''ങ്ങ് എക്കാലവും എം.പി. തന്നെയായിരിക്കും'' - 2009-ല്‍ ലോക്സഭയില്‍നിന്നു പിരിയുമ്പോള്‍ എം.പി. വീരേന്ദ്രകുമാറിനോട് എം.പി.യായിരുന്ന സി.എസ്. സുജാത പറഞ്ഞു. പതിനൊന്നു വര്‍ഷത്തിനുശേഷം മരിക്കുമ്പോഴും അദ്ദേഹം എം.പി.യായിരുന്നു. സുജാത സൂചിപ്പിച്ചതുപോലെ മാറ്റമില്ലാത്ത ഇനീഷ്യലിന്റെ ബലത്തിലല്ല, മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന രാഷ്ട്രീയത്തിന്റെ ബലത്തില്‍. രാഷ്ട്രീയം മാറുമ്പോഴും വീരേന്ദ്രകുമാറിന് നിലപാടുകളില്‍ മാറ്റമില്ലായിരുന്നു. സോഷ്യലിസം, സെക്കുലറിസം, ജനാധിപത്യം എന്നിങ്ങനെ ഭരണഘടനയില്‍ മുദ്രിതമായ സനാതനതത്ത്വങ്ങളില്‍ അധിഷ്ഠിതമായിരുന്നു വീരേന്ദ്രകുമാറിന്റെ നിലപാടുകള്‍. ജയപ്രകാശ് നാരായണില്‍നിന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗത്വവും സോഷ്യലിസ്റ്റ് ശാഠ്യങ്ങളും സ്വീകരിച്ച വീരേന്ദ്രകുമാര്‍ സൈദ്ധാന്തിക സോഷ്യലിസ്റ്റായിരുന്നു. അടിയന്തരാവസ്ഥയില്‍ ഒളിവില്‍പ്പോയ വീരേന്ദ്രകുമാറിന്റെ സ്വത്ത് കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ചെയ്തു. എ.കെ.ജി.യുടെ നിര്‍ദേശമനുസരിച്ചായിരുന്നു താന്‍ ഒളിവില്‍ പോയതെന്ന് അദ്ദേഹം പറയുന്നു. സ്വത്തും സ്വാതന്ത്ര്യവും ഒരുമിച്ച് നഷ്ടപ്പെട്ട അനുഭവം അന്ന് അധികംപേര്‍ക്കുണ്ടായിട്ടില്ല. ജയില്‍വാസത്തെക്കാള്‍ ഭീകരമാണ് അജ്ഞാതവാസം. ഒളിവിലെ അപകടകരമായ സാഹസികത സ്വകാര്യനിമിഷങ്ങളില്‍ വീരേന്ദ്രകുമാര്‍ സരസമായി വിവരിക്കുമായിരുന്നു.

ഉറപ്പും ഉറപ്പില്ലായ്മയും വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയജീവിതത്തിലെ സവിശേഷതയാണ്. 1987-ല്‍ വനംവകുപ്പ് മന്ത്രിയെന്നനിലയില്‍ 48 മണിക്കൂര്‍ തികയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഏറ്റവും കുറഞ്ഞ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡ് അദ്ദേഹത്തിന്റെ പേരിലായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഉത്തരവ്. അതിന്റെ പേരിലായിരുന്നില്ല അദ്ദേഹത്തിനു മന്ത്രിസ്ഥാനം നഷ്ടമായത്. കേന്ദ്രത്തിലെ ചില നേതാക്കന്മാരുടെ ഒത്താശയോടെ കേരളത്തിലെ ചില യുവനേതാക്കള്‍ നടത്തിയ ചരടുവലിയാണ് വീരേന്ദ്രകുമാറിന്റെ രാജിക്ക് കാരണമായത്.

