ കാര്‍ട്ടൂണിസ്റ്റായിരുന്നു റ്റോംസ്. ബോബന്റെയും മോളിയുടേയും അന്‍പത് വര്‍ഷവും, തന്റെ 84-ാം പിറന്നാളും മനസില്‍ മാത്രം കൊണ്ടുനടന്ന വ്യക്തി. പ്രശസ്തി തേടി അദ്ദേഹം എങ്ങും പോയിരല്ല. അതിനായി ആരേയും പ്രീതിപ്പെടുത്തിയിരുന്നുമില്ല.
2015 സെപ്തംബര്‍ മാസം കേരളത്തില്‍ വന്നപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് സാര്‍ സുഖമില്ലാതെ ആസ്പത്രിയിലാണെന്നറിഞ്ഞു. കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ കയറി ചെന്നപ്പോള്‍ ക്ഷീണിതനായിരുന്നു. എന്നാലും താത്പര്യപൂര്‍വ്വം സംസാരം തുടങ്ങി. ആത്മകഥയെകുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. എഴുതി പൂര്‍ത്തിയാക്കി പുസ്തകരൂപത്തിലാക്കാന് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുസ്തകം കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍കൈ എടുത്ത് പ്രകാശിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ബേബനെയും മോളിയെയും അടുത്തറിയുന്ന മമ്മുട്ടിയാണ് പ്രകാശനം നടത്താന്‍ യോഗ്യന്‍ എന്ന് പറഞ്ഞ റ്റോംസ് മമ്മുട്ടിക്കും തന്നെപോലെ വള്ളം തുഴയാന്‍ അറിയാമെന്ന് കൂട്ടിചേര്‍ത്തു.
റ്റോംസ് സാറിന്റെ ആഗ്രഹം സാധിക്കുക എന്ന ഉദ്ദേശത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഇടപെട്ട് പുസ്തക പ്രകാശന ചടങ്ങ് കോട്ടയത്ത് പ്രസ്സ് ക്ലബില്‍ നടത്തുവാന്‍ തീരുമാനിച്ചു. റ്റോംസിന്റെ ആഗ്രഹം നടന് മമ്മുട്ടിയെ അറിയിച്ചു. റ്റോംസിന്റെ ആത്മകഥാ പ്രകാശനം മമ്മുട്ടി നിര്‍വ്വഹിക്കുന്ന അവസരത്തില്‍ കോട്ടയത്തെ ദേവലോകത്തെ വീട്ടില്‍ ആരേയും തിരിച്ചറിയാതെ, സംസാരശേഷി നഷ്ടപ്പെട്ട് ബോധമില്ലാതെ കിടപ്പിലായിരുന്നു കാര്‍ട്ടൂണിസ്റ്റ് റ്റോംസ്.
(കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയാണ് ലേഖകന്‍)
റ്റോംസിന്റെ പുസ്തകങ്ങള്‍ വാങ്ങാം