താണ്ട് അരനൂറ്റാണ്ട് കാലത്തെ ബന്ധമുണ്ട് എനിക്ക് പ്രണബ് മുഖർജിയുമായിട്ട്. 1969-ൽ കോൺഗ്രസ് പിളർന്നസമയത്ത് നടന്ന മുംബൈ എ.ഐ.സി.സി. സമ്മേളനത്തിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. പ്രിയരഞ്ജൻ ദാസ്‌മുൻഷിയാണ് പരിചയപ്പെടുത്തിയത്. 1973-ൽ ഞാൻ പി.സി.സി. പ്രസിഡന്റായപ്പോൾ പ്രണബുമായി അടുത്തു. അന്ന് കേന്ദ്രമന്ത്രിസഭയിൽ റവന്യൂവകുപ്പിന്റെ ചുമതലയുള്ള ധനകാര്യസഹമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ. പി.സി.സി. അധ്യക്ഷനായശേഷം ദാസ് മുൻഷിയോടൊപ്പംതന്നെ ഡൽഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയത് ഇപ്പോഴും ഓർക്കുന്നു. ഹൃദ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പെരുമാറ്റം. അന്നുമുതൽ ഇന്നുവരെ വളരെ അടുത്തബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്.
 
1984-ൽ ഞാൻ എ.ഐ.സി.സി.യുടെ ജനറൽ സെക്രട്ടറിയായ ശേഷമാണ് പ്രണബുമായി കൂടുതൽ അടുത്തത്.  ഇന്ദിരാഗാന്ധിയായിരുന്നു പാർട്ടി പ്രസിഡന്റ്. പ്രണബ് ആയിരുന്നു മന്ത്രിസഭയിലെ ഏറ്റവും ശക്തൻ. ശിവശങ്കർ, നരസിംഹറാവു, ആർ. വെങ്കിട്ടരാമൻ തുടങ്ങിയ പ്രമുഖരൊക്കെ ഉണ്ടായിരുന്നെങ്കിലും കഴിവിന്റെ കാര്യത്തിൽ അദ്ദേഹമായിരുന്നു പ്രധാനി.  ഇന്ദിരയ്ക്ക് അദ്ദേഹത്തിന്റെ പ്രവൃത്തിയിലും അപഗ്രഥനശേഷിയിലും വലിയ വിശ്വാസമാണുണ്ടായിരുന്നത്. ഇന്ദിരയോടൊപ്പം നിഴൽപോലെ പ്രവർത്തിച്ചതിന്റെ അനുഭവം തുടർന്നുള്ള കാലത്ത് അദ്ദേഹത്തിന് മുതൽക്കൂട്ടായി. നരസിംഹറാവു മന്ത്രിസഭയിലും മൻമോഹൻ സിങ് മന്ത്രിസഭയിലും ഞാനും പ്രണബും ഒന്നിച്ചുണ്ടായിരുന്നു.
 
ക്രൈസിസ് മാനേജർ
പാർട്ടിക്കുള്ളിലും മന്ത്രിസഭയിലും ഏതുവിഷയത്തിൽ ചർച്ച നടന്നാലും അതിന് പരിഹാരം നിർദേശിക്കുക പ്രണബ് ആയിരുന്നു. പലപ്പോഴും സർക്കാറിന്റെ ‘ക്രൈസിസ് മാനേജർ’ ആയിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ ആന്ധ്ര, തെലങ്കാന വിഷയം വന്നപ്പോഴും അതിന് പരിഹാരം നിർദേശിച്ചത് പ്രണബാണ്. പക്ഷേ, അതിന്റെ അവസാന സമയമാകുമ്പോൾ അദ്ദേഹം രാഷ്ട്രപതിയായി. ദേശീയ, അന്തർദേശീയ വിഷയങ്ങളിലുള്ള അറിവും നല്ല ഉൾക്കാഴ്ചയും പ്രശ്നപരിഹാരത്തിന് എന്നും അദ്ദേഹത്തിന് തുണയായി. പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ വെട്ടിത്തുറന്ന് അഭിപ്രായം പറയും. അത് യുക്തിഭദ്രമായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ അതിന് വഴങ്ങുകയും ചെയ്യും. 
 
