ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതബാധിതർക്ക് സഹായങ്ങളുമായി വിദ്യാലയങ്ങളുടെ വരവ് തുടരുന്നു. ആലപ്പുഴ പഴവങ്ങാടി സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ, വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂൾ, ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് ചൊവ്വാഴ്ച സഹായങ്ങൾ ആലപ്പുഴ മാതൃഭൂമി ഓഫീസിലെത്തിച്ചത്.

മാതൃഭൂമി ‘കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുമായി ചേർന്നാണ് വിദ്യാലയങ്ങൾ സഹായം നൽകുന്നത്. ഒരു ചാക്ക് അരിയും കുടിവെള്ളവുമാണ് സെന്റ് ആന്റണീസ് എൽ.പി.സ്കൂളിൽനിന്ന് എത്തിച്ചത്.

പ്രഥമാധ്യാപിക റോസമ്മ ജോസ്, സീനിയർ അധ്യാപിക ആൻസി ജേക്കബ്, പി.ടി.എ.പ്രസിഡന്റ് ജോൺ ടി.മാത്യു, പി.ടി.എ. അംഗങ്ങളായ ബി.അനീഷ്, ജോർജ് പള്ളിപ്പാടൻ എന്നിവർക്കൊപ്പമാണ് കുട്ടികളെത്തിയത്.

20 കുടുംബങ്ങൾക്കായി തുണിസഞ്ചികളിലാക്കിയ ബ്ലീച്ചിങ് പൗഡർ, സോപ്പ് ഉൾപ്പെടെയുള്ള എട്ട് സാധനങ്ങളും ആഹാരസാധനങ്ങളുമാണ് വട്ടയാൽ സെന്റ് മേരീസ് ഹൈസ്കൂളിൽനിന്ന് കൊണ്ടുവന്നത്. പ്രഥമാധ്യാപകൻ റോമിയോ കെ.ജെയിംസ്, അധ്യാപരായ അമ്പിളി അഗസ്റ്റിൻ, സെൽമാ ഫെർണാണ്ടോ എന്നിവരും വിദ്യാർഥി പ്രതിനിധികളായ എസ്.ആതിര, എച്ച്.തമീം, രാഹുൽ, സെബിൻ പി.മെൽബിൻ എന്നിവരും ചേർന്നാണ് സഹായം മാതൃഭൂമി ഓഫീസിലെത്തിച്ചത്.

500 പേസ്റ്റ്, 250 സോപ്പ്, 300 അലക്കുസോപ്പ്, 150 ബ്രഷ്, 100 പാക്കറ്റ് എണ്ണ, ലോഷൻ, ഡെറ്റോൾ, സോപ്പുപൊടി എന്നിവയാണ് സെൻറ്് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എത്തിച്ചത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമാഹരിച്ചതാണിത്.

സ്കൂൾ സീഡ് കോ ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി അഗസ്റ്റിൻ, അധ്യാപകരായ റോസ്‌മേരി ഫ്രാൻസിസ്, ജെസി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായങ്ങൾ മാതൃഭൂമി ഓഫീസിലെത്തിച്ചത്.