ചെന്നൈ : മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള 'ചെന്നൈക്കൊരു കൈത്താങ്ങ്' പദ്ധതിയില്‍ സഹകരിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുകയാണ് ജാന്‍സി കിഷോറും മകള്‍ കീര്‍ത്തിയും. അപ്രതീക്ഷിതമായാണ് ജാന്‍സിക്കും മകള്‍ക്കും മാതൃഭൂമി സംഘവുമായി സഹകരിക്കാന്‍ അവസരംലഭിക്കുന്നത്. ''ശരിക്കും ഇതൊരു നിയോഗമാണ്. വലിയ പുണ്യപ്രവൃത്തിയാണ് മാതൃഭൂമി സംഘം നടത്തുന്നത്''- സിങ്കപ്പൂരില്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്ത് വേരുകളുള്ള ജാന്‍സി പറയുന്നു. തന്റെ മണ്ണില്‍നിന്നുള്ള ഒരു പത്രം അയല്‍ നാടായ ചെന്നൈയില്‍ നടത്തുന്ന കാരുണ്യത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ജാന്‍സി ഒപ്പം കൂടുകയായിരുന്നു. ഒപ്പം പൂര്‍ണസന്തോഷത്തോടെ മകളും.

ഞായറാഴ്ച മദ്രാസ് കേരള സമാജത്തില്‍ ചെന്നൈയിലെ സഹോദരിമാര്‍ക്കു നല്‍കാനായി വസ്ത്രങ്ങളും മറ്റും പാക്കറ്റുകളിലാക്കി ഒരുക്കിവെക്കുമ്പോള്‍ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത് ജാന്‍സിയായിരുന്നു. പുലര്‍ച്ചെ തന്നെ ജാന്‍സിയും മകളും ഇവിടെ എത്തി. കൂടാതെ സിങ്കപ്പൂര്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ഷാ, ജെയിന്‍ എന്നീ രണ്ടു വനിതകളെയുംഇവര്‍ ഒപ്പംകൂട്ടി. ''മാതൃഭൂമി ചെന്നൈയില്‍ നടത്തുന്ന സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത് ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്. അതീവ സൂക്ഷ്മതയോടെയും സുതാര്യമായും ചെയ്യേണ്ട ഒന്ന്. മാതൃഭൂമി ടീം അനായാസമായി ഇത് ചെയ്യുന്നതു കാണുമ്പോള്‍ അദ്ഭുതം തോന്നുന്നു. മികച്ച ഒരു ടീം വര്‍ക്കാണിത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുപോലെ മാതൃഭൂമിയുടെ ഉദ്യമത്തില്‍ സഹകരിക്കുന്നതു കാണുമ്പോള്‍ മനസ്സുനിറയുന്നു. ശരിക്കും ഇതില്‍ പങ്കാളിയാകാന്‍ പറ്റിയതില്‍ അഭിമാനമാണ് തോന്നുന്നത്'' -ജാന്‍സി പറഞ്ഞു.
 
മാതൃഭൂമിയുടെ കാരുണ്യ പദ്ധതിയില്‍ സേവനംചെയ്യാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ജാന്‍സി ചെന്നൈയില്‍ താമസിക്കുന്ന സിങ്കപ്പൂര്‍ സ്വദേശികളായ വനിതകള്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. അങ്ങനെയാണ് രണ്ടു വനിതകള്‍ ജാന്‍സിക്കൊപ്പമെത്തിയത്. പ്രളയം ദുരിതംവിതച്ച അയ്യപ്പന്താങ്ങളിലെ വൃദ്ധസദനത്തില്‍ ഏതാനും ദിവസം മുമ്പ് ജാന്‍സി സഹായവുമായെത്തിയിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന ജാന്‍സി നേരത്തെ ഊട്ടിയില്‍ താമസിച്ചപ്പോള്‍ അവിടെ ഇന്നര്‍ വീല്‍ ക്ലൂബ്ബുമായി സഹകരിച്ച് നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. സിങ്കപ്പൂരിലെ നാരായണഗുരുകുലത്തില്‍വെച്ച് മലയാളം എഴുതാനും വായിക്കാനും പഠിച്ചതും നന്നായെന്നു കരുതുന്ന ഇവര്‍ മാതൃഭൂമി പത്രത്തിന്റെ സ്ഥിരം വായനക്കാരി കൂടിയാണ്.