വെറുതേയിരിക്കുമ്പോള്‍, കണ്ണൊന്ന് ചിമ്മുമ്പോള്‍ എവിടെനിന്നൊക്കെയോ ആ വിളി എന്നെത്തേടി വരുന്നു...
'നന്ദാാാ...നന്ദാ നിങ്ങള്‍ എവിടെയാ? എപ്പോഴാ വര്വാ' എന്റെ എംഡിയുടെ, നാടിന്റെ എം.പി. വീരേന്ദ്രകുമാറിന്റെ സ്‌നേഹത്തിലും വാത്സല്യത്തിലും കുതിര്‍ന്ന വിളി. കണ്ണുതുറക്കുമ്പോള്‍ ആരുമില്ല. വെറുതേ ഞാന്‍ നോക്കും: എം.ഡിയുടെ, കനമുള്ള കരയിട്ട മുണ്ടിന്റെ പാളല്‍ എവിടെയെങ്കിലുമുണ്ടോ? ഏറെ ശ്രദ്ധിച്ചും ആലോചിച്ചുറപ്പിച്ചുമുള്ള ആ കാലടിവെപ്പുകള്‍ കേള്‍ക്കുന്നുണ്ടോ? ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിയ്ക്കും. പക്ഷേ ഒന്നുമില്ല. ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിച്ചു: എം.ഡി പോയി. ഇനി വരില്ല. കാത്തിരിക്കേണ്ട, ഒന്നിനുവേണ്ടിയും. മരണം യാഥാര്‍ത്ഥ്യമാണ്. തകര്‍ന്ന മനസ്സോടെയാണെങ്കിലും അതിനെ സ്വീകരിക്കുക.

എം.പി. വീരേന്ദ്രകുമാര്‍ സാറിന്റെ മുന്നില്‍ ഞാന്‍ എത്തിപ്പെടുന്നത് ഒരു നിയോഗം പോലെയാണ്. എന്റെ വീട് വയനാട്ടിലാണ്. വീരേന്ദ്രകുമാര്‍ സാര്‍ ഒന്നാന്തരമൊരു നടത്തക്കാരനായിരുന്നു. എന്നും രാവിലെ നടക്കും. മടക്കത്തില്‍ എന്റെ വീട്ടില്‍ വരും. അങ്ങിനെ ഒരു വരവില്‍ ചോദിച്ചു: എന്താണ് ചെയ്യുന്നത്? സി.എ.ക്ക്് പഠിക്കുകയാണ് എന്ന് പറഞ്ഞു. ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമായിരുന്നു മാതൃഭൂമിയിലേക്കുള്ള എന്റെ പ്രവേശം. 1988 മുതല്‍ എം.ഡിയുടെ കൂടെയാണ്. അതിനുശേഷം എത്രയെത്ര യാത്രകള്‍, 35-ലധികം വിദേശ രാജ്യങ്ങള്‍ ഉള്‍പ്പടെ, എന്തുമാത്രം അനുഭവങ്ങള്‍, എത്രയെത്ര വ്യക്തികള്‍...

ഒരുപാടൊരുപാട് മുഖങ്ങളുള്ള വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ സാര്‍. പല മുഖങ്ങളാല്‍ തിളങ്ങുന്ന രത്‌നംപോലെ. പലരും ഇതില്‍ ചില മുഖങ്ങളേ കണ്ടിട്ടുള്ളൂ. എനിയ്ക്ക് ഇതെല്ലാം കാണാന്‍ സാധിച്ചു. അതെന്റെ ഭാഗ്യമാണ്. അവയെല്ലാം എനിയ്ക്ക് മറ്റൊരിടത്തുനിന്നും കിട്ടാത്ത അനുഭവപാഠങ്ങളായിരുന്നു.
  
എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ചയാളായിരുന്നു എം.ഡി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ എന്നും വേവലാതിപ്പെടുത്തി. എന്തെങ്കിലും പ്രശ്‌നവുമായി തന്നെത്തേടിവരുന്ന ഒരാള്‍പോലും നിരാശനായി, വഴിയടഞ്ഞ് മടങ്ങരുത് എന്ന കാര്യം അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അവരുടെ അതേ തീവ്രതയില്‍ അദ്ദേഹം ആ പ്രശ്‌നത്തെ ഉള്‍ക്കൊണ്ടിരുന്നു. വ്യക്തിയുടെ പ്രശ്‌നം അദ്ദേഹത്തിന് മനുഷ്യന്റെ പ്രശ്‌നമായിരുന്നു. അവന്റെ നിലനില്‍പ്പിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഭാവിയുടേയുമൊക്കെ പ്രശ്‌നമായിരുന്നു. അത് പരിഹരിക്കാതെ അദ്ദേഹത്തിന് ഉറക്കം ലഭിക്കില്ലായിരുന്നു. പ്ലാച്ചിമടയടക്കം എം.ഡി മുന്നില്‍നിന്ന് നയിച്ച എല്ലാ സമരങ്ങളുടെയും അടിസ്ഥാനം മനുഷ്യനോടും പ്രകൃതിയോടുമുള്ള അപാരമായ സ്‌നേഹമായിരുന്നു.

വലിപ്പച്ചെറുപ്പങ്ങളില്ലായിരുന്നു എം.ഡിയ്ക്ക്. പ്ലാച്ചിമട സമരനേതാവ് മയിലമ്മയെ ഡല്‍ഹിയില്‍ കൊണ്ടുവന്ന സംഭവം ഓര്‍മ്മവരുന്നു. സ്വന്തം വീട്ടിലാണ് എം.ഡി അവരെ താമസിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്റും പി.ടി.ഐ, ഐ.എന്‍.എസ് എന്നിവയുടെ ഓഫീസുകള്‍ കാണിച്ചുകൊടുത്തു. അവരെ അത്രമേല്‍ ആദരവോടെയാണ് എം.ഡി കണ്ടതും കൊണ്ടുനടന്നതും.

വയനാട്ടില്‍ ഒരു ബി.കോം കാരനായി ഒതുങ്ങിപ്പോവേണ്ടിയിരുന്ന എനിയ്ക്ക് എത്ര വലിയ വലിയ വ്യക്തികളുമായി ബന്ധപ്പെടാന്‍ സാധിച്ചു, എല്ലാം എം.ഡി കാരണം. എന്റെ ഫോണിന്റെ മറുതലയ്ക്കല്‍ സംസാരിച്ചത് ഏതൊക്കെ മേഖലയിലെ എത്രയെത്ര പ്രശസ്തരും പ്രതിഭകളുമാണ്! ജില്ലാകളക്ടര്‍മാര്‍ മുതല്‍ എം.എല്‍.എമാര്‍, എം.പിമാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും, വലിയ വലിയ എഴുത്തുകാര്‍, ചിന്തകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, സംന്യാസിമാര്‍, മാധ്യമപ്രവര്‍ത്തകര്‍.... അങ്ങിനെ എത്രയെത്ര മനുഷ്യര്‍. ആദ്യമൊക്കെ എനിയ്ക്ക് ഇവരെയെല്ലാം വിളിയ്ക്കാന്‍ പേടിയായിരുന്നു, ആ പേടി മാറ്റിയതും എം.ഡി തന്നെ. നീ ആദ്യം വിളിച്ച് ആമുഖമായി സംസാരിച്ചതിന് ശേഷം എനിക്കുതന്നാല്‍ മതി എന്ന് പറഞ്ഞു. പിന്നീട് അങ്ങിനെയായി പതിവ്.

