തെറ്റുചെയ്തിട്ടില്ല,  നിയമപരമായി നേരിടും
തെറ്റുചെയ്യാത്തതുകൊണ്ട് ഒന്നിനെയും ഭയക്കുന്നില്ല. കേസില്‍ നിയമപരമായി മുന്നോട്ടുപോകും. സി.പി.എമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എനിക്കെതിരേ നടപടിക്ക് പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച സി.പി.എം. നേതാവ് ടി.കെ. ഹംസ വേങ്ങരയില്‍ വെളിപ്പെടുത്തിയിരുന്നു. ആരാണ് ഹംസയോട് ഇതുപറഞ്ഞത്. 
കമ്മിഷന്‍ സിറ്റിങ്ങില്‍ എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയിരുന്നു. എന്നെയും കോണ്‍ഗ്രസിനെയും കേസില്‍ക്കുടുക്കി നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ട. കൂടുതല്‍ ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും.  സരിത എഴുതിയ കൃത്രിമ കത്തിലാണ് എനിക്കെതിരേ പരാമര്‍ശമുള്ളത്. ഈ കത്ത് വ്യാജമാണെന്നുകാട്ടി പരാതി നല്‍കിയിട്ടുണ്ട്  
-ഉമ്മന്‍ ചാണ്ടി

ഉദ്യോഗസ്ഥരെ  സ്വാധീനിച്ചെന്ന്  ആരും പറഞ്ഞിട്ടില്ല
അന്വേഷണോദ്യോസ്ഥരെ ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വാധീനിക്കാന്‍ ശ്രമിച്ചതായി കമ്മിഷന്റെ മുമ്പില്‍ ഒരു ഉദ്യോഗസ്ഥനും പറഞ്ഞിട്ടുമില്ല. 
  നിയമം നിയമത്തിന്റെ വഴിക്കുപോകും.  എനിക്കെതിരേ കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. 
-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

റിപ്പോര്‍ട്ട് കാണാതെ പറയാനാകില്ല
സോളാര്‍ കേസില്‍ പ്രതിചേര്‍ത്ത അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കണ്ടശേഷം നിയമപരമായി നേരിടും. പ്രതിചേര്‍ത്ത വിവരം തീവണ്ടിയാത്രക്കിടെയാണ് അറിഞ്ഞത്. ഒരു നിലയിലും ടീം സോളാറിനെ സഹായിച്ചിട്ടില്ല. കമ്മിഷന്‍ അങ്ങനെ പറഞ്ഞോയെന്ന് അറിയില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ഇക്കാര്യം വന്നത് രാഷ്ട്രീയപ്രേരിതമാണ്. യു.ഡി.എഫിനെതിരായ  നീക്കമായും ഇതിനെകാണാം.
കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ച് അന്വേഷണം നടന്നാല്‍ റിപ്പോര്‍ട്ടും നടപടിയെടുത്തതിന്റെ വിവരവും നിയമസഭയില്‍ വെയ്ക്കണം. നിയമസഭ റിപ്പോര്‍ട്ട് അറിയുന്നതിനുമുമ്പ് അത് പുറത്തുവിടാറില്ല. ഇവിടെ അതുണ്ടായില്ല. അതുകൊണ്ടാണ് ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത്. ഇപ്പോള്‍ ചെയ്തത് ചട്ടലംഘനമാണ്.
-ആര്യാടന്‍ മുഹമ്മദ്

തരംതാണ രാഷ്ട്രീയം
വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിങ് ആരംഭിച്ചശേഷം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി തരംതാണതും നാലാംകിട രാഷ്ട്രീയക്കാര്‍ ചെയ്യുന്നതരത്തിലുള്ളതുമാണ്.      പോളിങ്ങിനെ സ്വാധീനിക്കാന്‍വേണ്ടിത്തന്നെ വാര്‍ത്താസമ്മേളനം നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള സാമാന്യമര്യാദ കാട്ടണമായിരുന്നു.
     -എ.കെ. ആന്റണി

അന്വേഷണം ആവശ്യപ്പെട്ടിരുന്നു
സോളാര്‍ വിഷയത്തില്‍ സംസ്ഥാ ന സര്‍ ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം മൂന്നുവര്‍ഷം മുമ്പ് താന്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ഡി.ജി.പിയെ നേരില്‍ക്കണ്ട് രേഖാമൂലം ആവശ്യം ഉന്നയിച്ചിരുന്നു. കത്തിന്റെ ആധികാരികതയും വിശ്വാസ്യത സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
-ജോസ്. കെ. മാണി  എം.പി.

