ന്യൂഡല്‍ഹി: വര്‍ഗീയ കാഴ്ചപ്പാടുകളോടുള്ള പോരാട്ടമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കണക്കുകള്‍ നമുക്ക് എതിരാകാം പക്ഷേ, ഇടുങ്ങിയതും വര്‍ഗീയവുമായ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമാണ് നമ്മുടേത്. വര്‍ഗീയചിന്താഗതി രാജ്യത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. വിശ്വസിക്കുന്ന മൂല്യങ്ങളില്‍ ഉറച്ചവിശ്വാസമുണ്ട്.
 
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. മഹാത്മജിയും മറ്റു സ്വാതന്ത്ര്യസമര പോരാളികളും എന്തിനുവേണ്ടിയാണോ പോരാടിയത് അത് തിരിച്ചറിയാനുള്ള വിവേചനബുദ്ധിയാണ് തിരഞ്ഞെടുപ്പില്‍വേണ്ടത് -അവര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ മതേതരവും ഭരണഘടനാപരവുമായ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവരാണ്. മീരാകുമാറും ഗോപാല്‍കൃഷ്ണഗാന്ധിയും ഇത്തരം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ളവരാണെന്നും സോണിയ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ട് ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്നും അവര്‍ പറഞ്ഞു.