ചെന്നൈ : അണ്ണാനഗര്‍ അയ്യപ്പ ചാരിറ്റബിള്‍ ട്രസ്റ്റ് അയ്യപ്പസേവാസമാജത്തിന്റെ സഹകരണത്തോടെ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്‍കി.  അണ്ണാനഗര്‍ ചിന്മയ വിദ്യാലയത്തിലെ കുട്ടികളും ഇതില്‍ അണിചേര്‍ന്നു. കൊളത്തൂര്‍, എം.എം.ഡി.എ.കോളനി, എന്‍.എസ്.കെ.നഗര്‍, നടുവങ്കരൈ, സിഡ്കൊ നഗര്‍, പാടിക്കുപ്പം, ടി.പി.ഛത്രം, വ്യാസര്‍പാടി, കൊടുങ്കയ്യൂര്‍ തുടങ്ങിയയിടങ്ങളില്‍ 40,000-ത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണംചെയ്തു. 
അണ്ണാനഗര്‍ അയ്യപ്പ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള കാന്റീനില്‍ പ്രളയബാധിതര്‍ക്ക് നല്‍കാനായി ദിനവും ഭക്ഷണം ഉണ്ടാക്കുന്നുണ്ട്. കൂടാതെ അരിയടക്കമുള്ള 2000 കിറ്റുകളും വിതരണംചെയ്തു. 
 അഡയാര്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ചുടണ്‍ അരിയും 40 കിടക്കവിരികളും നല്‍കി. പ്രത്യേക മെഡിക്കല്‍ സംഘവും ചികിത്സയ്ക്കായി രംഗത്തിറക്കി. 
 ഇതിനകം 1500 പേര്‍ക്ക് ചികിത്സ നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.ഉണ്ണിത്താന്‍, സെക്രട്ടറി കെ.എന്‍.ജി.നായര്‍, അയ്യപ്പ സേവാസമാജം പ്രസിഡന്റ് വി.ജി.എ.മേനോന്‍, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ജയ്ശങ്കര്‍ ഉണ്ണിത്താന്‍, സമാജംസെക്രട്ടറി സി.എസ്.രവി, ട്രഷറര്‍ വി.വി.ജയ്ദേവ് തുടങ്ങിയവരാണ് ദുരിതാശ്വാസസഹായമെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.