 ഹ്യൂമൻ കമ്പ്യൂട്ടർ
 
അസാമാന്യബുദ്ധിശക്തിയും ഓർമശക്തിയുമുള്ള ‘ഹ്യൂമൻ കമ്പ്യൂട്ടർ’ ആണ് പ്രണബ് മുഖർജി. നന്നായി വായിക്കും. എല്ലാം ഓർത്തിരിക്കുകയുംചെയ്യും. അദ്ദേഹം അടുത്തുണ്ടെങ്കിൽ പുസ്തകങ്ങൾ ‘റഫർ’ ചെയ്യേണ്ട ആവശ്യമുണ്ടാവില്ല. എന്തു ചോദിച്ചാലും മറുപടി ലഭിക്കും. ഇതുപോലുള്ള വേറൊരു നേതാവിനെ കാണുക പ്രയാസമാണ്. സ്വാതന്ത്ര്യസമരകാലത്തെ ചരിത്രം മുതലുള്ള എല്ലാകാര്യങ്ങളും സ്ഥലവും തീയതിയും ഉൾപ്പെടെ ഹൃദിസ്ഥമാണ് അദ്ദേഹത്തിന്. ഓരോ എ.ഐ.സി.സി. സമ്മേളനവും പാസാക്കിയ പ്രമേയങ്ങളുടെ ഉള്ളടക്കം, അവ അവതരിപ്പിച്ച തീയതികൾ, വ്യക്തികൾ, സമ്മേളനങ്ങളിൽ നടന്ന ചർച്ചകൾ എന്നുവേണ്ട എല്ലാകാര്യങ്ങളും ഓർമയുണ്ട്. കോൺഗ്രസിന്റെ കാര്യങ്ങൾ മാത്രമല്ല, ഇന്ത്യൻരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏതു സംഗതിയും ഓർമയിലുണ്ടാവും.  
 
ദേശീയവാദി, ദൈവവിശ്വാസി
 
ഇത്രയും അനുഭവസമ്പത്തുള്ള വേറൊരാൾ ദേശീയരാഷ്ട്രീയത്തിൽ ഇല്ല. അച്ഛൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കുടുംബത്തിൽനിന്നായതുകൊണ്ടുതന്നെ ദേശീയതയുടെയും മതനിരപേക്ഷതയുടെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം. മഹാകവി ടാഗോറിന്റെയും സ്വാമി വിവേകാനന്ദന്റെയും ജീവിതത്തിൽനിന്നുള്ള ഏടുകൾ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയിലും ചെറിയ സദസ്സുകളിലും അദ്ദേഹം വിവരിക്കാറുണ്ട്. ടാഗോർ സെന്റിനറി, വിവേകാനന്ദ ജന്മശതാബ്ദി ആഘോഷങ്ങൾ എന്നിവയ്ക്ക് മുൻകൈ എടുത്തത് അദ്ദേഹമായിരുന്നു. കറകളഞ്ഞ ദേശീയവാദിയും മതേതരവാദിയും ആകുമ്പോൾത്തന്നെ അടിയുറച്ച ദൈവവിശ്വാസിയാണ് പ്രണബ്. 
 
