അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. ക്രിമിനല്‍ നടപടി ക്രമത്തിലാകട്ടെ, അഴിമതി 
നിരോധന നിയമത്തിലാകട്ടെ അത്തരം പ്രതിബന്ധങ്ങളില്ല

പൊതുപ്രാധാന്യമുള്ള സവിശേഷ വിഷയങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനുകളെ നിയമിക്കാനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. 1952-ലെ അന്വേഷണകമ്മിഷന്‍ നിയമത്തിലെ 3(1) വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ചില പ്രത്യേക വിഷയങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനെ നിയോഗിച്ചത് ഈ നിയമമനുസരിച്ചാണ്. നിയമത്തിലെ  വ്യവസ്ഥകള്‍ അന്വേഷണസംബന്ധമായ കാര്യങ്ങളില്‍ കമ്മിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനുള്ളവയാണ്.
സാക്ഷികളെ വിളിച്ചുവരുത്താനും സത്യവാങ്മൂലങ്ങളും തെളിവുകളും സ്വീകരിക്കാനും മറ്റുമുള്ള അധികാരം ഒരു സിവില്‍ കോടതിയുടേതിന് തുല്യമാണ്. ഇതുപക്ഷേ, നടപടിക്രമം സംബന്ധിച്ച അധികാരം മാത്രമാണ്.
 അന്വേഷണ ഉത്തരവില്‍ തെറ്റില്ല
കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അത് സഭയുടെ മേശപ്പുറത്ത് വെച്ചിട്ടില്ല. സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പുതന്നെ കുറ്റാരോപിതര്‍ക്കെതിരേ കേസന്വേഷണത്തിന് ഉത്തരവിട്ടത് ശരിയാണോ എന്നതാണ് ഒരു ചോദ്യം. ഇതില്‍ നിയമപരമായി ഒരു തെറ്റുമില്ല. അന്വേഷണകമ്മിഷന്‍ നിയമത്തിലെ 3(4) വകുപ്പനുസരിച്ച്, കമ്മിഷന്‍ റിപ്പോര്‍ട്ടും അതിന്റെയടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന െമമ്മോറാണ്ടവും കൂടി ആറുമാസത്തിനകം സഭയുടെ മേശപ്പുറത്തുവെക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നാണ് പറയുന്നത്.  സഭയില്‍ വെക്കുന്നതിനുമുമ്പുതന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതില്‍ തെറ്റില്ല. മാത്രമല്ല, അങ്ങനെയാണ്  ചെയ്യേണ്ടത് എന്ന് ഈ വകുപ്പില്‍നിന്ന് വ്യക്തമാകും. പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെ അവഗണിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യാറുണ്ട്. സഭയില്‍വെച്ച് ചര്‍ച്ച  നടത്തിയതിനുശേഷംമാത്രമേ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെമേല്‍ നടപടി പാടുള്ളൂ എന്ന വാദത്തിന് നിയമപരമായ അടിത്തറയില്ല.
 അഴിമതിക്കുറ്റം
അഴിമതിക്കുറ്റം സംബന്ധിച്ച നിര്‍വചനമാണ് ഉന്നയിക്കപ്പെട്ട മറ്റൊരു വിഷയം. 1988-ലെ അഴിമതിനിരോധന നിയമത്തിലെ 13(1)(ഡി), 13(2) വകുപ്പുകളനുസരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ, അല്ലെങ്കില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ഒരാള്‍ തനിക്കോ  മറ്റുള്ളവര്‍ക്കോ സാമ്പത്തികനേട്ടമുണ്ടാക്കുന്നതും വിലപ്പെട്ടതെന്തെങ്കിലും കൈക്കലാക്കുന്നതും ശിക്ഷാര്‍ഹമായ അഴിമതിക്കുറ്റമാണ്.
സാമ്പത്തികമായ നേട്ടങ്ങള്‍ തന്നെയാണ് ഈ കുറ്റകൃത്യത്തിന്റെ അടിസ്ഥാന ചേരുവ. ലൈംഗിക നേട്ടങ്ങള്‍ക്കായി അധികാര ദുര്‍വിനിയോഗം നടത്തുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതും കുറ്റകരമാകാമെങ്കിലും 1988-ലെ നിയമമനുസരിച്ചുള്ള അഴിമതിക്കുറ്റമാവില്ല. 1988-ലെ നിയമത്തിന്റെ ഈ പരിമിതികാരണം, 'മറ്റ് അനര്‍ഹമായ ആനുകൂല്യങ്ങള്‍' നേടുന്നതും അതുവഴി ലൈംഗിക നേട്ടങ്ങള്‍ക്കായി അധികാരദുര്‍വിനിയോഗം നടത്തുന്നതിനെക്കൂടി അഴിമതിക്കുറ്റമായി വിവരിക്കുന്ന ഭേദഗതി നിയമത്തില്‍വേണമെന്ന ആവശ്യമുയര്‍ന്നു. ആ നിലയിലുള്ള ബില്ലും അവതരിപ്പിക്കപ്പെട്ടു. 
