വിദ്യാഭ്യാസ കാലഘട്ടത്തിലേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ യുവജന പോരാട്ടങ്ങളിലും നിറ സാന്നിധ്യമായിരുന്നു. നിരവധി തവണ പൊലീസ് ഗുണ്ടാ ആക്രമണങ്ങള്‍ക്ക് വിധേയനായ അദ്ദേഹം അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിയായിരിക്കെ ജയില്‍വാസം അനുഭവിച്ചു. 1996 ല്‍ കഴക്കൂട്ടത്തെ എം.എല്‍.എ ആയിരുന്ന അദ്ദേഹം രണ്ടാം വട്ടമാണ് നിയമസഭയില്‍ എത്തുന്നത്. 

കേരള സര്‍വകലാശാലയില്‍നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദം. മാധവപുരം യു.പി.എസ്, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ചെമ്പഴന്തി എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സസിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമരസംഘടന പ്രവര്‍ത്തനത്തിലും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്നു. 

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി സംഘടനാ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സി.പി.എം പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി, കടകംപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി മൂന്നുതവണ സേവനമനുഷ്ടിച്ചു. നിലവില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗമാണ്. 

കരിക്കകം കടകംപള്ളി വീട്ടില്‍ സി.കെ കൃഷ്ണന്‍കുട്ടിയുടെയും ഭഗവതിയുടെയും മകനാണ്. തിരുമല എ.എം എച്ച്.എസ്.എസ് അധ്യാപിക സുലേഖയാണ് ഭാര്യ. അരുണ്‍ (ടെക്‌നിക്കല്‍ ഓഫീസര്‍, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി), അനൂപ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എറണാകുളം) എന്നിവര്‍ മക്കളാണ്.