പാര്‍ട്ടി നിലപാടുകളിലെ കര്‍ക്കശ്യവും വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായ നേതാവാണ്  ഇ.പി. ജയരാജന്‍. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവും അദ്ദേഹത്തിന്റെ മുഖമുദ്രകളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്‍ ഡി.വൈ.എഫ.്‌ഐ.യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 

കല്യാശ്ശേരി കണ്ണപുരം എല്‍.പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെതന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 

സ്വന്തം നാട്ടിലെ കൈത്തറി തൊഴിലാളികള്‍ക്കായി ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിന് നേതൃത്വം നല്‍കി. ഇതിനിടയില്‍ ചിറക്കല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഉപേക്ഷിച്ചു. 

1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവനോട് മത്സരിച്ച് തോറ്റ ഇ.പി ജയരാജന്‍ 1991 ല്‍ അഴീക്കോട് നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനെന്ന പേര് കിട്ടിയ ജയരാജന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധപിടിച്ചുപറ്റാന്‍ സാധിച്ചു. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇ.പിയായിരുന്നു. 2011 ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അങ്കത്തിനിറങ്ങിയ ഇ.പി ജയരാജന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ച് കയറിയത്. 

സംഘടനാപ്രവര്‍ത്തനത്തിനിടെ ക്രൂരമായ പൊലീസ് മര്‍ദനത്തിരയായ ഇ.പി പലവട്ടം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കുടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചന്റെ പേരില്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം 1971 ല്‍ നടന്ന ട്രാന്‍പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഷ്ഠിച്ചു.

1995 ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയില്‍ വച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്‍ കഴുത്തിനേറ്റ വെടിയുണ്ടകളുടെ അസ്വസ്ഥതകളോടെയാണ് കഴിയുന്നത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 

പരേതനായ ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി പാര്‍വതിയമ്മയുടെയും മകനായാണ് ഇ.പി ജനിച്ചത്. ജില്ലാ സഹകരണബാങ്ക് മരങ്ങാട്ടുപറമ്പ് ശാഖയില്‍ സീനിയര്‍ മാനേജരായ പി.കെ. ഇന്ദിരയാണ് ഭാര്യ. ജെയ്‌സണ്‍, ജിജിന്‍ രാജ് എന്നിവര്‍ മക്കളാണ്. പാപ്പിനിശ്ശേരി അരോളിയിലാണ് താമസം.