തലശ്ശേരി: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്.നായര്‍ക്കെതിരേ അന്വേഷണത്തിനു തുടക്കമിട്ടത് തലശ്ശേരി പോലീസ്. തലശ്ശേരിയിലെ അഞ്ചു ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 
 തട്ടിപ്പുനടത്തിയത് ലക്ഷ്മി നായര്‍ എന്ന സ്ത്രീയാണെന്നായിരുന്നു പരാതിക്കാര്‍ നല്‍കിയ വിവരം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുനടത്തിയത് സരിത എസ്.നായരാണെന്നു കണ്ടെത്തിയത്. അന്നത്തെ തലശ്ശേരി എസ്.ഐ. ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
 തട്ടിപ്പുകേസില്‍ സരിതയെ പിടികൂടാന്‍ തലശ്ശേരിയില്‍നിന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. അന്വേഷണസംഘം എത്തുന്നതിനു മുന്‍പ് സരിത രക്ഷപ്പെട്ടു. തലശ്ശേരിയില്‍നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തിയ ദിവസം വൈകീട്ട് സരിതയെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. ഇതോടെ തലശ്ശേരി പോലീസിനോട് തലശ്ശേരിയിലേക്കു മടങ്ങാന്‍ നിര്‍ദേശം ലഭിച്ചു. 
 തലശ്ശേരി പോലീസ് സരിതയെ പിടികൂടുന്നത് ഉന്നതര്‍ ഇടപെട്ട് ഒഴിവാക്കിയതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമായതിനുശേഷം തലശ്ശേരിയില്‍നിന്ന് സരിതയെ പിടികൂടാന്‍ പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലനടപടിയുണ്ടായി. വിവരം ചോര്‍ത്തിയെന്നാരോപിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കിയപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എസ്.ഐ.ക്കെതിരെ നടപടിക്ക് നീക്കമുണ്ടാകുമ്പോഴേക്കും എസ്.ഐ. എന്‍.ഐ.എ.യിലേക്ക് മടങ്ങി.
  നടപടിക്കു വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ വീണ്ടും സര്‍വീസിലെത്തി. എസ്.ഐ. ഇപ്പോള്‍ ക്രൈംബ്രാഞ്ചിലാണ്. ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി കോടതിയില്‍ നടപടി തുടരുകയാണ്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും. അഞ്ച് ചെക്ക് തട്ടിപ്പുകേസും മൂന്ന് പോലീസ് കേസുമാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരേ തലശ്ശേരി കോടതിയിലുള്ളത്. അഞ്ച് ഡോക്ടര്‍മാരില്‍നിന്നായി രണ്ടുലക്ഷം രൂപവീതം വാങ്ങി വഞ്ചിച്ചുവെന്നാണ്   പരാതി. പിന്നീട് ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി. അതില്‍ ഒരുലക്ഷം രൂപവീതം തിരിച്ചുനല്‍കുകയുണ്ടായി. ഡോക്ടര്‍മാരായ ശ്യാം മോഹന്‍, അനൂപ് കോശി, മനോജ്കുമാര്‍, അഭിലാഷ് ആന്റണി, സുനില്‍കുമാര്‍ എന്നിവരെ സോളാര്‍പാനല്‍ സ്ഥാപിക്കാമെന്നുപറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്നാണ് കേസ്.