തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പലര്‍ക്കുമെതിരേ കടുത്തപ്രയോഗങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തെ അറിയിച്ചു. റിപ്പോര്‍ട്ട് കഴിഞ്ഞമാസം 26-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടിയെങ്കിലും വിവരങ്ങള്‍ അതിരഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ മാത്രമാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. ജുഡീഷ്യല്‍ കമ്മിഷന്‍ ഓഫീസില്‍നിന്ന് റിപ്പോര്‍ട്ട് ചോരാതിരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് സംബന്ധിച്ച കുറിപ്പ് മന്ത്രിമാര്‍ക്കും നല്‍കിയത്. 
ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചു എന്ന പദമല്ല, അതിലും കടുത്ത പ്രയോഗങ്ങളുണ്ട്. അവ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസക്തഭാഗങ്ങള്‍ വായിച്ച് റിപ്പോര്‍ട്ടും അതില്‍ സ്വീകരിച്ച നടപടികളും യോഗത്തെ അറിയിക്കുകയായിരുന്നു.