2006 - ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വൈദ്യുതി, പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായിരുന്നു. നാദാപുരം തുണേരിയില്‍ 1951 ആഗസ്റ്റ് മൂന്നിന് കേളപ്പന്റെയും കുഞ്ഞിയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. കോഴിക്കോട് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബി. പാസായ ബാലന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 

എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബാലന്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980-ല്‍ ഒറ്റപ്പാലത്തു നിന്നാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നിയമസഭയിലേക്ക് തുടര്‍ച്ചയായ നാലു വിജയങ്ങള്‍. രണ്ടു തവണ തരൂരില്‍ നിന്നും അതിനുമുമ്പ് കുഴല്‍മന്ദത്തു നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമായിരിക്കെ 2006-ല്‍ ആലത്തൂരില്‍ നിന്നു ജയിച്ചാണ് ബാലന്‍ ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. 2011-ലെ മണ്ഡല പുനര്‍വിഭജനത്തോടെ തരൂരിലേക്ക് മാറേണ്ടി വന്ന ബാലന്‍ അവിടെനിന്നും കാല്‍ലക്ഷത്തോളം ഭൂരിപക്ഷത്തോടെയാണ് വീണ്ടും വിജയിച്ചുകയറിയത്. പാര്‍ട്ടിയുടെ പ്രത്യേക പരിഗണനയോടെയാണ് ബാലന്‍ നാലാം തവണയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 

മന്ത്രിയായിരുന്ന സമയത്തെ പ്രവര്‍ത്തന മികവിനോടൊപ്പം പാലക്കാട് ജില്ലയിലെ പാര്‍ട്ടി വിഭാഗീയത നേരാംവണ്ണം പഠിച്ചു പരിഹരിച്ചു എന്ന നിലയ്ക്കു കൂടിയായിരുന്നു ബാലനെ വീണ്ടും മത്സരിപ്പിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനം. വൈദ്യുതി വകുപ്പില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ച അദ്ദേഹമാണ് കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമാക്കണം എന്ന ആശയം മുന്നോട്ടു വച്ചത.് 

പട്ടികജാതി പിന്നാക്ക ക്ഷേമമന്ത്രി എന്ന നിലയിലും മികവുറ്റ പ്രകടനമാണ് ബാലന്‍ കാഴ്ചവച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നിരവധി പുതിയ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കംകുറിച്ചിരുന്നു. പട്ടികജാതി, പട്ടികവിഭാഗത്തിലെ കുട്ടികള്‍ക്കായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 

സി.പി.എമ്മിന്റെ നിയമസഭാകക്ഷി സെക്രട്ടറിയായിരുന്ന ബാലന്‍ വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസോടെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായി മാറി. പട്ടികജാതി വിഭാഗത്തില്‍ നിന്നും പി.കെ.കുഞ്ഞച്ചനു ശേഷം കേന്ദ്രകമ്മിറ്റിയിലെത്തുന്ന നേതാവാണ് ബാലന്‍. 

23,068 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബാലന്‍ ഇത്തവണ നിയമസഭയിലേക്കെത്തുന്നത്. നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ ഡോ. പി.കെ. ജമീലയാണ് ഭാര്യ. നിവിന്‍, നിഖില്‍ എന്നിവര്‍ മക്കളാണ്.