നിഗമനം-1  
പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിതശ്രമങ്ങള്‍ നടത്തി. സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചില്ല.
നിയമോപദേശം 
പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാം. അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ. പത്മകുമാര്‍, ഡി.വൈ.എസ്.പി. കെ. ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കാം.
നടപടി 
സ്ഥാനത്തുനിന്ന് മാറ്റുകയും വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്യാം. കെ. പത്മകുമാര്‍, ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണന്‍ എന്നീ പോലീസുദ്യോഗസ്ഥരുടെ പേരില്‍ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കും. 

നിഗമനം-2 
2013 ജൂലായ് 19-ലെ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ട്.
നിയമോപദേശം
 സരിതയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. അതുകൊണ്ട് സരിതയുടെ  കത്തില്‍ പരാമര്‍ശിച്ചവരുടെ പേരില്‍ ലൈംഗികപീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കേസെടുത്ത് അന്വേഷിക്കാം. 
കൈക്കൂലി പണമായി സ്വീകരിച്ചതുകൂടാതെ സരിതയില്‍നിന്ന് ലൈംഗികസംതൃപ്തി നേടിയതിനെയും അഴിമതിനിരോധനനിയമം ഏഴാം വകുപ്പിന്റെ വിശദീകരണക്കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാമെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. 
നടപടി ക്രിമിനല്‍ക്കേസെടുത്ത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

നിഗമനം-3
കേരള പോലീസ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന  ജി.ആര്‍. അജിത്തിന്റെ പേരില്‍ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടിവേണം. ഈ കേസില്‍ പി.സി. ആക്ട് ഉപയോഗിക്കാനാകുമോ എന്നത് പരിഗണിക്കണം. 
നിയമോപദേശം
 കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രത്യേകിച്ച് അതിന്റെ ജനറല്‍ സെക്രട്ടറി  ജി.ആര്‍. അജിത്ത് 20 ലക്ഷം രൂപ സോളാര്‍പ്രതികളില്‍നിന്ന് കൈക്കൂലിവാങ്ങി എന്ന ആരോപണം സംബന്ധിച്ച് സര്‍വീസ്ചട്ടപ്രകാരം വകുപ്പുതല നടപടിയും അഴിമതിനിരോധന നിയമപ്രകാരം ക്രിമിനല്‍ കേസുമെടുത്ത് അന്വേഷിക്കാം.
നടപടി
വകുപ്പുതല നടപടിയും വിജിന്‍സ് അന്വേഷണവും നടത്തും.

നിഗമനം-4
പോലീസ്സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് കാര്യക്ഷമതയുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണ്.

നിഗമനം-5
ജയില്‍ അധികാരികളും ബന്ധപ്പെട്ട പോലീസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ശരിയായ നടപടികള്‍ സ്വീകരിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ പോലീസ് അകമ്പടി നല്‍കേണ്ടതുണ്ട്.
നിയമോപദേശം
 പോലീസ് അന്വേഷണസംവിധാനം ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവുമാക്കുന്നതുസംബന്ധിച്ചും പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെയും പരിധിയെയും സംബന്ധിച്ചും ജയിലില്‍നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കമ്മിഷനെ നിയോഗിക്കുന്നത് പരിഗണിക്കണം.
നടപടി
കമ്മിഷനും നിയമോപദേശകരും ചൂണ്ടിക്കാട്ടിയ രീതിയില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കാനായി, വിരമിച്ച ഹൈക്കോടതിജഡ്ജി അധ്യക്ഷനായി കമ്മിഷനെ നിയമിക്കും.

നിഗമനം-6 
സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് സി.സി.ടി.വി. ദൃശ്യങ്ങള്‍ ചുരുങ്ങിയപക്ഷം ഒരു വര്‍ഷമോ അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ അവ നിറഞ്ഞുകഴിഞ്ഞാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യണം.
നിയമോപദേശം
 ഭരണപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.
നടപടി
 ഇക്കാര്യം പരിശോധിക്കാനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

നിഗമനം-7
ഊര്‍ജവകുപ്പിനുകീഴിലാണ് 'അനെര്‍ട്ട്' പ്രവര്‍ത്തിക്കുന്നത്. ഇതിനെ ശരിയായ രീതിയില്‍ നടത്തിയാല്‍ സൗരോര്‍ജ ഉത്പാദനത്തിനും വിതരണത്തിനും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും.
നിയമോപദേശം
 ഭരണപരമായ വിഷയമായതിനാല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.
നടപടി
 ഇക്കാര്യം പരിശോധിക്കാനായി ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

പുതിയ പരാതികള്‍ 
 സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരേ പുതിയ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവ സംബന്ധിച്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ചെയ്യാം. 
പഴയ കേസുകളില്‍ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം തുടരന്വേഷണവും നടത്താം.
നടപടി
പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.