രണ്ട് പുതുമുഖ മന്ത്രിമാരെ കിട്ടിയ സന്തോഷത്തിലാണ് കൊല്ലത്തുകാര്‍.സി.പി.എം കുണ്ടറ എം.എല്‍.എ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് അവസരം കൊടുത്തപ്പോള്‍.സി.പി.ഐ പുനലൂര്‍ എം.എല്‍.എയായ അഡ്വ.രാജുവിനെയാണ് പരിഗണിച്ചത്. സി.പി.ഐ മന്ത്രിമാരില്‍ നാലുപേരും പുതുമുഖങ്ങളാണെങ്കിലും ഇവരില്‍  മന്ത്രി പദത്തിലെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നയാളാണ്  അഡ്വ.കെ.രാജു.

കൊല്ലം ജില്ലയില്‍ നിന്ന് തന്നെ മത്സരിച്ച് വിജയിച്ച മുതിര്‍ന്ന നേതാവ്  മുല്ലക്കര രത്നാകരനെ മറികടന്നാണ് രാജുവിന് സി.പി.ഐ നേതൃത്വം മന്ത്രിപദം നല്‍കിയിട്ടുള്ളത്. കൊല്ലം അഞ്ചലിലെ നെടിയറ നെട്ടം സ്വദേശിയാണ് പുത്തന്‍പുരയില്‍ രാജുവെന്ന നിയുക്ത മന്ത്രി അഡ്വ.കെ രാജു.

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗമായ രാജു അഭിഭാഷകന്‍ കൂടിയാണ്.പുനലൂര്‍ മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാജുവിന്റെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന്ന് തെളിവാണ് ഓരോ തവണയും  പുനലൂരില്‍ നിന്നും ഇരട്ടിയിലധികം വര്‍ധിച്ച് കിട്ടുന്ന ഭൂരിപക്ഷം.2006ലെ തിരഞ്ഞെടുപ്പില്‍ സി.എം.പി. നേതാവായിരുന്ന എം.വി.രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയിലധികം വര്‍ധിപ്പിച്ച്  കോണ്‍ഗ്രസ്സിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ 18,005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.ഇത്തവണയത് വീണ്ടും വര്‍ധിപ്പിച്ച് 33582 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇപ്പോള്‍ മന്ത്രി സഭയിലെത്തുന്നത്.

എ.ഐ.വൈ.എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 25-ാമത്തെ വയസ്സില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ചു.പരേതനായ ജി. കരുണാകരന്റെ മകനാണ്. എ.ഐ.എസ്.എഫ്. പ്രവര്‍ത്തകനായിട്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടിയശേഷം തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം അദ്ദേഹം 35 വര്‍ഷമായി അഭിഭാഷകവൃത്തി ചെയ്യുന്നുണ്ട്.പുനലൂര്‍ ബാറിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഭാര്യ ഷീബ റിട്ട. സൂപ്രണ്ടിങ് എന്‍ജീനിയറാണ്.ഋതിക് രാജ് നിഥിന്‍ രാജ് എന്നിവര്‍ മക്കളാണ്.രമ്യയാണ് മരുമകള്‍.