മുസ്ലിം ലീഗിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ഇടത് സ്വതന്ത്രനായി മത്സരിച്ച് തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്ഥാനം വരെ എത്തി നില്‍ക്കുന്നതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ജീവിതം. മുസ്്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ.ടി ജലീല്‍ പിന്നീട് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു.
മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006 ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായന് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ കെ.ടി ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി ജലീല്‍ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. വിമാനം ചിഹ്നത്തില്‍ മത്സരിച്ച ജലീലിന്റെ വിജയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ആരോപണവും നിര്‍ണായകമായി. സി.പി.എം അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്.
2011 ല്‍ തിരൂര്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് തവനൂര്‍ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.പി.എം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ മത്സരിച്ച ജലീല്‍ കോണ്‍ഗ്രസിന്റെ വി.വി പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എം.എല്‍.എ ആയി.
ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ജലീലിനെ തവനൂരുകാര്‍ കൈയൊഴിഞ്ഞില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011 നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ജലീല്‍ വിജയമാവര്‍ത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യല്‍ മീഡിയ ഓട്ടോറിക്ഷയില്‍ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്.
കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി തിരൂരില്‍ ജനിച്ച ജലീല്‍ കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം.
എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി എടുത്ത ജലീല്‍ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്രാധ്യാപകനാണ്. മുഖ്യധാര മാഗസിന് എഡിറ്റര്‍, കാലിക്കറ്റ് സിന്‍ഡിക്കേറ്റംഗം, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലായ എം.പി ഫാത്തിമയാണ് ഭാര്യ. അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം എന്നിവരാണ് മക്കള്‍.
ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരു പക്ഷേ ഒരു എം.എല്‍.എ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാല്‍, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാണ് ജലീല്‍ രാഷ്ട്രീയ ജീവിതത്തില്‍ വിജയമധുരം നുണഞ്ഞത്.