2013 തൊട്ടുതന്നെ സാമ്പത്തികമോ മറ്റുതരത്തിലുള്ളതോ ആയ നേട്ടങ്ങള്‍ക്കായി നടത്തുന്ന കുറ്റങ്ങളെ അഴിമതിയായി നിര്‍വചിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിയമത്തിന്റെയും അഴിമതിയുടെ നിര്‍വചനത്തിന്റെയും വ്യാപ്തി കൂട്ടാനുള്ള ഈ നീക്കം പക്ഷേ, എവിടെയുമെത്തിയില്ല എന്ന് 2016 ഓഗസ്റ്റ് 21-ന്റെ  പി.ടി.ഐ. റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും അന്യഥാതന്നെ അന്വേഷിക്കപ്പെടാവുന്നതാണ്. 
അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. ക്രിമിനല്‍ നടപടി ക്രമത്തിലാകട്ടെ അഴിമതി നിരോധന നിയമത്തിലാകട്ടെ അത്തരം പ്രതിബന്ധങ്ങളില്ല. 
 നിഗമനങ്ങള്‍ തള്ളാം, കൊള്ളാം
അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിച്ചത് കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട ടി.ടി. ആന്റണിയുടെ കേസില്‍ (2001 (6) സുപ്രീം കോര്‍ട്ട് കേസസ് 181) ആണ്. ഒരേ ആരോപണത്തിന്റെ പേരില്‍ രണ്ട് എഫ്.ഐ.ആറുകള്‍ പാടില്ല. എന്നാല്‍, കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസ്സമില്ല. അതേസമയം, കമ്മിഷന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും അപ്പടി സ്വീകരിക്കാനുള്ള ബാധ്യതയും അന്വേഷണോദ്യോഗസ്ഥര്‍ക്കില്ല. കമ്മിഷന്റെ നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമായ നിഗമനങ്ങളില്ലെന്നുള്ള സ്വാതന്ത്ര്യവും അധികാരവും അന്വേഷണോദ്യോഗസ്ഥര്‍ക്കുണ്ടെന്നും ആന്റണിയുടെ കേസില്‍ സുപ്രീംകോടതി പറയുകയുണ്ടായി. 
കൂത്തുപറമ്പ് വെടിവെപ്പിനെത്തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ നായര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ റദ്ദാക്കിയപ്പോഴും കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പാടില്ല എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിനാല്‍ പ്രഥമദൃഷ്ട്യാ, ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്ന് പറയാനാകില്ല. എന്നാല്‍, കമ്മിഷന്റെ നിഗമനങ്ങള്‍ തള്ളിക്കൊണ്ടുള്ള നിഗമനങ്ങളിലെത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമതടസ്സമില്ല. അതേസമയം, ഈ തീരുമാനത്തിനാധാരമായ വസ്തുതകളും രേഖകളും നിഗമനങ്ങളും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ലെങ്കില്‍  അഥവാ ഈ കുറ്റകൃത്യങ്ങള്‍ ആരോപിക്കാനാവശ്യമായ ചേരുവകള്‍ സാക്ഷിമൊഴികളിലും തെളിവുകളിലും ഇല്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യാം. 
കമ്മിഷന്‍ ആധാരമായെടുത്ത മൊഴികളുടെയും തെളിവുകളുടെയും വിശ്വാസ്യതയും കോടതിയില്‍ ചോദ്യംചെയ്യപ്പെടാം. ഏതായാലും സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് പുതിയ നിയമയുദ്ധങ്ങള്‍ക്ക് തുടക്കമിടും. അവയുടെ പര്യവസാനം ഭാവിയില്‍ സുപ്രീംകോടതില്‍ മാത്രമാകാനാണിട; മറ്റുപല കേസുകളിലും സംഭവിച്ചതുപോലെ.