വി.എസ് മന്ത്രി സഭയില്‍ ധനമന്ത്രി എന്ന നിലയില്‍ പ്രഗല്ഭ്യം തെളിയിച്ച ഡോ. ടി.എം തോമസ് ഐസക് സംസ്ഥാന ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ശില്‍പികളില്‍ പ്രമുഖനാണ്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് ടി.പി മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനായി 1952 സെപ്റ്റംബര്‍ 26നാണ് തോമസ് ഐസക് ജനിച്ചത്. 

പഠനകാലത്തുതന്നെ വിപ്ലവ പ്രസ്ഥാനങ്ങളോട് അടുപ്പം കാണിച്ച തോമസ് ഐസക് 1971 - ല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1973- 1974 കാലഘട്ടത്തില്‍ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974 മുതല്‍ 1980 വരെ എസ്.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. പിന്നീട് 1979 ല്‍ സംസ്ഥാന പ്രസിഡന്റുമായി.

മഹാരാജാസില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ തോമസ് ഐസക് ജെ.എന്‍.യുവില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. 1996 മുതല്‍ 5 വര്‍ഷം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റെഡീസില്‍ റിസര്‍ച്ച് ഫെലോ, ഓണററി ഫെലോ എന്നീ നിലകളിലും പവര്‍ത്തിച്ചു. 

സി.പി.എം കേന്ദ്രകമ്മറ്റി അംഗമായ തോമസ് ഐസക് നിലവില്‍ ആലപ്പുഴ എം.എല്‍.എയാണ്. മൂന്നാം തവണയാണ് അദ്ദേഹം ആലപ്പുഴയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍പ് മാരാരിക്കുളത്ത് നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക വിദഗ്ധന്‍, ഏറെ ശ്രദ്ധനേടിയ ജനകീയാസൂത്രണ പരിപാടിയുടെ മുഖ്യസംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ആലപ്പുഴ നഗരമാലിന്യസംസ്‌കരണം മാതൃകാ പദ്ധതിയാക്കുന്നതിന് നേതൃത്വം നല്‍കിയ അദ്ദേഹം പാരീസില്‍ നടന്ന ലോക സമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രബന്ധാവതരണം നടത്തി. 

ഇംഗ്ലീഷില്‍ അഞ്ചും മലയാളത്തില്‍ പത്തും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജനവും പ്ലാസ്റ്റിക് ശേഖരണവുമൊക്കെ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി സവിശേഷമായ രീതിയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആന്ധ്ര സ്വദേശിയായ നഡ ദൂവാരിയില്‍ നിന്ന് വിവാഹമോചനം നേടി. മക്കള്‍ സാറ, ഡോറ.