ഒരുപാട് സംഭവങ്ങള്‍ ഓര്‍മ്മയുണ്ട്. 2016 മാര്‍ച്ച് മാസത്തില്‍ എം.ഡി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോവുകായായിരുന്നു. ഒപ്പം ഞാനും പി.വി. ചന്ദ്രന്‍സാറുമുണ്ട്. പോകുന്ന വഴിയില്‍ത്തന്നെ സാറിന്റെ നടത്തത്തിലും സംസാരത്തിലും എന്തോ കുഴപ്പം എനിയ്ക്ക് തോന്നിയിരുന്നു. ചായ ഗ്ലാസ് പിടിക്കാനോ പത്രം പിടിക്കാനോ പോലും സാധിക്കുന്നില്ല. പോരുന്നതിന് മുമ്പേ തന്നെ ബ്ലഡ് ടെസ്റ്റിന് കൊടുത്തിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേയ്ക്കും ടെസ്റ്റിന്റെ റിസല്‍ട്ട് വാട്‌സ്ആപ്പില്‍ കിട്ടി. ഹീമോഗ്ലോബിന്റെ കുറവുണ്ട്. ഹോസ്പിറ്റലില്‍ പോവാന്‍ സാര്‍ സമ്മതിച്ചില്ല. നേരെ ഐ.എന്‍.എസിന്റെ ഓഫീസിലേയ്ക്ക് പോയി. ഓഫീസിലേയ്ക്ക് കയറുമ്പോള്‍ സാറിന്റെ നടത്തത്തില്‍ നല്ല വിഷമമുള്ളതായി എനിക്ക് തോന്നി. ചന്ദ്രന്‍സാറും ഞാനും ഡല്‍ഹി മാതൃഭൂമിയിലെ അശോകേട്ടനും ശ്രീകുമാറും നിര്‍ബന്ധിച്ച് റാം മനോഹര്‍ ലോഹ്യ ആസപ്ത്രിയിലേക്ക് കൊണ്ടു പോയി. ഡോക്ടര്‍ വിശദമായി പരിശോധിച്ചു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല, വേണമെങ്കില്‍ ഒരു ദിവസം അഡ്മിറ്റ് ചെയ്ത് പിറ്റേദിവസം ഒന്നുകൂടി വിശദമായി പരിശോധന നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാര്‍ സമ്മതിച്ചില്ല. അതിനിടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വീരേന്ദ്രകുമാര്‍ സാറിനെ കിട്ടുവാന്‍ വേണ്ടി എന്റെ ഫോണില്‍ വിളിച്ചിരുന്നു. ആസ്പത്രിയിലാണെന്ന വിവരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

nandakumar with md
ലേഖകനോടൊപ്പം എന്നും സ്നേഹിച്ചിരുന്ന ഗംഗാ തീരത്ത്

കുറച്ചുകഴിഞ്ഞ് ഡോക്ടറോട് ഞാന്‍ വിശദമായി സംസാരിച്ചു: 'ഡോക്ടര്‍, എനിക്കെന്തോ സംശയം. സാറിന് പക്ഷാഘാതം ആണോ?'. ഒപ്പം നടന്ന് ഒപ്പം നടന്ന് ഉണ്ടായ ഇന്റ്യൂഷനായിരുന്നു അത്. ഡോക്ടര്‍ നിഷേധിച്ചെങ്കിലും ഞാന്‍ ഉറപ്പിച്ച് പറഞ്ഞു: 'സാറിനെന്തോ കുഴപ്പമുണ്ട്'. അപ്പോള്‍ തലയുടെ സി.ടി സ്‌കാന്‍ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍ പറഞ്ഞതാണ് എന്ന് അറിഞ്ഞപ്പോള്‍ എം.ഡി.യും സമ്മതിച്ചു. റിസല്‍ട്ട് വന്നപ്പോള്‍ സാറിന് സെറിബ്രല്‍ ഹെമറാഷ് ആണെണ് മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍. ഉമ്മന്‍ ചാണ്ടി സാറിനെ ഞാന്‍ തിരിച്ചു വിളിച്ചു. അദ്ദേഹം ഉടനെയെത്താം എന്നിട്ട് തീരുമാനിക്കാമെന്നും പറഞ്ഞു. എം.ഡി.യുടെ മകന്‍ എം.വി. ശ്രേയാംസ് സാറുമായി ബന്ധപ്പെട്ടു, അദ്ദേഹം അപ്പോള്‍ കേരളത്തിലായിരുന്നു. ഏറ്റവും നല്ല ചികിത്സ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പിറ്റേന്ന് ഡല്‍ഹിയില്‍ എത്താമെന്നും പറഞ്ഞു. 

മുഖ്യമന്ത്രിയും എ.കെ. ആന്റണിസാറും ചെന്നിത്തല സാറുമടങ്ങിയ നേതാക്കളെല്ലാവരുമെത്തി. ചെന്നിത്തല സാറാണ് ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്ഥിതിചെയ്യുന്ന മെദാന്ത ആസ്പത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. അവിടെയായിരുന്നു ഏറ്റവും നല്ല ന്യൂറോ സര്‍ജനുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ കാറില്‍ എം.ഡി.യും ചെന്നിത്തല സാറും ഞാനും ആസ്പത്രിയിലേക്ക് പുറപ്പെട്ടു. വിദഗ്ധസംഘം ഡോക്ടര്‍മാര്‍ അവിടെ കാത്തുനിന്നിരുന്നു. സെറിബ്രല്‍ ഹെമറാഷ് തന്നെയായിരുന്നു. ഓപ്പറേഷന്‍ നിശ്ചയിച്ചു. എല്ലാ സൗകര്യവും ചെയ്ത് തന്ന് ചെന്നിത്തല സാര്‍ മടങ്ങി. എം.ഡി.ക്കൊപ്പം ഐ.സി.യുവില്‍ ഞാന്‍ തനിച്ചായി.
  