വീരേന്ദ്രകുമാര്‍ വകുപ്പൊഴിഞ്ഞതോടെ ആ ഉത്തരവും ഇല്ലാതായി. പിന്നീട് ധാരാളം വൃക്ഷങ്ങളും വടവൃക്ഷങ്ങളും വീണു; വനത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും. വരള്‍ച്ചയും പ്രളയവും ഉണ്ടായി. എല്ലാറ്റിനെയും അതിജീവിച്ചുകൊണ്ട് പ്രകൃതിയുടെ ഉപാസകനായ വീരേന്ദ്രകുമാര്‍ മണ്ണില്‍ ഉറച്ചുനിന്നു. 1997-ല്‍ ഉപതിരഞ്ഞെടുപ്പിലൂടെ ഞാന്‍ ലോക്സഭയിലെത്തിയപ്പോള്‍ തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്നു അദ്ദേഹം. അതിനുമുമ്പ് അദ്ദേഹം ധനകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്നു. ജനതാ പാര്‍ട്ടിയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നതിനാല്‍ എന്നോട് അദ്ദേഹത്തിനു പ്രത്യേകമായ താത്പര്യമുണ്ടായിരുന്നു. 2004-ല്‍ ഞങ്ങള്‍ രണ്ടുപേരും വീണ്ടും എം.പി.മാരായി. അഞ്ചുവര്‍ഷം ഒരേ ബെഞ്ചില്‍ അടുത്തിരുന്നു. അദ്ദേഹത്തിന്റെ ചെറിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നതുപോലും ആസ്വാദ്യകരവും പ്രയോജനകരവുമായിരുന്നു. പ്രസംഗിക്കുന്നതിനുള്ള അവസരം അദ്ദേഹം പാഴാക്കിയിരുന്നില്ല. സ്പീക്കറുമായുള്ള അടുപ്പം ഈ ആവശ്യത്തിനുവേണ്ടി അദ്ദേഹം ഗുണപരമായി പ്രയോജനപ്പെടുത്തി. ആരെയും അങ്ങനെ സംസാരിക്കാന്‍ അനുവദിക്കാതെ എപ്പോഴും സ്വയം സംസാരിച്ചുകൊണ്ടിരുന്ന സ്പീക്കറായിരുന്നു സോമനാഥ് ചാറ്റര്‍ജി. അദ്ദേഹം എ ഗ്രേഡ് നല്‍കിയിട്ടുള്ള ചുരുക്കം അംഗങ്ങളില്‍ ഒരാളായിരുന്നു വീരേന്ദ്രകുമാര്‍. വിഷയം ഏതായാലും പഠിച്ചുപറയുകയെന്നത് വീരേന്ദ്രകുമാറിന്റെ പ്രത്യേകതയായിരുന്നു.

പ്രതിസന്ധികളില്‍നിന്ന് കരകയറ്റി 'മാതൃഭൂമി'യെ മലയാളികളുടെ സ്വന്തം പത്രമെന്നനിലയില്‍ നിലനിര്‍ത്തിയത് വീരേന്ദ്രകുമാറിന്റെ നേട്ടമാണ്. വഹിച്ചിരുന്ന തസ്തിക നോക്കാതെ പത്രാധിപര്‍ എന്ന നിലയില്‍ത്തന്നെ അദ്ദേഹത്തെ വായനക്കാര്‍ കണ്ടു. മാധ്യമങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലും സമ്മേളനങ്ങളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. അക്ഷരവുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ ലോകത്തിന്റെ ഏതറുതിവരെയും സഞ്ചരിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. സഞ്ചരിക്കുമ്പോള്‍ അദ്ദേഹം സഞ്ചാരിയാകുന്നു. സഞ്ചാരം അദ്ദേഹത്തിനു പഠനവും അനുഭവങ്ങളുടെ ശേഖരണവുമായിരുന്നു. അത് കേവലം കാഴ്ചകള്‍ മാത്രമായിരുന്നില്ല. അവയത്രയും അദ്ദേഹം വായനക്കാരുമായി പങ്കുവെച്ചു. വായനക്കാര്‍ക്കു മാത്രമല്ല കേള്‍വിക്കാര്‍ക്കും ആ പങ്കുവെക്കലില്‍ പങ്കുചേരാമായിരുന്നു. ഒരു സായാഹ്നത്തില്‍ കൊച്ചിയില്‍ കണ്ടുമുട്ടിയപ്പോള്‍ ഷാര്‍ജയില്‍നിന്നെത്തിയ അദ്ദേഹം അവിടത്തെ പുസ്തകമേളയിലെ അനുഭവങ്ങളാണ് ദീര്‍ഘമായി പങ്കുവെച്ചത്. പങ്കുവെക്കാന്‍ മടിയില്ലാത്തതായി അദ്ദേഹത്തിന് ഒന്നേയുള്ളൂ -അനുഭവങ്ങള്‍. അവയ്ക്കാകട്ടെ അസാധാരണമായ ദാര്‍ശനികതലമുണ്ടായിരുന്നു.

