തിരുവനന്തപുരം: കേരളരാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും അകപ്പെട്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അഭിമുഖീകരിക്കുന്നത്. ഒറ്റതിരിഞ്ഞ്  നേതാക്കളുടെ പേരില്‍ അഴിമതിയും  ലൈംഗികാരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു പാര്‍ട്ടിയുടെ സംസ്ഥാനനേതൃനിര ഏതാണ്ടൊന്നാകെ ഇത്തരം കേസിലേക്ക് നീങ്ങുന്ന അസാധാരണ സ്ഥിതിവിശേഷം ഇതാദ്യം. മറുമരുന്ന് എന്തെന്നുപോലും കൃത്യമായ ഉത്തരം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. 
നിയമപരമായും രാഷ്ട്രീയമായും വലിയ പ്രതിരോധംതീര്‍ക്കുക മാത്രമാണ് നേതൃത്വത്തിന് മുമ്പിലുള്ള വഴി. സോളാര്‍ ടീമില്‍നിന്ന്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണത്തില്‍ വരുന്ന വിജിലന്‍സ് അന്വേഷണം നേതാക്കള്‍ക്ക് നിയമപരമായി നേരിടാനാകും. പ്രത്യേകിച്ചും, പണം കൈപ്പറ്റിയെന്നും അതിനുതക്ക പ്രത്യുപകാരം അവര്‍ക്ക് ചെയ്തുകൊടുത്തെന്നും മറ്റും തെളിയിക്കുക എളുപ്പമല്ലാത്ത സാഹചര്യത്തില്‍.
എന്നാല്‍, ബലാത്സംഗക്കേസ് നേരിടുക അത്ര എളുപ്പമല്ല. അറസ്റ്റുവരെയുണ്ടാകാം. ഇത്തരം കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ല. ഇരയുടെ വിശ്വാസ്യതയുംമറ്റും ചോദ്യംചെയ്ത് ഇത്തരം നടപടിയെ തടുക്കാനുള്ള നിയമനടപടിയായിരിക്കും നേതാക്കള്‍ തേടുക. സര്‍ക്കാര്‍, പ്രതിപക്ഷത്തെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന രാഷ്ട്രീയപ്രതിരോധവും തീര്‍ക്കും. സര്‍ക്കാര്‍ നടപടിക്കെതിരേ എ.കെ.ആന്റണിയടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നത് ശ്രദ്ധേയമാണ്. 
കോണ്‍ഗ്രസ് ദുര്‍ബലമാകുന്നത് യു.ഡി.എഫിനെയും ദോഷകരമായി ബാധിക്കും. കേരളാകോണ്‍ഗ്രസ് മുന്നണി വിട്ടതിന്റെ ക്ഷീണത്തില്‍നിന്ന് കരകയറാതെ നില്‍ക്കുന്ന യു.ഡി.എഫിന് കൂടുതല്‍ കക്ഷികള്‍ കൂടൊഴിയുന്നത് ചിന്തിക്കാന്‍പോലുമാകില്ല.
സോളാര്‍ കമ്മിഷന്‍ കണ്ടെത്തിയ അഴിമതിയും മറ്റാരോപണങ്ങളും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിയായിരിക്കാം. എന്നാല്‍, കോടതിവഴി ഇക്കാര്യത്തില്‍ തീര്‍പ്പാകുന്നതുവരെയുള്ള കാലമാണ് രാഷ്ട്രീയത്തിലെ നഷ്ടം. അതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. 
ഇക്കാര്യത്തിലുള്ള അന്വേഷണവും കോടതി നടപടികളും തരണം ചെയ്യാന്‍ വലിയ സംഘടനാബലവും ഇച്ഛാശക്തിയും വേണം. പ്രായോഗികരാഷ്ട്രീയത്തില്‍ കേസ് പരമാവധി നീട്ടുകയാണ് ഭരണപക്ഷത്തിന് നേട്ടം. അതുവരെ ആരോപണത്തിന്റെ നിഴലില്‍ പ്രതിപക്ഷത്തെ അവര്‍ക്ക് നിര്‍ത്താനാകും. 
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റായി പരിഗണനയിലിരിക്കുന്നവരില്‍ പ്രധാനിയാണ് ഉമ്മന്‍ ചാണ്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി െബഹനാന്‍ എന്നിവരും പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഈ പേരുകളെല്ലാം അപ്രസക്തമായി. പ്രസിഡന്റിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ എ ഗ്രൂപ്പിന് വേണ്ടത്ര സമ്മര്‍ദംചെലുത്താന്‍ പോലുമാകാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. 
ആയുധം പ്രതിപക്ഷത്തിനെതിരേ തിരിച്ചുവിട്ടതോടെ മന്ത്രി  തോമസ് ചാണ്ടിയുടെ രാജിയടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ അല്പം തിരിക്കാന്‍ ഭരണമുന്നണിക്കായി. ബി.ജെ.പി.യെ ഒരു വശത്ത് കര്‍ക്കശമായി നേരിടുന്നതുപോലെ പ്രതിപക്ഷത്തെയും ശക്തമായി നേരിടുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് താനെന്നുവരുത്താന്‍ പിണറായി വിജയനെ ഈ നടപടികള്‍ സഹായിക്കും. 
വേങ്ങര തിരഞ്ഞെടുപ്പുദിവസംതന്നെ ഇതിനായി തിരഞ്ഞെടുത്തതും യാദൃച്ഛികമാകില്ല. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം വി.എസ്. അച്യുതാനന്ദന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിന് പിണറായി വിജയന്റെ മധുരപ്രതികാരമായും ഇതിനെ കാണാം.