തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുള്ള ഡി.ജി.പി. എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി. പദ്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഈ മൂന്നുപേര്‍ക്കുമെതിരേ  നടപടി സ്വീകരിക്കാന്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 
സരിത, മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞവര്‍ഷം ജൂലായ് 25-ന്  നല്‍കിയ പരാതി ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നു. ഈ പരാതി പുതുതായി രൂപവത്കരിച്ച അന്വേഷണസംഘത്തിന്  കൈമാറും.
 പോലീസില്‍ വലിയമാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്നതാണ് ഉന്നത  പോലീസുദ്യോഗസ്ഥര്‍ക്കെതിരായ കമ്മിഷന്‍ കണ്ടെത്തലുകള്‍. കേരളത്തില്‍ ഇത്രയധികം പോലീസുദ്യോഗസ്ഥര്‍ ഇതിനുമുമ്പ് ക്രിമിനല്‍ക്കേസില്‍ പ്രതിയായത് രാജന്‍കേസിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ശക്തനായിരുന്ന ഹേമചന്ദ്രനെ ഇപ്പോള്‍  കെ.എസ്.ആര്‍.ടി.സി.യിലേക്ക് നിയോഗിച്ചത് ഫലത്തില്‍ തരംതാഴ്ത്തലിന്  തുല്യമാണ്. ഡി.ജി.പി. റാങ്കുകാര്‍ക്ക് ഒരിക്കലും നല്‍കാത്ത പദവിയാണിത്. പോലീസില്‍ ഐ.ജി. റാങ്കിലുള്ളവര്‍ മാത്രമാണ് ഇതിനുമുമ്പ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യായിട്ടുള്ളത്.  
തന്റെ അശ്ലീലദൃശ്യങ്ങള്‍ പുറത്തുവിട്ടത് എ.ഡി.ജി.പി. പത്മകുമാറാണെന്നാണ് സരിതയുടെ കത്തിലെ ആരോപണം. കത്തില്‍ പരാമര്‍ശമുള്ളവരുടെ പേരില്‍ ക്രിമിനല്‍ക്കേസെടുക്കണമെന്ന അന്വേഷണകമ്മിഷന്‍ ശുപാര്‍ശപ്രകാരം പത്മകുമാര്‍ പീഡനക്കേസില്‍ പ്രതിയാകാനും സാധ്യതയുണ്ട്. പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡി.യാക്കി മാറ്റിയിട്ടുണ്ട്. 
തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാറിനെതിരേ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡിവൈ.എസ്.പി.  ഹരികൃഷ്ണനെതിരെയും നടപടിയുണ്ടാകും. ഇദ്ദേഹം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഈയിടെയാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സോളാര്‍ അന്വേഷണസംഘത്തിലെ എസ്.പി.മാരായിരുന്ന റെജി ജേക്കബിനെ 'കെപ' അസിസ്റ്റന്റ് ഡയറക്ടറായും ജി. അജിത്തിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്കും മാറ്റി. ഡിവൈ.എസ്.പി.മാരായ കെ. സുദര്‍ശനെയും ജെയ്സണ്‍ ജോസഫിനെയും എസ്.ഐ. ബിജു ലൂക്കോസിനെയും കാസര്‍?കോട്ടേക്കും സി.ഐ. ബി. റോയിയെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കും മാറ്റി.  
ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ചാണ്ടിയെ  രക്ഷിച്ചുവെന്നാണ് സോളാര്‍കമ്മിഷന്റെ വിലയിരുത്തല്‍. അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പല വിവരവും മറച്ചുെവച്ചുവെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിക്ക് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ഇവരെല്ലാം ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ നേരിടേണ്ടിവരും.
 

അഴിച്ചുപണി വരും
പുതിയ സാഹചര്യത്തില്‍ കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി വരും. വിജിലന്‍സ് ഡയറക്ടറായി പുതിയ ആളെ ഉടന്‍ നിയമിക്കും. ഡല്‍ഹിയില്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ കഴിയുന്ന അസ്താന മടങ്ങിവരുന്നില്ലെങ്കില്‍ ഡി.ജി.പി. റാങ്കുള്ള ശ്രീലേഖയ്ക്കാണ് കൂടുതല്‍ സാധ്യത. 
ക്രൈംബ്രാഞ്ചിലും പുതിയ തലവന്‍ വരും. സര്‍ക്കാരിന് പ്രിയങ്കരനായ  ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി വീണ്ടും പ്രധാനപദവികളിലൊന്നില്‍ നിയമിതനായേക്കും.