ജെ.മേഴ്‌സികുട്ടിയമ്മയുടെ വിജയം കശുവണ്ടി കൃഷിമേഖല ഉള്‍പ്പെടെയുളള പരമ്പരാഗത തൊഴില്‍മേഖലയ്ക്ക്് പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷയാണ് കൊല്ലത്തിനുളളത്.  അഞ്ചാം തവണയാണ് സി.പി.എമ്മിന്റെ ജെ.മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ മത്സരിച്ചത്. രണ്ടു തവണ കുണ്ടറ എം.എല്‍.എ. യായിരുന്ന മേഴ്‌സിക്കുട്ടിയമ്മ എസ്.എഫ്.ഐ.യിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദവും കൊല്ലം എസ്.എന്‍. കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എസ്.എഫ്.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ആയപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മ എസ്.എഫ്്.ഐ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 1987 ല്‍ കുണ്ടറ മണ്ഡലത്തില്‍നിന്ന് മേഴ്‌സിക്കുട്ടിയമ്മ 28-ാം വയസ്സില്‍ ആദ്യമായി കേരള നിയമസഭയിലെത്തി. 91 ല്‍ അല്‍ഫോന്‍സാ ജോണിനോട് പരാജയപ്പെട്ടു. 96 - ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ അല്‍ഫോന്‍സാ ജോണിനെ 6,476 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എ. യായി. 

2001 ല്‍ വീണ്ടും മത്സരിച്ചെങ്കിലും വിജയിച്ചില്ല.2001-ലെ പരാജയത്തിന് ശേഷം ഇപ്പോഴാണ് മേഴ്‌സികുട്ടിയമ്മ മത്സരത്തിനിറങ്ങുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 79,047 വേ്ട്ട് നേടിയാണ് മേഴ്‌സിക്കുട്ടിയമ്മ ജയിച്ചത്.

1995 ല്‍ സംസ്ഥാന കമ്മിറ്റി അംഗമായ ജെ.മേഴ്‌സിക്കുട്ടിയമ്മ നിലവില്‍ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേരള കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് അഗം, കേരള സെറാമിക്‌സ് എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു. 

മണ്‍റോതുരുത്ത് മുല്ലശ്ശേരി വീട്ടില്‍ ഫ്രാന്‍സിസിന്റേയും ജൈനമ്മയുടേയും മകളാണ്. സാമൂഹികപ്രവര്‍ത്തകനായ പിതാവ് ഫ്രാന്‍സിസാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക്് രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പ്രചോദനമായത്. ഭര്‍ത്താവ്: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ ബി.തുളസീധരക്കുറുപ്പ്. മക്കള്‍: സോഹന്‍, അരുണ്‍