ഫിലോസഫിയാണ് വീരേന്ദ്രകുമാറിന്റെ അടിസ്ഥാനവിഷയം. ബിസിനസിലേക്കും ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്കും തിരിഞ്ഞപ്പോഴും ഫിലോസഫിയോടുള്ള ആഭിമുഖ്യം അദ്ദേഹം നിലനിര്‍ത്തി. ജ്ഞാനതൃഷ്ണയെന്ന അര്‍ഥത്തിലാണ് ഗ്രീക്കുകാര്‍ ഫിലോസഫിയെ മനസ്സിലാക്കിയിരുന്നത്.

വായനയിലൂടെയും യാത്രയിലൂടെയും വീരേന്ദ്രകുമാര്‍ ജ്ഞാനോപാസകനായി. വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങള്‍ അനുഭവങ്ങളുടെ വിവരണം എന്നതിലുപരി അനുഭവങ്ങളുടെയും കാഴ്ചകളുടെയും ദാര്‍ശനികമായ വ്യാഖ്യാനമാണ്. ഇതര യാത്രാഖ്യായികാകാരില്‍നിന്ന് വീരേന്ദ്രകുമാര്‍ വ്യത്യസ്തനാകുന്നത് ഇക്കാരണത്താലാണ്.

പ്രായോഗിക രാഷ്ട്രീയത്തില്‍ വീരേന്ദ്രകുമാറിനു ചേരിയും നിലപാടും മാറേണ്ടിവന്നിട്ടുണ്ട്. കാലിടറുകയും വീഴ്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മൗലികമായ രാഷ്ട്രീയനിലപാടുകളില്‍ വ്യതിചലനം ഉണ്ടായിട്ടില്ല. ഭൂഗോളത്തെ ആഗോളഗ്രാമമായി ചുരുക്കിയെടുത്ത ലോകസഞ്ചാരി ആഗോളീകരണത്തിന്റെ മുഖ്യശത്രുവാണ്. ഗാട്ടും കാണാച്ചരടുകളും എന്ന പുസ്തകത്തിലൂടെ ആഗോളീകരണമെന്ന മഹാവിപത്തിനെക്കുറിച്ച് അദ്ദേഹം മലയാളികള്‍ക്ക് സമയോചിതമായ മുന്നറിയിപ്പുനല്‍കി. പുസ്തകം നന്നായി വായിക്കപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. കാണാച്ചരടുകളെക്കുറിച്ചും ഊരാക്കുടുക്കുകളെക്കുറിച്ചും അദ്ദേഹം നല്‍കിയ പ്രവാചകതുല്യമായ മുന്നറിയിപ്പുകള്‍ അവഗണിച്ചതുകൊണ്ട് പ്രളയതുല്യമായ ആഗോളീകരണത്തില്‍ നമ്മള്‍ മുങ്ങിത്താണു. പറയാനുള്ളത് അവസാനംവരെയും പറഞ്ഞുകൊണ്ടിരുന്നതിനുശേഷമാണ് അദ്ദേഹം യാത്രയായത്.

വെറുമൊരു രാഷ്ട്രീയക്കാരനായിരുന്നില്ല എം.പി. വീരേന്ദ്രകുമാര്‍. മനുഷ്യന്റെയും പ്രകൃതിയുടെയും പക്ഷത്തായിരുന്നു എന്നും അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍. അതുതന്നെയായിരുന്നു അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയതും

പാര്‍ലമെന്റിനുമുന്നില്‍

Content Highlights: Sebastian Paul Memories about MP Veerendra Kumar