കേരള രാഷ്ട്രീയ ചരിത്രത്തിലെ നിരവധി സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാസര്‍കോടിന് ഇ.ചന്ദ്രശേഖരന് എന്ന സി.പി.ഐ നേതാവ് ഒരിക്കലും അന്യനായിരുന്നില്ല. നിരവധി സമരപോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നേതൃത്വം കൊടുത്ത് സംഘടനാ രംഗത്ത് തഴക്കം വന്ന ജനകീയന്‍. ഒടുക്കം കാഞ്ഞങ്ങാട് നിന്നും ഒരിക്കല്‍ കൂടെ ജനവിധി തേടി ഉജ്ജ്വല വിജയത്തോടെ സി.പി.ഐ നിയമസഭാ കക്ഷി നേതാവായും മന്ത്രിയുമായുള്ള പുതിയ ദൗത്യം. നിലവില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന ട്രഷററുമായ ഇ.ചന്ദ്രശേഖരന് പാര്‍ട്ടിയും ജനങ്ങളും നല്കിയ അംഗീകാരം കൂടിയാണ് 26011 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒരിക്കല്‍ കൂടെയുള്ള വിജയം. 2011-ല്‍ 12178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന് നിയമസഭയിലേക്കെത്തിയതെങ്കിലും ബി.ഡി.ജെ.എസിന്റെ ഭീഷണിയുണ്ടായിരുന്നിട്ട് കൂടി ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ഇ.ചന്ദ്രശേഖരന് മന്ത്രിക്കുപ്പായമുറപ്പിച്ചത്.
എ.ഐ.വൈ.എഫിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ഇ.ചന്ദ്രശേഖരന് പാര്‍ട്ടിയായിരുന്നു എല്ലാം. കാസര്‍കോട് ജില്ല രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1990-കളില്‍ കാസര്‍കോട് നടന്ന എല്‍.ഡി.എഫ് പ്രതിഷേധ സമരങ്ങള്‍ക്കിടെ പോലീസിന്റെ കൊടിയ മര്‍ദനത്തിന് ഇരയാകേണ്ടിയും വന്നു. ദീര്‍ഘകാലം ആശുപത്രി വാസം തേടേണ്ടി വന്നെങ്കിലും ഇരട്ടി വിപ്ലവ വീര്യത്തോടെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇ.ചന്ദ്രശേഖരനെയാണ് പിന്നീട് കാസര്‍കോടുകാര്‍ക്ക് ലഭിച്ചത്.
എ.ഐ.വൈ.എഫിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി,സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇ.ചന്ദ്രശേഖരന് സി.പി.ഐ കാസര്‍കോട് താലൂക്ക് കമ്മിറ്റിയംഗം,അവിഭക്ത കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം,കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം,സംസ്ഥാന കൗണ്‍സില്‍ അംഗം,1984-ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ ജില്ല അസിസ്റ്റന്റ് സെക്രട്ടറി,കാസര്‍കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005-മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമായും പ്രവര്‍ത്തിച്ചു.1979 മുതല്‍ 85 വരെ ചെമ്മനാട് പഞ്ചായത്തംഗവുമായിരുന്നു.
ഗ്രാമവികസന ബോര്‍ഡംഗം,കേരള അഗ്രോ മെഷനറീസ് കോര്പറേഷന്(കാംകോ)ഡയറക്ടര്‍,കെ.എസ്.ആര്.ടി.സി സ്റ്റേറ്റ് പുനര്‍ നിര്‍ണയ കമ്മിറ്റിയംഗം തുടങ്ങി വിവിധ പദവികളും ഇ.ചന്ദ്രശേഖരന് അലങ്കരിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ നിയമസഭാ കക്ഷി ഉപനേതാവ് കൂടിയാണ് ഇ.ചന്ദ്രശേഖരന്. പെരുമ്പളയിലെ പരേതനായ പി.കുഞ്ഞിരാമന് നായരുടെയും ഇ.പാര്‍വതിയമ്മയുടെയും മകനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം കൂടിയായ സാവിത്രിയാണ് സഹധര്‍മിണി. കാര്യവട്ടം ക്യാമ്പസിലെ എം.ഫില്‍ വിദ്യാര്‍ത്ഥിനി നീലി ചന്ദ്രന് ഏക മകളാണ്.