ചെന്നൈ: മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുളള സഹോദരിക്ക് സസ്നേഹം പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയും ചെന്നൈയില്‍ വിവിധയിടങ്ങളില്‍ സഹായവിതരണം നടത്തി. കൂടാതെ കടലൂര്‍ ജില്ലയിലും സഹായമെത്തി. 3000 കിറ്റുകളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ചെന്നൈയില്‍ ഷോലിങ്കനല്ലൂര്‍, വ്യാസര്‍പാടി, രാമാപുരം, വല്‍സരവാക്കം തുടങ്ങിയ ഇടങ്ങളിലാണ് സഹായമെത്തിച്ചത്. ഒരു നൈറ്റി, സോപ്പുകള്‍, സാനിറ്ററി നാപ്കിന്, അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ കിറ്റിലുമുള്ളത്.
ഞായറാഴ്ച ജാഫര്ഖാന്പേട്ടയിലാണ് സഹായവിതരണത്തിന് തുടക്കമിട്ടത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് സഹായമെത്തിക്കും. ചെന്നൈക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സഹായം വിതരണംചെയ്യാനെത്തിയ മാതൃഭൂമിസംഘത്തോട് പ്രളയദുരിതബാധിതരായ സ്ത്രീകള്‍ ഉടുവസ്ത്രമില്ലാത്തതിന്റെ സങ്കടം വിവരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ക്കു സഹായമെത്തിക്കുന്നതിനായി സഹോദരിക്ക് സസ്നേഹം എന്ന കാരുണ്യപദ്ധതിക്ക് മാതൃഭൂമി തുടക്കമിട്ടത്.