ഉമ്മന്‍ചാണ്ടിയടക്കം 14 പേര്‍ കേസില്‍
ആര്യാടന്‍, തിരുവഞ്ചൂര്‍ എന്നിവരും കുരുക്കില്‍
ഡി.ജി.പി. ഹേമചന്ദ്രനെ മാറ്റി

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള യു.ഡി.എഫ്. നേതാക്കളുടെ പേരില്‍ ബലാത്സംഗത്തിനുള്‍പ്പെടെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ പേരിലും കേസെടുക്കും. ഇവരുടെ പേരില്‍ വിജിലന്‍സും പ്രത്യേക പോലീസും അന്വേഷണം നടത്തും.  
സരിത എസ്. നായരുടെ കത്തില്‍ പരാമര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടിയടക്കമുള്ള 14 ആളുകളുടെ പേരില്‍ അഴിമതിക്കും ബലാത്സംഗത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലെ പ്രമുഖരടങ്ങിയ നീണ്ടനിരയെ സര്‍ക്കാര്‍ നിയമക്കുരുക്കിലാക്കിയത്. 
അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടിയ ശേഷമായിരുന്നു നടപടി. സോളാര്‍ കേസ് വിവാദമായതോടെ 2013 ഒക്ടോബര്‍ 18-നാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിനും സാക്ഷിവിസ്താരത്തിനും ഒടുവില്‍ കഴിഞ്ഞമാസം 26-ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. 
കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചെങ്കിലും അതിലെ വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ചു. നിയമോപദേശം ലഭിച്ചശേഷം വേങ്ങര ഉപതിരഞ്ഞെടുപ്പുദിവസമായ ബുധനാഴ്ച റിപ്പോര്‍ട്ടും അതിലുള്ള നടപടിയും പുറത്തുവിടുകയായിരുന്നു. റിപ്പോര്‍ട്ടും നടപടികളും ആറുമാസത്തിനകം നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

കടുത്ത പ്രയോഗങ്ങള്‍
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പലര്‍ക്കുമെതിരേ കടുത്തപ്രയോഗങ്ങളുണ്ട്. ലൈംഗികസംതൃപ്തിക്കായി ഉപയോഗിച്ചു എന്ന പദമല്ല, അതിലും കടുത്ത പ്രയോഗങ്ങളുണ്ട്. അവ പറയുന്നില്ല
-പിണറായി വിജയന്‍

എനിക്കു ഭയമില്ലഎനിക്കൊട്ടും ഭയമില്ല, ഏതന്വേഷണവും വരട്ടെ. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണ്. സത്യം എന്നായാലും തെളിയും. അപ്പോള്‍ തിരിച്ചടി സി.പി.എമ്മിനും സര്‍ക്കാരിനുമായിരിക്കും.
 -ഉമ്മന്‍ചാണ്ടി

സര്‍ക്കാര്‍ നടപടികള്‍
 ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ കുത്സിതശ്രമം നടത്തിയതിന് പ്രത്യേകാന്വേഷണ സംഘത്തലവനും ഇപ്പോള്‍ ഡി.ജി.പി.യുമായ എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് നീക്കി. കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായാണ് നിയമനം.
 ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതിന് എ.ഡി.ജി.പി. കെ. പദ്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡി.സ്ഥാനത്തേക്ക് മാറ്റി.
 കെ. പദ്മകുമാര്‍, ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണന്‍ എന്നീ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത് അന്വേഷിക്കും.  
 എ. ഹേമചന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യേകസംഘം അന്വേഷിക്കും.
 ക്രിമിനല്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ എം.എല്‍.എ മാരായ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കും.
 ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജോസഫ്, ഗണ്‍മാന്‍ സലിംരാജ് എന്നിവര്‍ക്കെതിരേ കേസും തുടരന്വേഷണവും.  
 കേരള പോലീസ് അസോസിയേഷന്‍  ജനറല്‍സെക്രട്ടറി ജി.ആര്‍. അജിത്തിനെതിരേ വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും.

പോലീസ് നടപടികള്‍ വേഗത്തിലാകും
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ വേഗത്തിലാകും. ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
സരിത, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയാവും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണം നടക്കുക. കമ്മിഷന്‍ ശുപാര്‍ശപ്രകാരമുള്ള വിജിലന്‍സ് അന്വേഷണവും ഇതിനു സമാന്തരമായി നടക്കും.