ടി.പി രാമകൃഷ്ണന് ഒരു പ്രത്യേകതയുണ്ട്, പ്രത്യേകതയെന്നോ പോരായ്മ്മയെന്നോ അതിനെ വിലയിരുത്താം. ടി.പി ചിരിക്കാറില്ല, ചിരിക്കുന്നത് അങ്ങനെ ആരും കാണാറില്ല, ഇക്കാര്യത്തില്‍ നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ടി.പിയ്ക്ക് കൂട്ടുണ്ട്. പിന്നിട്ട വഴികളിലെ കല്ലും മുള്ളും പിന്നെ ചോരമണമുള്ള ഇന്നലെകളുമാണ് ടി.പി രാമകൃഷ്ണനെന്ന സഖാവിന്റെ ചിരിക്കാത്ത മുഖത്തിന് പിന്നില്‍. 

ചിരിച്ചില്ലെങ്കിലും തൊഴിലാളിവര്‍ഗത്തിന്റെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടില്‍ പരേതനായ ശങ്കരന്റെയും മാണിക്യത്തിന്റെയും രണ്ടാമത്തെ മകനായാണ് ടി.പിയുടെ ജനനം.  നമ്പ്രത്തുകര എ.യു.പി സ്‌കൂള്‍, കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, നടവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടി.പി കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കാലം നല്‍കിയ കഠിനമായ അനുഭവങ്ങളാണ് ടി.പിയുടെ ചിരിക്കാത്ത  മുഖത്തിന് പിന്നിലെന്ന് ചരിത്രം പറയും. അടിയന്തരാവസ്ഥക്കാലത്ത് കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാംപില്‍ വച്ച് ടി.പി കൊടിയ മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങുകയുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അനാഥരായ കുടുംബങ്ങളെ സഹായിക്കാന്‍ അന്ന്  സ്ഥലത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ടി.പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. 

ഈ സമയത്ത് പേരാമ്പ്ര പാര്‍ട്ടി ഓഫീസിലെത്തിയ പോലീസ് ടി.പി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.  പിന്നീട് വിട്ടയച്ചെങ്കിലും അപ്പോഴേക്കും ഒരു മനുഷ്യായുസില്‍ അനുഭവിക്കേണ്ട പീഡനമുറകള്‍ ടി.പി അനുഭവിച്ചു തീര്‍ത്തിരുന്നു. കക്കയം ക്യാംപില്‍ വെച്ച് ഒരു പോലീസുകാരന്‍ കുടിച്ച കരിക്കിന്റെ തൊണ്ട്‌കൊണ്ട് ടി.പി രാമകൃഷ്ണന്റെ മുഖത്ത് ആഞ്ഞടിച്ചു. വേദന താങ്ങാനാകാതെ ബോധരഹിതനായി ടി.പി നിലത്തുവീണു, ഇന്നും, വിജയത്തേരിലേറി മന്ത്രി പദത്തിലേത്ത് കാലെടുത്തുവച്ചപ്പോഴും അന്നത്തെ ആ ഇടിയുടെ ബാക്കിപത്രം ശരീരത്തില്‍ ടി.പി പേറുന്നുണ്ട്. 

മലബാര്‍ മേഖലയില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രധാനപ്പെട്ട എല്ലാ സമരങ്ങളുടെ പിന്നിലും മുന്നിലും ടി.പിയുണ്ടായിരുന്നു. പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സെക്രട്ടറിയായ ടി.പി തൊഴിലാളികളുടെ കൂടെ എന്നുമുണ്ടായിരുന്നു, അടിയന്തിരാവസ്ഥയിലും മുതലാളിമാരുടെ ഗുണ്ടായിസത്തിനിടയിലും തൊഴിലാളികളിലൊരാളായി ടി.പി ഉറച്ചുനിന്നു. എസ്റ്റേറ്റിലേക്ക് റോഡുപോലും ഇല്ലാതിരുന്ന അക്കാലത്ത് 15 കിലോമീറ്ററുകളോളം നടന്നാണ് ടി.പി തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.

എസ്.എഫ്.ഐയുടെയും പിന്നീട് കെ.എസ്.വൈ.എഫിന്റെയും കൊയിലാണ്ടി താലൂക്ക് സെക്രട്ടറി. 1968 ല്‍ സി.പി.എം. അംഗത്വത്തിലെത്തിയ ടി.പി. രാമകൃഷ്ണന്‍ ഒമ്പത് വര്‍ഷം പേരാമ്പ്രയിലും രണ്ടരവര്‍ഷം ബാലുശ്ശേരിയിലും ഏരിയ സെക്രട്ടറിയായിരുന്നു. ടെക്സ്‌ഫെഡ് ചെയര്‍മാന്‍, സി.പി.എം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

നിലവില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. 2012 ല്‍ കോഴിക്കോട് നടന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയം ടി.പിയുടെ സംഘടനാമികവിന്റേ കൂടി വിജയമായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സെക്രട്ടറിയുമായ എ.കെ നളിനിയാണ് ഭാര്യ. മക്കള്‍: രജുലാല്‍, രഞ്ജിനി

കേരളം ഉറ്റുനോക്കുന്നത്  പുതിയ സര്‍ക്കാറിന്റെ മദ്യനയം എന്താണെന്നാണ്. ആ നയത്തിന് ചുക്കാന്‍ പിടിക്കുന്നത് എക്‌സൈസ് മന്ത്രിയാകുന്ന ടി.പി രാമകൃഷ്ണനായിരിക്കും, തൊഴിലാളികളുടെ, അടിസ്ഥാന വര്‍ഗത്തിന്റെ ചൂരും, ചൂടും അറിയുന്ന ടി.പിയ്ക്ക് ഒന്നും പിഴയ്ക്കില്ലെന്നുറപ്പിക്കാം.