പ്രണബുമായുള്ള ഓരോ കൂടിക്കാഴ്ചയിലും ഒരുപാടുകാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അധ്യാപകനെപ്പോലെ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചുതരും. അനുഭവ സമ്പത്തുള്ള നേതാക്കൾ വേറെയുണ്ടാകുമെങ്കിലും പഴയ കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ ഓർക്കാനും പുതിയ സാഹചര്യവുമായി അതിനെ ബന്ധിപ്പിക്കാനും കഴിയുന്നവർ അദ്ദേഹത്തെപോലെ വേറെയില്ല. 
 രാഷ്ട്രപതി ആകുന്നതിനുമുമ്പും ആ പദവിയിലിരുന്നപ്പോഴും കർമനിരതനായിരുന്നു പ്രണബ്. വളരെക്കുറച്ച് നേരമേ ഉറങ്ങാറുള്ളൂ. വൈകി ഉറങ്ങി വെളുപ്പിന് ഉണരുകയും ചെയ്യും. ഒരു മണിക്കൂർ കൃത്യമായി പൂജയുണ്ടാകും. വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് കൊൽക്കത്തയിൽവെച്ച് റോഡപകടം ഉണ്ടായി. ഡൽഹിയിൽ ആർമി ആസ്പത്രിയിലായിരുന്നു ചികിത്സ. ആരോഗ്യം അല്പം മെച്ചപ്പെട്ടപ്പോൾത്തന്നെ ആസ്പത്രിയിൽനിന്ന് വിടുതൽവാങ്ങാൻ അദ്ദേഹം നിർബന്ധം പിടിച്ചത് ഇപ്പോഴും ഓർക്കുന്നു. പത്തുപേരുടെ ജോലി ഒറ്റയ്ക്ക് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
 
മൂല്യസംരക്ഷകൻ
ഈ കാലത്ത് പ്രണബ് മുഖർജി രാഷ്ട്രപതി ആയത് ഒരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നു. രാഷ്ട്രപതിസ്ഥാനത്തിന് പരിമിതികളുണ്ട്. ആ പരിമിതികൾ ലംഘിക്കാതെ ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട്  രാഷ്ട്രത്തോട് ഉറക്കെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചിലപ്പോൾ, ഭരിക്കുന്ന പാർട്ടിയുടെ അഭിപ്രായത്തിന് എതിരാണെങ്കിൽപ്പോലും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു. രാജ്യത്ത് അസഹിഷ്ണുത പടർന്നുപിടിച്ച സന്ദർഭത്തിൽ ‘ഭിന്നാഭിപ്രായം’ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിഭാഗത്തിന്റെ നിലപാടുകൾ തീവ്രമായപ്പോൾ അത് ഇന്ത്യയുടെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ കാവൽക്കാരനായി അതിന്റെ മൂല്യങ്ങൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. രാഷ്ട്രപതിയുടെ നിലപാട് തത്കാലത്തേക്കെങ്കിലും പ്രശ്നങ്ങൾ തണുപ്പിക്കാൻ വഴിയൊരുക്കി. 
 
ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കുന്ന വിശ്വാസപ്രമാണമല്ല ബി.ജെ.പി.യുടേത്. ഇന്ത്യ എന്താണെന്ന് ഇപ്പോഴത്തെ ഭരണാധികാരികൾ മനസ്സിലാക്കിയിട്ടില്ല. പ്രണബ് മുഖർജി എപ്പോഴും രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യവും ഭരണഘടനയുടെ മൂല്യങ്ങളും ഉയർത്തി പരസ്യമായി സംസാരിച്ചു. അതേസമയം, സർക്കാറുമായി ഏറ്റുമുട്ടുന്ന പ്രസിഡന്റായില്ല അദ്ദേഹം എന്നതും ശ്രദ്ധേയമാണ്. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന അവസ്ഥയുണ്ടായപ്പോൾ  ഉറച്ചനിലപാട് അദ്ദേഹം പറഞ്ഞുവെന്നു മാത്രം. ഇതല്ല നമ്മുടെ സംസ്കാരം എന്ന് രാജ്യത്തെ ഓർമിപ്പിച്ചു. ഈ സന്ദർഭത്തിൽ പ്രസിഡന്റ് പ്രണബ് മുഖർജി പടിയിറങ്ങുന്നത് രാജ്യത്തിന് വലിയൊരു നഷ്ടംതന്നെയാണ്.