രണ്ടു പതിറ്റാണ്ടിന് ശേഷം തൃശൂര്‍ നന്നായി ചുവന്നപ്പോള്‍ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിലെ അവിസ്മരണീയ വിജയങ്ങളില്‍ ഒന്നായിരന്നു അഡ്വ. വി.എസ് സുനില്‍കുമാറെന്ന യുവ പോരാളിയുടേത്. 25 വര്‍ഷത്തോളം തേറമ്പിലൂടെ യു.ഡി.എഫ് കാത്തുസൂക്ഷിച്ച് പോന്ന തൃശൂര്‍ മണ്ഡലം 6987 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തപ്പോള്‍ അത് സുനില്‍കുമാറിന്റെ നേതൃപാടവത്തിനും സംഘടനാ മികവിനും വോട്ടര്‍മാര്‍ നല്കിയ അംഗീകാരം കൂടിയായി മാറി. 2006-ല്‍ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട സുനില്‍കുമാറിനെ 2011-ല്‍ കയ്പ്പമംഗലത്ത് നിന്നും ഒടുവില്‍ 2016-ല്‍ തൃശൂരില്‍ നിന്നും നിയമസഭയിലെത്തിക്കാന്‍ വോട്ടര്‍മാര്‍ ഒട്ടും മടികാണിക്കാതിരുന്നതും സുനില്‍കുമാറിന്റെ നേതൃപാടവവും,സംഘടനാ മികവും ഒന്നുകൊണ്ടുമാത്രമാണ്. തൃശൂരിന്റെ സ്വന്തം ലീഡര്‍ കെ.കരുണാകരന്റെ മകളെ തന്നെ സുനില്‍കുമാറിനെതിരെ യു.ഡി.എഫും,എന്‍.ഡി.എ ബി.ഗോപാലകൃഷ്ണനെയും എതിരാളിയായി ഇറക്കിയപ്പോള്‍ മത്സരം കടുക്കുമോ എന്ന ആശങ്ക ഇടതുപക്ഷ നേതൃത്വത്തിനുണ്ടായിരുന്നുവെങ്കിലും തന്നെ തൃശൂരിലെ ജനങ്ങള്‍ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സുനില്‍കുമാര്‍.
ബാലവേദിയിലൂടെ പ്രവര്‍ത്തിച്ച് എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയെത്തുകയും 1998-ല്‍ എ.ഐ.എസ്.എഫ് ദേശീയസെക്രട്ടറിയാവുകയും ചെയ്ത അഡ്വ.സുനില്‍കുമാര്‍ നിരവധി വിദ്യാര്‍ഥി,യുവജന സമരമുഖങ്ങളിലൂടെ കേരളത്തിന്റെ കണ്ണുതുറപ്പിച്ച നേതാവ് കുടിയാണ്. സംസ്ഥാനത്ത് ആദ്യമായി പോലീസ് ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥി,യുവജന സമരങ്ങളെ നേരിട്ടപ്പോള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിയേണ്ടി വന്ന സുനില്‍കുമാര്‍ ശാന്തമായ പെരുമാറ്റത്തിലൂടെയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടുമാണ് ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. നവോദയ സമരം,പ്രീഡിഗ്രി ബോര്‍ഡ് സമരം,ഇലക്ട്രിസിറ്റി സമരം,മെഡിക്കല്‍ കോളജ് സമരം എന്നിവയുടെയെല്ലാം മുന്നണി പോരാളിയായിരുന്ന സുനില്‍കുമാര്‍ നിലവില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. സി.പി.ഐ നിയമസഭാ കക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമാണ്
അര്‍ബുദ-വൃക്ക-കാന്‍സര്‍ രോഗികള്‍ക്ക് ക്ഷേമ നിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബില്‍,യാത്രാവകാശ ബില്‍ എന്നിവ സഭയില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ സുനില്‍കുമാര്‍ വെറും ജനപ്രതിനിധി എന്നതിനപ്പുറം തന്റെ നിയമ പാടവം കൂടി ഓരോ വിഷയത്തിലും കൈക്കൊണ്ടിരുന്നു. പതിമൂന്നാം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചതും സുനില്‍കുമാറായിരുന്നു. ഇതിന് പുറമെ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സംസ്ഥാനത്തെ മുഖ്യ പ്രചാരകനായി വിദേശത്തടക്കമുള്ള നിരവധി വേദികളില്‍ തിളങ്ങാനും സുനില്‍കുമാറിന് കഴിഞ്ഞു.
ക്യൂബ,ചൈന,മോസ്കോ,വെനിസ്വല തുടങ്ങി നിരവധിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സുനില്‍കുമാറിന് ഏറ്റവും മികച്ച എം.എല്‍.എ.ക്കുള്ള കൃഷ്ണന് കണിയാംപറമ്പില്‍ പുരസ്കാരം,പൗലോസ് സ്മാര പുരസ്കാരം,കോട്ടയം രാജീവ് ഗാന്ധി പുരസ്കാരം,തിരുവനന്തപുരം റോട്ടറി ക്ലബ് പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 1967 മെയ് 30-ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ പാര്‍വതിയുടെയും മകനായി ജനിച്ച സുനില്‍കുമാര്‍ തൃശൂര്‍ ശ്രീ കേരള വര്‍മ കോളജ്,തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. അഡ്വ.രേഖ സുനില്‍കുമാറാണ് ഭാര്യ. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ നിരഞ്ജന് കൃഷ്ണയാണ് മകന്.