നിശ്ചയിച്ച ദിവസം ഡോ. കരണ്‍ജിത്ത് സിങ് നാരംഗ് ശസ്ത്രക്രിയ നടത്തി. വിജയകരമായ ഓപ്പറേഷന് ശേഷം ബോധം തെളിഞ്ഞപ്പോള്‍ എം.ഡി മുറിഞ്ഞ് മുറിഞ്ഞുള്ള വാക്കുകളിലൂടെ എന്നോടുപറഞ്ഞു: 'നന്ദാ, you saved my life'. എന്റെ കണ്ണുനിറഞ്ഞുപോയി. അല്‍പ്പ ദിവസങ്ങള്‍ക്ക് ശേഷം എം.ഡി സുഖമായി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

ജീവിതത്തിന്റെ മുഖ്യപങ്കും ആള്‍ക്കൂട്ടത്തില്‍ ജീവിച്ചിരുന്ന സാറിനെ കൊറോണ കാരണമുള്ള ലോക് ഡൗണ്‍ ഏറെ മുഷിപ്പിച്ചിരുന്നു. ഞാന്‍ എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപ്പമിരിക്കുമായിരുന്നു. അടുത്തുതന്നെയുണ്ടെങ്കിലും എപ്പോഴും എന്നെ വിളിച്ചുകൊണ്ടേയിരിക്കും.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞു:'നന്ദാ എനിയ്ക്ക് വല്ലാതെ പേടിയാവുന്നു' 'സാര്‍ എന്തിനാണ് പേടിക്കുന്നത്?' ഞാന്‍ ചോദിച്ചു'നന്ദാ ഞാന്‍ മരിക്കും നന്ദാ' അദ്ദേഹം പറഞ്ഞു.

പിന്നെ മകനെ വിളിയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞു. 'എനിയ്ക്ക് പോകാന്‍ സമയമായി. ഞാന്‍ സന്തോഷത്തോടെയാണ് പോകുന്നത്. എനിയ്‌ക്കെല്ലാം ചെയ്തുതന്നു. എല്ലാ അനുഗ്രഹങ്ങളുമുണ്ട്. എന്നിട്ട് എല്ലാവരോടുമായി കൈ കൂപ്പിക്കൊണ്ട് പറഞ്ഞു: എല്ലാറ്റിനും നന്ദിയുമുണ്ട്'

nandakumar with md
ഹംഗറിയുടെ തലസ്ഥാനമായ ബുടാപെസ്റ്റിലെ നഗരകേന്ദ്രത്തിലുളള ഇരുമ്പുപാലത്തില്‍ സ്ഥിതിചെയ്യുന്ന ഇമ്രി നാഷിന്റെ (ഇമ്രി നാഗി) പ്രതിമക്കു സമീപം എം.പി. വീരേന്ദ്രകുമാറും ലേഖകനും. ഹംഗറിയുടെ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹത്തെ 1958-ല്‍ റഷ്യന്‍ അധികൃതര്‍ തൂക്കിലേറ്റി

മെയ് മാസം 28ന് ഉച്ചയ്ക്ക് എം.ഡിയ്ക്ക് വയ്യായ്മ തോന്നി. ഞാന്‍ അദ്ദേഹത്തെ മേയ്ത്ര ആസപ്ത്രിയിലേക്ക് കൊണ്ടുപോയി. എല്ലാ ടെസ്റ്റുകളും നടത്തി. ഒരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ മടങ്ങി. അന്ന് മടങ്ങുമ്പോള്‍ സാര്‍ ഒന്നുകൂടി ഡോക്ടറുടെ അരികിലേക്ക് പോയി കൈ വീശി യാത്ര പറഞ്ഞു.

