കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായിരുന്ന എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിന്റെ വാക്കുകള്‍
സ്‌നേഹനിധിയായ ഒരു ബന്ധുവിനെയാണ് നഷ്ടമായത്. എപ്പോള്‍ എവിടെ വച്ചു കണ്ടാലും വളരെ അടുത്ത ബന്ധുവിനെപ്പോലെ സ്‌നേഹത്തോടെ പെരുമാറും. പത്തു ദിവസം മുമ്പെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ പോലും കരുതലോടെ അദ്ദേഹം അന്വേഷിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മവും സ്‌നേഹവുമാണ് എന്നും മനസ്സില്‍ നില്‍ക്കുന്നത്.
പിറന്നാളിന് ആശംസകള്‍ അറിയിച്ചിരുന്നു. കോഴിക്കോട്ടുള്ളപ്പോഴും മറ്റെവിടെ പോയാലും അദ്ദേഹം ഇടയ്ക്കിടെ വിളിക്കും. സിനിമകളുടെയും പുസ്തകങ്ങളുടെയും കാര്യമൊക്കെ പറയുമായിരുന്നു. മകൻ ശ്രേയാംസ്കുമാറുമായും അടുത്ത ബന്ധമുണ്ട്. ഈയടുത്ത കാലത്ത് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. പുറത്തു പോകാനാവാത്തതിനാലും സുഹൃത്തുക്കളെ കാണാന്‍ പോകാന്‍ പറ്റാത്തതിനാലും വലിയ സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ സമാധാനത്തോടെ പോയെന്നാണ് ശ്രേയാംസ്കുമാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ഒരുപാട് ഓര്‍മ്മകള്‍ നമുക്കു തന്നിട്ട് സന്തോഷത്തോടെ ഭൂമിയില്‍ നിന്നും യാത്രയായി എന്നാണ് പറയേണ്ടത്. അങ്ങനെ പറയാനേ എനിക്കിപ്പോള്‍ സാധിക്കൂ.
Content Highlights: mohanlal remembering M.P. Veerendra Kumar on his death