പത്തുവര്‍ഷമായി അമ്പലപ്പുഴയിലെ എം.എല്‍.എയും മുന്‍ കയര്‍ സഹകരണ ദേവസ്വം മന്ത്രിയുമാണ് ജി.സുധാകരന്‍. നിയമസഭയില്‍ എത്തുന്നത് ഇത് ഏഴാം തവണ. താമരക്കുളം പഞ്ചായത്ത് വേടരപ്ലാവ് വാര്‍ഡില്‍ നല്ല വീട്ടില്‍ പി.ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ച് മക്കളില്‍ രണ്ടാമനായി ജനിച്ചു. 

എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ്. ആദ്യത്തെ അഖിലേന്ത്യാ ഭാരവാഹികളിലൊരാള്‍. ആലപ്പുഴ നഗരസഭയിലെ പ്രതിപക്ഷ നേതവ്, പതിനഞ്ച് വര്‍ഷം കേരള സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലശാലയിലും ഭരണസമിതിയംഗം. ആലപ്പുഴ സഹകരണ സ്പിന്നിങ്ങ് മില്‍ ചെയര്‍മാന്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഉദ്യേഗസ്ഥരെക്കൊണ്ടു താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ജി. സുധാകരന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കൊല്ലത്തുനിന്നാണ്. പിന്നീട് ആലപ്പുഴ ജി. സുധാകരന്റെ തട്ടകമായി മാറി. രാഷ്ട്രീയ ജീവിതത്തിനിടയിലും അദ്ദേഹം തനിക്ക് കിട്ടിയ കഴിവായ കവിതയെഴുത്ത് മുടക്കിയിട്ടില്ല. 

ആദ്യം മന്ത്രിയായിരുന്നപ്പോഴാണ് സുധാകരന്റെ കവിതാ സമാഹാരം പുറത്തിറക്കിയത്. ഒന്‍പത് കവിത സമാഹാരങ്ങളും രണ്ട് നിയമസഭാ പ്രസംഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചത്തയറ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, ചത്തിയറ യു.പി സ്‌കൂള്‍, വെള്ളികുന്നം ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളേജ്, കൊല്ലം ശ്രീനാരയണ കോളേജ്, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കമ്മറ്റിയംഗവുമാണ്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, കശുവണ്ടിത്തൊഴിലാളി സമരങ്ങള്‍, എന്‍.ജി.ഒ. അദ്ധ്യാപകരുടെ സമരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്

ഭാര്യ ഡോ. ജൂബിലി നവപ്രഭ ആലപ്പുഴ എസ്.ഡി കോളേജ് അധ്യപികയാണ് മകന്‍ നവനീത്.