പിണറായി വിജയന് മന്ത്രിസഭയിലേക്ക് ഏറ്റവും ഒടുവില്‍ തീരുമാനമായ പേര് മാത്യു.ടി തോമസിന്റേതായിരുന്നു. ജനദാതള്‍(എസ്) എം.എല്‍എയാണ് മാത്യു ടി തോമസ്. 1961 സെപ്റ്റംബര്‍ 27ന് പത്തനം തിട്ടജില്ലയിലെ തിരുവല്ലയില്‍ വൈദികനായ തുമ്പുംപാട്ട് ഫാ.ടി.തോമസിന്റെയും അന്നമ്മയുടേയും മകനായാണ് മാത്യു ടി തോമസിന്റെ ജനനം.
1977ല്‍ കേരള വിദ്യാര്‍ഥി ജനതയിലൂടെയാണ് മാത്യുടി തോമസിന്റെ രാഷ്ട്രീയ പ്രവേശം. മാര്‍ത്തോമ കോളേജ് യൂണിറ്റ് പ്രസിഡന്റില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തിയ തോമസ് പിന്നീട് ജനതാപാര്‍ട്ടി ജനതാദളില്‍ ലയിച്ചപ്പോള്‍ യുവജനതാദളിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. 2010 നവംബര്‍ മുതല്‍ ജനതാദള്‍(എസ്)സംസ്ഥാന പ്രസിഡന്റാണ്. മാര്‍ത്തോമ കോളേജില്‍നിന്ന് എം.എസ്സി.യും തിരുവനന്തപുരം ലോകോളേജില്‍നിന്ന് നിയമബിരുദവും നേടി.
തിരുവല്ലയില്‍ നിന്നും ഹാട്രിക് വിജയം നേടിയാണ് മാത്യു ടി. തോമസ് ഇത്തവണ തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. 2006 ലും 2011ലും, പതിനായിരത്തിലധികം വോട്ടുകളുടെ ആധികാരിക വിജയത്തോടെയാണ് നിയമസഭയിലേക്കെത്തുന്നത്. 1987 ല്‍ കന്നിജയം നേടുമ്പോള്‍ വെറും 25 വയസ് മാത്രമാണ് മാത്യു ടി.തോമസിന്റെ പ്രായം. പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ മാമ്മന്‍ മത്തായിയോട് മത്സരിച്ച് ആദ്യ പരാജയം നുണഞ്ഞെങ്കിലും 15 വര്‍ഷത്തിനുശേഷം വിജയിച്ച് വീണ്ടും മടങ്ങിയെത്തി. അച്ച്യുതാനന്ദന് മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി. തോമസ് ബസ് ചാര്‍ജ് കുറച്ച ആദ്യ മന്ത്രിയെന്ന റെക്കോര്‍ഡിനുടമയാണ്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലം ജനതാദളിന് കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം 2009 മാര്‍ച്ച് 16-ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച മാത്യു ടി. തോമസ്. പിന്നീട് ഇതേവിഷയത്തില്‍ പാര്‍ട്ടി ഇടതുമുന്നണി വിട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയില്‍ത്തന്നെ ഉറച്ചുനിന്നു.