സര്‍ക്കാര്‍ നടപടികള്‍  രാഷ്ട്രീയപ്രേരിതം.   എനിക്കെതിരായി പരാമര്‍ശം ഉയര്‍ന്നപ്പോള്‍ത്തന്നെ തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു.  സോളാര്‍ കമ്മിഷനില്‍  സത്യാവസ്ഥകള്‍ ബോധിപ്പിക്കാന്‍ സാധിച്ചിരുന്നു. സോളാറുമായി ബന്ധപ്പെട്ട് എനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരേയുള്ള മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലാണ്.  റിപ്പോര്‍ട്ടിന്മേല്‍ ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. 
-കെ.സി.വേണുഗോപാല്‍ എം.പി.

സര്‍ക്കാര്‍ നടപടിയെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടും. വേങ്ങരയിലെ വോട്ടര്‍മാരെ ഇത് സ്വാധീനിക്കില്ല. വോട്ടെടുപ്പുദിവസംതന്നെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപനം നടത്താന്‍ തിരഞ്ഞെടുത്തത് രാഷ്ട്രീയപ്രേരിതമാണ്. അന്വേഷണ റിപ്പോര്‍ട്ട് അവസാനവാക്കല്ല. വസ്തുതയെന്തെന്ന് കോടതി കണ്ടെത്തട്ടെ. 
-പി.കെ. കുഞ്ഞാലിക്കുട്ടി 

കേസില്‍പെട്ട നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയണം.  അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, അതുവഴി സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൗരന്‍ പോലും നടത്താന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവര്‍ ചെയ്തിരിക്കുന്നത്. 
-വി.എസ്.അച്യുതാനന്ദന്‍

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് നിയമസഭയ്ക്കകത്തും പുറത്തും ഉജ്ജ്വലമായ പ്രക്ഷോഭമാണ് എല്‍.ഡി.എഫ്. നടത്തിയത്. ജുഡീഷ്യല്‍ അന്വേഷണത്തിന് സന്നദ്ധമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം വന്നതിനെത്തുടര്‍ന്നാണ് അന്ന് ഉപരോധസമരം പിന്‍വലിച്ചത്. സമരം പരാജയപ്പെട്ടുവെന്നും അന്നത്തെ ഭരണക്കാരുമായി ഒത്തുകളിച്ചുവെന്നുമുള്ള ചിലരുടെ കുപ്രചാരണങ്ങള്‍ െപാളിഞ്ഞു.
-കോടിയേരി ബാലകൃഷ്ണന്‍

സോളാര്‍ തട്ടിപ്പുകേസ് ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയവിദ്വേഷത്തോടെയല്ല സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ രാഷ്ട്രീയവിദ്വേഷമായി യു.ഡി.എഫ്. ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത് തങ്ങളുടെ കള്ളക്കളികളെ ന്യായീകരിക്കാന്‍വേണ്ടിയാണ്. 
-കാനം രാജേന്ദ്രന്‍

തിരഞ്ഞെടുപ്പുദിവസംതന്നെ സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയപ്രേരിതമാണ്. കൂട്ടായി കേസ് എടുക്കുകയെന്നത് അസാധാരണമായ കാര്യമാണ്. ഇതിന്റെ രാഷ്ട്രീയം എന്തെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. 
-രമേശ് ചെന്നിത്തല

സോളാര്‍ കേസില്‍ കമ്മിഷനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പറയാനുള്ളത്. കേസ് അട്ടിമറിക്കുന്നതിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്.
 -ബെന്നി ബെഹനാന്‍

തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി ഉടന്‍ വിളിക്കും. സാധാരണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് തുടര്‍ നടപടിയുണ്ടാവുക.  ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടുമാണ്. ഇവര്‍ രണ്ടുപേരും സി.പി.എം. സഹയാത്രികരാണ്. എന്തുകൊണ്ട് സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായ നിയമ സെക്രട്ടറിയോട് നിയമോപദേശം ചോദിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 
-എം.എം. ഹസന്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന നടപടിയാണിത്.
 -കെ. കൃഷ്ണന്‍കുട്ടി,  എം.എല്‍.എ.