ന്യൂഡല്‍ഹി: മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാ അംഗവുമായ എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതായും എംപി വീരേന്ദ്ര കുമാറിന്റെ മകനും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ എംവി ശ്രേയാംസ് കുമാറിന് അയച്ച കത്തില്‍ പ്രധാന മന്ത്രി പറഞ്ഞു.

തന്റെ പൊതുജീവിതത്തിലുടനീളം സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുയേയും ഉന്നമനത്തിനായി അര്‍പ്പണ മനോഭാവത്തോടെ വീരേന്ദ്ര കുമാര്‍ ജി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ നേതൃപാടവത്തിന്‌ കീഴില്‍ മാതൃഭൂമി ഗ്രൂപ്പ് രാജ്യത്തെ തന്നെ വലിയ മാധ്യമ സ്ഥാപനമായി വളര്‍ന്നു. ഇത് ആധുനിക കേരളത്തിലെ സാസ്‌കാരിക മേഖലയെ രൂപപ്പെടുത്താന്‍ ആഴത്തില്‍ സഹായിച്ചു. ലോക്‌നായക് ജയപ്രകാശ് നാരായണന്‍, ഡോ റാം മനോഹര്‍ ലോഹ്യ എന്നിവരുടെ ആദര്‍ശത്തില്‍ പ്രചോദിതനായി അടിയന്തരാവസ്ഥ കാലത്തും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം സധൈര്യം പോരാടി.

മികച്ച എഴുത്തുകാരനും ശ്രദ്ധേയനായ പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന വീരേന്ദ്ര ജി ഒരു ബഹുമുഖ പ്രതിഭയുമായിരുന്നു. വരും തലമുറയ്ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ പോരാടിയ ഒരു ജലസംരക്ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. വീരേന്ദ്ര കുമാര്‍ ജി ഇപ്പോള്‍ നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ മൂല്യങ്ങളും ആശയങ്ങളും കുടുംബാംഗങ്ങളെ മുന്നോട്ട് നയിക്കും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ശക്തി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും കത്തില്‍ പ്രധാനമന്ത്രി കുറിച്ചു.

content highlights: Prime Minister letter to MV Shreyams Kumar, condolences to the family, MP Veerendra Kumar