അന്ന് എല്ലാവരുടേയും കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടന്ന് സാറിന് എന്തോ ഒരു തളര്‍ച്ച തോന്നി. ആസ്പത്രിയില്‍നിന്നും വന്നതിനാല്‍ കുളിക്കാനായി വീട്ടിലേക്കുവന്ന എന്നെ പെട്ടന്ന് വിളിച്ചുവരുത്തി. ഞാന്‍ എത്തുമ്പോള്‍ സാര്‍, സ്ഥിരമായി ഇരിക്കാറുള്ള കസേരയില്‍ ഇരിക്കുന്നു. ഞാന്‍ 'സാര്‍' എന്നുവിളിച്ചപ്പോള്‍ എന്റെ മുഖത്തേക്ക് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. ശ്വാസംമുട്ടുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. തലയാട്ടിയതുപോലെ എനിയ്ക്ക് തോന്നി. ഞാനും കെ.ആര്‍. പ്രമോദും മറ്റു സഹപ്രവര്‍ത്തകരും കൂടി സാറിനെ വീണ്ടും ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആസ്പത്രിയില്‍ എത്തുംമുമ്പേ വഴി മധ്യേ സാര്‍ രണ്ടുതവണ ദീര്‍ഘശ്വാസമെടുത്തു. തല താഴ്ത്തി. ഞാന്‍ കൈ കൊണ്ട് മുഖം താങ്ങി. അപ്പോള്‍ എന്റെ വിരലില്‍ ഒരു നനവ് അനുഭവപ്പെട്ടു. നോക്കിയപ്പോള്‍ കുറച്ച് രക്തം. ചുണ്ടുപൊട്ടിയതാവാമെന്ന് ഞാന്‍ ആശ്വസിച്ചു. 

ആസ്പത്രിയില്‍ എത്തുമ്പോഴേയ്ക്കും പള്‍സ് പോയിരുന്നു. പിന്നീട് പള്‍സ് റെഗുലറായതായി ഡോക്ടര്‍ പറഞ്ഞു. ബി.പി. നോര്‍മലാണ്. കുറച്ചു കഴിഞ്ഞ് തലയുടെ സി.ടി സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോകാനായിരുന്നു വിദഗ്ധാഭിപ്രായം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു: 'രണ്ടാമത്തെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. ഇനി രക്ഷയില്ല'. എല്ലാം എന്നോട് പറയുന്ന എം.ഡി ഇത്തവണ പറയാതെ യാത്രയായി. ഞാന്‍ ദൂരെ മാറിനിന്ന് അദ്ദേഹം കിടക്കുന്നത് കണ്ടു. 'സാര്‍' ഇനി ഉണര്‍ന്ന് വരില്ല എന്ന് വിശ്വസിക്കാന്‍ കഴിയാതെ ഒരുപാട് നേരം ഞാന്‍ നിര്‍നിമേഷനായി നിന്നു.

സാറിന്റെ സ്‌നേഹം, വാത്സല്യം, വിശ്വാസം ഇതെല്ലാം നേരിട്ടനുഭവിച്ചറിഞ്ഞ ഒരാളാണു ഞാന്‍. സാര്‍ എന്തും എന്നോട് പറയുമായിരുന്നു. ആരെന്തുപറഞ്ഞാലും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. ഈ ഭൂമിയെ മുഴുവന്‍ സ്‌നേഹിച്ച ഒരു മഹാമനുഷ്യ സ്‌നേഹി...

സാര്‍ പോയിട്ട് ഇത്ര ദിവസമായി. ഓഫീസില്‍ എന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ കാറ്റില്‍ ഒരു വിളി വരുമ്പോലെ: 'നന്ദാ...' എന്റെ ഫോണില്‍ എം.ഡി എന്ന അക്ഷരം തെളിയുംപോലെ. വാതില്‍ക്കല്‍, ഒരു കൈകൊണ്ട് മുണ്ട് മടക്കിപ്പിടിച്ച് 'പോവ്ാ നന്ദാ' എന്നുപറഞ്ഞ് ഒരാള്‍ മുന്നില്‍നടക്കും പോലെ... തോന്നലാണെന്നറിയാം... എന്നാലും തനിച്ചല്ലെന്ന ആശ്വാസത്തില്‍ വിശ്വസിക്കാനാണ് എന്റെ മനസ്സിനിഷ്ടം.