2001 ല്‍ ചേര്‍ത്തലയില്‍ നിന്ന് വിജയിച്ച എ.കെ.ആന്റണി മുഖ്യമന്ത്രിയായെങ്കിലും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെച്ചു.പിന്നീടിപ്പോഴാണ് തിലോത്തമനിലൂടെ  ചേര്‍ത്തലയ്ക്ക് ഒരു മന്ത്രിയെ ലഭിക്കുന്നത്.മന്ത്രി സഭയിലെ പുതുമുഖക്കാരനാണെങ്കിലും പി.തിലോത്തമന്‍ രാഷ്ടീയത്തില്‍ പരിചയസമ്പന്നനാണ്. വിദ്യാര്‍ഥി രാഷ്ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ തൊഴിലാളി യൂണിയന്‍ നേതാവ് കൂടിയായ തിലോത്തമന്‍ 1977 മുതല്‍ സി.പി.ഐ അംഗമാണ്.

എ.കെ ആന്റണിയേയും വയലാര്‍ രവിയേയും സി.കെ ചന്ദ്രപ്പനേയും ഗൗരിയമ്മയേയും നിയസഭയിലെത്തിച്ച ചേര്‍ത്തല മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് തിലോത്തമനെ തിരഞ്ഞെടുക്കുന്നത്. ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി ചേര്‍ത്തലയില്‍ മൂന്നാം തവണയും ഒരാള്‍ വിജയിക്കുന്നത്.

ജി.സുധാകരെനെയും തോമസ് ഐസക് എന്നിവരെ കൂടാതെ ആലപ്പുഴക്കാര്‍ക്ക് തിലോത്തമനിലൂടെ ഒരു മൂന്നാം മന്ത്രിയെകൂടി ലഭിച്ചിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗംകൂടിയായ തിലോത്തമന്‍ നിരവധി ട്രേഡ് യൂണിന്‍ സംഘടനകളുടെ ഭാരവാഹികൂടിയാണ്.2012 മുതല്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ചേര്‍ത്തല തെക്ക് കുറുപ്പന്‍ കുളങ്ങര സ്വദേശിയായ തിലോത്തമന്‍ പരേതരായ പരമേശ്വരന്‍ ഗൗരി എന്നിവരുടെ മകനാണ്.

എ.ഐ.എസ്.എഫിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങി. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രര്‍ത്തിച്ചിട്ടുണ്ട്. സി.സി.ടി. പ്രസിഡന്റ്, കയര്‍ഫെഡ് വൈസ് പ്രസിഡന്റ്. ഇതിനു പുറമേ കയര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) താലൂക്ക് പ്രസിഡന്റ്, കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയന്‍ താലൂക്ക് പ്രസിഡന്റ് എന്നിങ്ങനെയും പ്രവര്‍ത്തിച്ചു.കോണ്‍ഗ്രസും സി.പി.ഐ യും മാറി മാറി മത്സരിച്ചിരുന്ന ചേര്‍ത്തലയില്‍ 2006 മുതല്‍ തിലോത്തമന്‍ യുഗമാണ്. മണ്ഡലത്തിലുടനീളം നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലം  തിലോത്തമനെ കൈവിടാത്തത്.എന്നാലിത്തവണ കോണ്‍ഗ്രസിന്റെ യുവ നേതാവ് അഡ്വ. എസ് ശരത്തില്‍ നിന്ന് കടുത്ത മത്സരമാണ്  തിലോത്തമന് നേരിടേണ്ടി വന്നത്.  'ചേര്‍ത്തല ചെറുപ്പമാകട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി മണ്ഡലം പിടിക്കാന്‍ ഇറങ്ങിയ ശരത്തിന് തിലോത്തമനെ മറികടക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം പോളിംഗ് നടന്ന ചേര്‍ത്തലയില്‍ 7196 വോട്ടിനാണ് തിലോത്തമന്‍ വിജയിച്ചത്. 2011 ല്‍ ഗൗരിയമ്മയ്ക്കെതിരെ  ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷക്കാരനായാണ്‌ തിലോത്തമന്‍ ചേര്‍ത്തലയില്‍ വിജയിച്ചത്. ഭാര്യ വി ഉഷ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സാണ്.മക്കള്‍ അമൃത,അര്‍ജുന്‍ ഇരുവരും വിദ്യാര്‍ഥികളാണ്.2011  ഒക്ടോബറില്‍  പി.തിലോത്തന്‍ കാറപകടത്തില്‍പെട്ട് ഗുരതരായി പരിക്കേറ്റിരുന്നു.വൈക്കം എം.എല്‍.എ ആയിരുന്ന കെ.അജിത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് സി.പി.ഐ സംസ്ഥാന സമിതി അംഗമായിരുന്ന എന്‍ വേലപ്പന്‍ മരിച്ചിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിലോത്തമന്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു.