ചെന്നൈ : വെള്ളപ്പൊക്കത്തില്‍നിന്ന് ജനജീവിതം പതിയെ സാധാരണനിലയിലേക്ക് തിരിച്ചു വരുന്നുണ്ടെങ്കിലും ചെന്നൈയില്‍ പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ത്തന്നെ. കോര്‍പ്പറേഷന്‍ അധികൃതരുടെ കണക്കുപ്രകാരം നഗരത്തിലെ 72 ഇടങ്ങളില്‍നിന്ന് വെള്ളം ഇതുവരെ ഒഴിഞ്ഞുപോയിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ പെടാപ്പാടുപെടുകയാണ്. പലയിടത്തും കെട്ടിക്കിടക്കുന്ന വെള്ളം മലിനജലവുമായിച്ചേര്‍ന്ന് ദുര്‍ഗന്ധം ഉണ്ടാക്കുന്നു. പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
ഷോലിങ്കനല്ലൂരിലാണ് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ വെള്ളക്കെട്ടുള്ളത്. ഇവിടത്തെ 16 മേഖലകള്‍ ഇപ്പോഴും വെള്ളത്തിലകപ്പെട്ടുകിടക്കുന്നു. നഗരത്തിനടുത്തുള്ള പ്രദേശമായ കോടമ്പാക്കത്ത് 15 ഇടങ്ങള്‍ വെള്ളത്തിലാണ്. മണലിമേഖലയിലെ പത്തിടങ്ങളില്‍നിന്ന് വെള്ളം ഒഴിഞ്ഞുപോയിട്ടില്ല. ഷോലിങ്കനല്ലൂരില്‍ സുനാമിനഗര്‍, എല്‍ക്കോട്ട് അവന്യു, നോര്‍ത്ത് ഉസ്മാന്‍സ്ട്രീറ്റ്, ഇളങ്കോനഗര്‍ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് അതിരൂക്ഷം. മണലിയിലെ കൃഷ്ണനഗറും വെള്ളത്തിലാണ്. 
വത്സരവാക്കത്ത് എട്ടിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. വേമ്പുലിയമ്മന്‍കോവില്‍ തെരുവ് പുഴപോലെയായിട്ടുണ്ട്. തൊട്ടടുത്തുള്ള ലാംബര്‍ട്ട് നഗറിലും വെള്ളമുണ്ട്. തിരുവൊട്ടിയൂര്‍, തൊണ്ടയാര്‍പേട്ട് മേഖലയില്‍ ആറിടങ്ങളിലും മാധവാരം, അമ്പത്തൂര്‍, അഡയാര്‍, മേഖലകളില്‍ മൂന്നിടങ്ങില്‍വീതവും ആലന്തൂരില്‍ രണ്ടിടങ്ങളിലും പെരുങ്കുടിയില്‍ ഒരു സ്ഥലത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതായും അധികൃതര്‍ അറിയിച്ചു. 
റോയപുരം, തിരുവിക നഗര്‍, അണ്ണാനഗര്‍, തേനാംപേട്ട് ഭാഗങ്ങളില്‍നിന്ന് വെള്ളം പൂര്‍ണമായും നീക്കംചെയ്യാനായതായും ഇവര്‍ അറിയിച്ചു. വെള്ളം നീക്കംചെയ്യുന്നതിന് പമ്പുകളുടെ അഭാവമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പമ്പുസെറ്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.