ചെന്നൈ : മദിരാശി കേരളസമാജം കെട്ടിടം പൊതുവേ പുലര്‍ച്ചെ തുറക്കാറില്ല. പക്ഷേ, ഞായറാഴ്ച അതിരാവിലെത്തന്നെ ഇവിടത്തെ ജോലിക്കാരന്‍ പശുപതി ഗേറ്റ് മലര്‍ക്കെ തുറന്നുവെച്ചിരുന്നു. മാതൃഭൂമിസംഘത്തെക്കാത്ത്. പശുപതിയും സമാജത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. കരുണാകരനും എല്ലാ സഹായവും വാഗ്ദാനംചെയ്ത് രംഗത്തുണ്ടായിരുന്നു. പ്രളയദുരിതമനുഭവിക്കുന്ന ചെന്നൈയിലെ സഹോദരിമാര്‍ക്ക് വസ്ത്രമുള്‍പ്പെടെയുള്ള സാമഗ്രികളടങ്ങിയ കിറ്റുകള്‍ തയ്യാറാക്കുന്നതിന് ഇവര്‍ മുന്‍നിരയില്‍ നിന്നു.
 
തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാലയവും പരിസരവും ശുചീകരിക്കണമെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് പതിപ്പിച്ചിട്ടുണ്ടിവിടെ. ശുചീകരണ പ്രവൃത്തിയൊക്കെ തത്കാലം മാറ്റിവെച്ചാണ് സമാജം നന്മയുടെ വാതില്‍ മാതൃഭൂമിക്കായി തുറന്നുതന്നത്. സമാജം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും സഹായത്തില്‍ പങ്കാളിയായി. ചെന്നൈയിലെ സഹോദരിമാര്‍ക്കുള്ള സാധനങ്ങളാണ് കിറ്റുകളില്‍ നിറയക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കുമ്പളങ്ങാട് വികാരാധീനനായി: ''കഷ്ടം, നമ്മുടെ സഹോദരിമാരുടെ അവസ്ഥ. 'മാതൃഭൂമി'യുടെ ഈ സേവനം മഹത്തരമാണ്. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടല്ലോ.'' ടി.കെ.കരുണാകരനും മാതൃഭൂമിദൗത്യത്തില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി. രാവിലെമുതല്‍ കരുണാകരന്‍ ഇവിടെയുണ്ട്.
 
വിതരണംചെയ്യുന്ന സ്ഥലങ്ങളിലും ഇദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. കേരളസമാജത്തില്‍ പാക്കിങ്ങിന് എത്തിയവരുടെ കൂട്ടത്തില്‍ ഏതാനും കുട്ടികളെയും കണ്ടു. അവധിദിവസമായിട്ടും രാവിലെത്തന്നെ സേവനത്തിന് ഇറങ്ങുകയായിരുന്നു ഈ കുട്ടികള്‍. മാതൃഭൂമി മാര്‍ക്കറ്റിങ് മാനേജര്‍ അഡ്വര്‍ടൈസിങ് സുനില്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ മാതൃഭൂമിയിലെ ചെന്നൈ യൂണിറ്റിലെ ജീവനക്കാരും കേരളത്തില്‍നിന്നെത്തിയ സംഘവും ചെന്നൈയിലെ കാരുണ്യമനസ്‌കരായവരും ഒരുമിച്ച് കൈകൊര്‍ത്തപ്പോള്‍ ജോലികള്‍ വളരെ പൊടുന്നനെ പൂര്‍ത്തിയാവുകയായിരുന്നു. ഉദ്ദേശിച്ച സമയത്തിന് മുമ്പുതന്നെ കിറ്റുകള്‍ നിറച്ച വാഹനങ്ങളുമായി മാതൃഭൂമി ടീമിന് ദുരിതബാധിത പ്രദേശങ്ങളില്‍ എത്താന്‍ സാധിച്ചു.