എത്രയോജിപ്പിച്ചാലും എന്നും രസതന്ത്ര സമവാക്യങ്ങള്‍ തെറ്റുന്ന വകുപ്പാണ് വിദ്യാഭ്യാസ വകുപ്പ്. അവിടേക്കാണ് പ്രൊഫസര്‍ സി.രവീന്ദ്രനാഥ് എന്ന രസതന്ത്ര അധ്യാപകന് മന്ത്രിയായി നിയമിതനാകുന്നത്. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയാവുക എന്നത് ചരിത്രത്തിന്റേ നിയോഗമാണ്. കാലം കരുതിവെച്ച സമ്മാനം, എന്നും എപ്പോഴും ഏതൊരു വിദ്യാര്‍ത്ഥിയും മികച്ച അധ്യാപകനെന്ന് നൂറില്‍ നൂറുമാര്‍ക്കും നല്കുന്ന രവീന്ദ്രനാഥല്ലാതെ മറ്റാരാണ് വിദ്യാഭ്യാസ മന്ത്രിയാവുക.
മുണ്ടുടുത്ത് സൈക്കിളില്‍ കോളേജിലെത്തി ഏത് നിലവാരത്തിലുള്ള വിദ്യാര്‍ത്ഥിക്കും മനസിലാകുന്ന രീതിയില്‍ വളരെ ലളിതമായി പീരിയോഡിക് ടേബിള്‍ വിവരിച്ചുകൊടുക്കുന്ന രവീന്ദ്രന്മാഷ്, അതിലുപരി ലാളിത്യമെന്തെന്നു ചോദിച്ചാല്‍ പുതുക്കാട്ടുകാര്‍ ചൂട്ടികാണിച്ചു തരുന്ന രവീന്ദ്രനാഥ് എന്ന മനുഷ്യന് വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ ഏറെ പഴികള്കേട്ട വകുപ്പിന് പ്രതീക്ഷകളേറെയാണ്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ പ്രിയപ്പെട്ട ഈ കെമിസ്ട്രി അധ്യാപകന് പന്തല്ലൂര്‍ കുന്നത്തേരി തെക്കേമഠം പീതാംബരന് കര്‍ത്തയുടെയും ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടേയും മകനായാണ് ജനിച്ചത്.
രാഷ്ട്രീയം എന്തുമായിക്കോട്ടെ 2006 വരെ യു.ഡി.എഫ് കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം രവീന്ദ്രനാഥിനെ ഇറക്കി ഇടതുമുന്നണി തിരിച്ചുപിടിച്ചശേഷം വന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഭൂരിപക്ഷം നല്കി പുതുക്കാട്ടുകാര്‍ രവീന്ദ്രനാഥിന്റെ മനുഷ്യത്വപരമായ വികസനത്തിന് അംഗീകാരം നല്കികൊണ്ടിരിക്കുന്നു.
മൂന്നാം അങ്കത്തിലും രവീന്ദ്രനാഥ് സ്വന്തമാക്കിയ തിളക്കമാര്‍ന്ന വിജയത്തിന് പാര്‍ട്ടി നല്കിയ അംഗീകാരമാണ് വിദ്യാഭ്യാസ മന്ത്രിപദം. എന്തുകൊണ്ട് വീണ്ടും,വീണ്ടും, രവീന്ദ്രനാഥ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാര്‍ഷിക മേഖലയിലടക്കം പുതുക്കാട് മണ്ഡലത്തില്‍ രവീന്ദ്രനാഥ് പടുത്തുയര്‍ത്തിയ വികസനം. ആടുഗ്രാമങ്ങള്,നേച്ചര്‍ഫ്രഷ് മില്‍ക്ക്, ഗാലസ, കേരള ക്ളസ്റ്റര്‍, കുടുംബശ്രീ യുണിറ്റുകള്‍ ഗുരുവായൂര്‍ അമ്പലത്തിലേക്കായി നടത്തുന്ന കദളിവാഴകൃഷി, ജൈവ പച്ചക്കറി, കൃത്യതകൃഷി, ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍, തുടങ്ങിയ രവീന്ദ്രനാഥിന്റെ പദ്ധതികള്‍ പുതുക്കാടിന്റെ മാത്രമല്ല പുതുക്കാട്ടുകാരുടെയും ജീവിതത്തെ മാറ്റിമറിച്ചു.
വെറും പത്തുവര്‍ഷത്തിനുള്ളില്‍ 600 കോടിയുടെ പദ്ധതികളാണ് പുതുക്കാട് മണ്ഡലത്തില്‍ രവീന്ദ്രനാഥ് പടുത്തുയര്‍ത്തിയത്. പരിമിതികള്‍ മാത്രമുള്ളപ്പോഴും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍, എം.പി, എം.എല്‍,എ ഫണ്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന മാതൃകകള്‍ രവീന്ദ്രനാഥ് പടുത്തുയര്‍ത്തിയത്. കേരളത്തിനുമാത്രമല്ല രാജ്യത്തിനു തന്നെ മാതൃകയാകുന്നതായിരുന്നു സുസ്ഥിര പുതുക്കാട് എന്ന രവീന്ദ്രനാഥിന്റെ സ്വപ്ന പദ്ധതി. പൂവണിഞ്ഞ ഈ സ്വപ്നം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കും യുവ തലമുറയ്ക്കും നല്കുന്ന സ്വപ്നം ചെറുതല്ല.
ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്, കൊടകര മേഖലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും രവീന്ദ്രനാഥ് ശ്രദ്ധ നേടിയിരുന്നു. സി.പി.എം കൊടകര ഏരിയ കമ്മിറ്റിയംഗമാണ്. ജനകീയാസൂത്രണ പദ്ധതി ജില്ലാ കണ്‍വീനറും ആസൂത്രണ ബോര്‍ഡിന്റെ കണ്‍സല്‍ട്ടന്റുമായിരുന്നു.
കിലയുടെ സ്ഥിരം ഫാക്കല്‍റ്റിയായ രവീന്ദ്രനാഥ് സാക്ഷരതാ മിഷന് ബ്ലോക്ക് കീ റിസോഴ്സ് പേഴ്സണ്‍, കോറസ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, എന്ന നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്നു വിരമിച്ച പ്രൊഫ. എം.കെ. വിജയം. മക്കള്‍: ഡോ. ലക്ഷ്മിദേവി, ജയകൃഷ്ണന്.