മട്ടന്നൂര്‍ ശിവപുരം ഹയര്‍സെക്കണ്ടറി സ്കൂളിലെ പഴയ സ്കൂള്‍ ടീച്ചര്‍ ഇനി മന്ത്രിക്കസേരയിലേക്ക്. കമ്യൂണിസ്റ്റിന്റെ ജീവിതം ഒരുപാട് ത്യാഗങ്ങള്‍ നിറഞ്ഞതാണെന്ന പാഠം ശൈലജ ടീച്ചര്‍ പഠിച്ചത് വല്യമ്മ എം.കെ. കല്യാണിയമ്മയില്‍ നിന്നാണ്. പാര്‍ട്ടി നിരോധിക്കപ്പെട്ടക്കാലത്തും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വേണ്ടി പോരാടിയ കല്യാണിയമ്മയുടെ ജീവിതമൂല്യങ്ങളാണ് ശൈലജ ടീച്ചര്‍ തന്റെ ജീവിതത്തിലും പകര്‍ത്തിയത്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധത്തിന്റെ ഊര്‍ജവുമായി ശബ്ദമുയര്‍ത്തുന്ന ടീച്ചര്‍ക്കുളള അര്‍ഹിക്കുന്ന സമ്മാനമാണ് ഈ മന്ത്രി പദം.
വ്യക്തമായ വിജയലക്ഷ്യത്തോടെയായിരുന്നു കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയെ ഇടതുമുന്നണി നിയോഗിച്ചത്. 1956 നവംബര്‍ 20ന് കെ.കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂര്‍ ജില്ലയിലെ മടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ശിവപുരം ഹൈസ്കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഏഴ് വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004 ല്‍ സ്വയം വിരമിച്ചു.
1996 ല്‍ പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്നും 2006 ല്‍ പേരാവൂര്‍ മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നിലവില്‍വന്ന പേരാവൂര്‍ മണ്ഡലത്തില്‍നിന്ന് 2011 ല്‍ പരാജയപ്പെട്ടു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയാണ്.
മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ ടീച്ചര്‍ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ശൈലജ ടീച്ചര്‍ മഹിളാ അസോസിയേഷന്റെ സ്്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ വിജയിച്ചത്. ഏതു വിഷയവും പഠിച്ച് അവലോകനം ചെയ്യാന്‍ പ്രത്യേക കഴിവുളള ശൈലജടീച്ചര്‍ പേരാവൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വികസനരേഖ മാതൃകപരമായതില് പ്രശംസ ലഭിച്ചിരുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള സമിതി അധ്യക്ഷയായിരുന്നു. പഴശ്ശി എല്‍.പി. സ്കൂള്‍ റിട്ട. പ്രഥമാധ്യാപകനും മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ കെ.ഭാസ്കരനാണ് ഭര്‍ത്താവ്. മക്കള്‍: ശോഭിത്ത് (എന്‍ജിനീയര്‍, ഗള്‍ഫ്), ലസിത്ത് (എന്‍ജിനീയര്‍, കിയാല്‍).