തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ ജയിലിലെത്തിയ ആദ്യദിവസം അവരെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത് 150 പേര്‍. ഇതില്‍  രാഷ്ട്രീക്കാരല്ലാത്തവര്‍ ചുരുക്കമായിരുന്നു. സോളാര്‍കേസും കേരളരാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഈ സന്ദര്‍ശകത്തിരക്കില്‍ത്തന്നെ തെളിഞ്ഞിരുന്നു.
പിന്നീടാണ് സരിതയുടെ കത്തും പ്രതിപക്ഷസമരവും അന്വേഷണക്കമ്മിഷനുമൊക്കെ വരുന്നത്. ഉള്‍പ്പെട്ട പണത്തിന്റെ വലിപ്പമല്ല, വെളിപ്പെട്ട അധാര്‍മികതയുടെ ആഴമാണ് സോളാര്‍ത്തട്ടിപ്പിനെ കേരളംകണ്ട ഏറ്റവും വലിയ അഴിമതിയാക്കിയത്.
2013 ജൂണിലാണ് സരിത തുറന്നുവിട്ട ഭൂതം യു.ഡി.എഫിനെ വിഴുങ്ങാന്‍ തുടങ്ങിയത്. ടീം സോളാര്‍ എന്ന കമ്പനിയുടെ ഡയറക്ടറായ സരിത ആ വര്‍ഷം ജൂണ്‍ രണ്ടിനും ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ജൂണ്‍ 17-നും അറസ്റ്റിലായി. കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ ഒരു പ്രവാസിയില്‍ നിന്ന് 40 ലക്ഷം രൂപവാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. പിന്നെയങ്ങോട്ട് പുറത്തുവന്ന, ലൈംഗികതയും പണവും അധികാരവുമെല്ലാം ആവുംവിധം ചേര്‍ന്ന അഴിമതിക്കഥകള്‍ക്കുമുന്നില്‍ കേരളം നാണിച്ചുനിന്നു. 
പ്രതികള്‍ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഡീഷണല്‍ പി.എ. ടെനി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലീംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവരുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഫോണ്‍വിളികളും രേഖകളും പുറത്തുവന്നു. ആ സര്‍ക്കാരിലെ നാലുമന്ത്രിമാരും എം.എല്‍.എ.മാരും ആരോപണത്തിന്റെ മുള്‍മുനയിലായി. ഉമ്മന്‍ചാണ്ടിയാണ് തനിക്ക് സരിതയെ പരിചയപ്പെടുത്തിയതെന്ന് ടീം സോളാറിന്റെ തട്ടിപ്പിനിരയായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ ആരോപിച്ചു.  
സരിതയുടെയും  ബിജുവിന്റെയും വെളിപ്പെടുത്തലുകള്‍ പ്രതിരോധിക്കുന്നതില്‍ യു.ഡി.എഫ്. സര്‍ക്കാരും കോണ്‍ഗ്രസും വിയര്‍ത്തു. നിയമസഭയ്ക്കകത്തും പുറത്തും സമരത്തിന്റെ വേലിയേറ്റമായി. മുന്‍ഭാര്യയുടെ കൊലപാതകക്കേസ് വീണ്ടും തുറന്നതോടെ ബിജു ജയിലിലായി. പിന്നീട് സരിതയും ബിജുവും രണ്ടുധ്രുവങ്ങളിലായി. ബിജുവുമായുള്ള അടുപ്പത്തിന്റെ പേരില്‍ നടി ശാലുമേനോനെയും അറസ്റ്റുചെയ്തിരുന്നു. 
 ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആ വര്‍ഷം ഓഗസ്റ്റില്‍ എല്‍.ഡി.എഫ്. സെക്രട്ടേറിയറ്റ് വളഞ്ഞെങ്കിലും അടുത്തദിവസം സമരം അവസാനിപ്പിച്ചു. ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം നിര്‍ത്തിയത്. എന്നാലത് ഒത്തുതീര്‍പ്പായിരുന്നെന്ന് ഇടതുമുന്നണിയില്‍നിന്നുതന്നെ ആരോപണമുയര്‍ന്നു. ഖജനാവിന് ഒരുപണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് അഴിമതി ആരോപണങ്ങളെ ഉമ്മന്‍ചാണ്ടി നിഷേധിച്ചുകൊണ്ടിരുന്നു. 
 ജയിലില്‍നിന്ന് സരിത എഴുതിയ 42 പേജുള്ള കത്ത് പിന്നീട് ചിലരുടെ ഇടപെടലില്‍ മൂന്നുപേജായി ചുരുങ്ങിയെന്ന ആരോപണമുയര്‍ന്നു. യഥാര്‍ഥ കത്തെന്ന പേരില്‍ മറ്റൊരുകത്ത്  മാധ്യമങ്ങളിലെത്തി. ഇതില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് സരിത നല്‍കിയ പരാതിയിലെ പേരുകള്‍കേട്ട് കേരളം ഞെട്ടി. സരിതതന്നെ പലവട്ടം പേരുകള്‍ മാറ്റിപ്പറഞ്ഞു. വെളിപ്പെടുത്തലുകള്‍ പലതും അവര്‍തന്നെ നിഷേധിച്ചു.
ഇതിനിടെ സരിതയുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലെത്തി. പോലീസ് ശേഖരിച്ച തെളിവ് അവര്‍തന്നെ ചോര്‍ത്തിയതാണെന്ന് സരിത ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമങ്ങളും അവര്‍തന്നെ പരസ്യമാക്കി. പല കോടതികള്‍ കേസുകള്‍ പരിഗണിച്ചു. വിധികള്‍ സര്‍ക്കാരിന് അനുകൂലമായിരുന്നു. 
തട്ടിപ്പിനെക്കുറിച്ച്  അന്വേഷിക്കാന്‍ ജസ്റ്റിസ് കെ. ശിവരാജന്‍ കമ്മിഷനെ നിയോഗിച്ചത് കണ്ണില്‍പ്പൊടിയിടാനാണെന്ന് എല്‍.ഡി.എഫ്. ആരോപിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പ് സജീവമായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഉമ്മന്‍ചാണ്ടിയെ 58 മണിക്കൂര്‍ കമ്മിഷന്‍ വിസ്തരിച്ചത് ചരിത്രസംഭവമായി. മന്ത്രിമാരും സരിതയും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള സി.ഡി. കണ്ടെത്താന്‍ ബിജുവും പോലീസും നടത്തിയ കോയമ്പത്തൂര്‍ യാത്ര കേരളംകണ്ട അങ്ങേയറ്റത്തെ അസംബന്ധ നാടകമായിരുന്നു. 
സരിത നല്‍കിയ മൊഴികള്‍ നിത്യേനയെന്നോണം മാധ്യമങ്ങളില്‍ വന്നത് യു.ഡി.എഫ്. സര്‍ക്കാരിന്റെ പതനത്തിന് പ്രധാന കാരണങ്ങളിലൊന്നായി. ഇതേ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് അവസരം കിട്ടിയിരിക്കുന്നത്.