തൃശ്ശൂർ: സഹജീവികളുടെ ദുരിതത്തിൽ കൈത്താങ്ങ് നൽകേണ്ടത് തങ്ങളുടെ കടമയാണെന്ന്‌ ആഹ്വാനം ചെയ്ത് അവർ ബുള്ളറ്റിലെത്തി. മാതൃഭൂമിയുടെ ‘കുട്ടനാടിന് ഒരു കൈത്താങ്ങി’ന് പിന്തുണയുമായി ചെറുപ്പക്കാരുടെ സംഘമെത്തിയപ്പോൾ അത് കർത്തവ്യബോധത്തിന് ഉദാഹരണമായി.

തൃശ്ശൂർ സെന്റ് തോമസ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം വർഷങ്ങളായി നടത്തിവരുന്ന സൃഷ്ടി ടെക്‌നോകൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമാണ് ബുള്ളറ്റ് റാലി. ഇക്കുറി 16, 17 തീയതികളിൽ നടക്കുന്ന സൃഷ്ടി 1.8-നു മുന്നോടിയായി പതിവുപോലെ റാലിക്കൊരുങ്ങി. എന്നാൽ, നാട്ടിൽ മഴ ദുരിതംതീർക്കുമ്പോൾ വേദനിക്കുന്നവർക്ക് ആശ്വാസം പകരാനും ഈയവസരം ഉപയോഗിക്കാമെന്ന് അവർ തീരുമാനിച്ചു.

അങ്ങനെയാണ് ‘കുട്ടനാടിന് ഒരു കൈത്താങ്ങി’ലേക്കെത്തിയത്. 25-ഓളം ബുള്ളറ്റുകളിൽ സ്വരാജ് റൗണ്ട് ചുറ്റി വന്ന സംഘം തൃശ്ശൂർ മാതൃഭൂമി ഓഫീസിൽ അവശ്യസാധനങ്ങളെത്തിച്ചു. അരി, പയർ, വെള്ളം, ഉപ്പ് എന്നിവ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രതിനിധികൾ മാതൃഭൂമി മീഡിയ സൊല്യൂഷൻസ്(പ്രിന്റ്) മാനേജർ വിനോദ് നാരായണിന് കൈമാറി. കമ്പ്യൂട്ടർ സയൻസ് വകുപ്പുമേധാവി ജിജു എ.മാത്യു, അധ്യാപകരായ ഡോ.ഫാ. അനിൽ ജോർജ്‌, സുനിൽ സണ്ണി, സീനിയർ സൂപ്രണ്ട് സി.സി. ജോയ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ എം.ബി. നവീൻ തുടങ്ങിയവർ പങ്കെടുത്തു. ‘ടാഗ്‌സ് ബൈക്ക്‌സ്’ എന്ന റൈഡേഴ്‌സ് ക്ലബ്ബംഗങ്ങളുമൊത്താണ് വിദ്യാർഥികൾ എത്തിയത്.