ആലപ്പുഴ: 'മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്' പദ്ധതിയോടനുബന്ധിച്ചുള്ള സമഗ്ര മെഡിക്കല്‍ സര്‍വേയ്ക്ക് തുടക്കമായി. വിദഗ്ദ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി രംഗത്തിറങ്ങിയിരിക്കുന്നത്. സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടനാടിനുവേണ്ട ആരോഗ്യ പദ്ധതി നിശ്ചയിക്കും.

ഇതോടെ മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളല്‍ കഴിയുന്ന അരക്ഷത്തിലേറെ പേര്‍ക്കാണ് മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ് പദ്ധതിയുടെ കീഴില്‍ ഭക്ഷണം, വസ്ത്രം, കുടിവെള്ളം പോലുള്ള അവശ്യ സാധനങ്ങള്‍ എത്തിച്ചത്. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി യാളുകളാണ് പദ്ധതിയിലൂടെ കുട്ടനാടിന് വേണ്ടി സഹായങ്ങളെത്തിച്ചത്. വിവിധ മാതൃഭൂമി യൂണിറ്റുകള്‍ വഴി ശേഖരിച്ച സഹായങ്ങള്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് മാതൃഭൂമി സംഘം നേരിട്ടെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊടൊപ്പമാണ് ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിടുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാറാണ് പരിപാടി ഏകോപിപ്പിക്കുന്നത്. കോഴിക്കോട്ട് പടര്‍ന്നുപിടിച്ച നിപ വൈറസ് രോഗം കണ്ടെത്തിയ ഡോ. എ.എസ്. അനൂപ് കുമാര്‍, നിപ വൈറസ് കണ്ടെത്തിയ ടീമിലുണ്ടായിരുന്ന ഡോ. ഗംഗ പ്രസാദ്, കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതന്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ 23 വിദ്യാര്‍ഥികളും, 15 മാതൃഭൂമി പ്രതിനിധികളും സര്‍വേ സംഘത്തിലുണ്ട്. നാല് സംഘങ്ങളായാണ് സര്‍വേ നടത്തുന്നത്.