ആലപ്പുഴ: ‘മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഞായറാഴ്ച തുടക്കമാകും. ഇതിന്റെ ഭാഗമായി വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന സംഘം കുട്ടനാട്ടിൽ സമഗ്ര ആരോഗ്യ സർവേ നടത്തും. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടനാടിനു വേണ്ട ആരോഗ്യ പദ്ധതി നിശ്ചയിക്കും.

ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാറാണ് പരിപാടി ഏകോപിപ്പിക്കുന്നത്. കോഴിക്കോട്ട് പടർന്നുപിടിച്ച നിപ വൈറസ് രോഗം കണ്ടെത്തിയ ഡോ. എ.എസ്. അനൂപ് കുമാർ, നിപ വൈറസ് കണ്ടെത്തിയ ടീമിലുണ്ടായിരുന്ന ഡോ. ഗംഗ പ്രസാദ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതൻ എന്നിവർ സംഘത്തെ നയിക്കും. നാലു ‍ടീമായി പോകുന്ന സംഘത്തിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർഥികളും പങ്കെടുക്കും.

ഡോ. എ.എസ്. അനൂപ് കുമാർ

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി. കോഴിക്കോട് നിപ വൈറസ് ബാധ കണ്ടെത്തിയത് അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഡോ. ഗംഗാ പ്രസാദ്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലെ കൺസൾട്ടന്റ്. നിപ വൈറസ് കണ്ടെത്തിയ ടീമംഗം. നിപ വൈറസ് ബാധ ഇല്ലാതാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി അഭിനന്ദിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തിരുവല്ല സ്വദേശിയാണ്.

ഡോ. ബി. പദ്മകുമാർ

ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറാണ്. കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. നേടി. ചിക്കുൻഗുനിയയിലും ഡെങ്കിപ്പനിയിലുമാണ് ഗവേഷണം. 2010-ൽ സംസ്ഥാനസർക്കാർ മികച്ച ഡോക്ടറായി തിരഞ്ഞെടുത്തു. ചെന്നൈയിൽ ദുരിതാശ്വാസമെത്തിക്കാൻ ‘മാതൃഭൂമി ചെന്നൈയ്ക്കൊരു കൈത്താങ്ങി’ൽ അംഗമായിരുന്നു

.ഡോ. സാബു സുഗതൻ

കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആലപ്പുഴ ജില്ലാ പ്രസിഡന്റ്. കെ.ജി.എം.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി, എത്തിക്സ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. മാന്നാർ ഗവ. ആശുപത്രി സൂപ്രണ്ടാണ്.