2004 ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരനെ പരാജയപ്പെടുത്തിയാണ് എ.സി. മൊയ്തീന്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറുന്നത്. അന്ന് ആദ്യമായി നിയമസഭയിലെത്തിയ എ.സി മൊയ്തീനെ തന്നെയാണ് 2006 നിയമസഭാ തിരഞ്ഞെടുപ്പിലും വടക്കാഞ്ചേരി പിടിക്കാനുള്ള ദൗത്യം സി.പി.എം ഏല്‍പ്പിച്ചത്.

 ടി.വി ചന്ദ്രമോഹനെ 20,821 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ മൊയ്തീന്‍ 2011 വരെ വടക്കാഞ്ചേരിയുടെ എം.എല്‍.എ സ്ഥാനത്തിരുന്നു. തുടര്‍ന്ന് സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ മൊയ്തീന്‍ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. 

ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് മൊയ്തീന്‍ കുന്ദംകുളത്ത് മത്സരിക്കാനെത്തിയത്. കമ്യൂണിസ്റ്റ് മാര്‍ക്്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി)യുടെ സി.പി ജോണായിരുന്നു എ.സി.മൊയ്തീന്റെ എതിരാളി. 2011 ല്‍ സി.പി.എമ്മിന്റെ ബാബു പാലിശ്ശേരിയോട്  481 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം തോറ്റ സി.പി ജോണ്‍ ഇത്തവണ കുന്ദംകുളം പിടക്കാനുറച്ച് തന്നെയാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഭൂരിപക്ഷം 7,782 ആക്കി ഉയര്‍ത്തി എ.സി മൊയ്തീന്‍ സി.പി ജോണിന് കനത്ത തിരിച്ചടി നല്‍കി. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിപ്പിക്കുന്നതില്‍ ഇടതുപക്ഷം കാട്ടിയ മിടുക്കും എം.എല്‍.എ ആയിരുന്ന കാലഘട്ടത്തില്‍ വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി മുന്നില്‍ നിന്നതുമാണ് എ.സി മൊയ്തീന്റെ വിജയം അനായാസമാക്കിയത്. 

ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ മൊയ്തീന്‍, സി.പി.എം തെക്കുംകര ലോക്കല്‍ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി  തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1988 ല്‍ തെക്കുംകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. 1990 ല്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗവമായി.  കര്‍ഷക സംഘത്തിന്റെ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വടക്കാഞ്ചേരി പനങ്ങാട്ടുകര കല്ലമ്പാറ ആക്കപ്പറമ്പില്‍ ചിയാമുവിന്റെയും ഫാത്തിമാബീവിയുടെയും മകനാണ്. ഭാര്യ: എസ്. ഉസൈബ ബീവി (എരുമപ്പെട്ടി പി.എച്ച്.സി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്) മകള്‍: ഡോ. ഷീബ