കോഴിക്കോട്: ദീര്‍ഘദൃഷ്ടിയുള്ള ഒരു സാമ്പത്തികശാസ്ത്രവിദഗ്ധനായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാറെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അദ്ദേഹം രചിച്ച 'ഗാട്ടും കാണാച്ചരടുകളും',ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങിയവ ലോകസാമ്പത്തികരംഗത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന ഒരു റഫറല്‍ ഗ്രന്ഥങ്ങളാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

വളരെ ദു:ഖത്തോടെയാണ് എന്റെ ജ്യേഷ്ഠ സഹോദരനായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണവാര്‍ത്ത അറിഞ്ഞത്. ജനുവരിയില്‍ കോഴിക്കോട് വെച്ച് നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചായ കുടിച്ചതും കെട്ടിപ്പിടിച്ച് ഉമ്മവെച്ചതും സുഖാന്വേഷണങ്ങള്‍ പറഞ്ഞതും മറ്റുമാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയത്.

സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ എന്നതിനു പുറമേ കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രഗദ്ഭനായ ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു വീരേന്ദ്രകുമാര്‍. പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ തേടാറുണ്ടായിരുന്നു. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദു:ഖമുണ്ട്. അദ്ദേഹത്തിന് ദൈവം നിത്യശാന്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും യൂസഫി പറഞ്ഞു.

എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ പി.പി. പക്കര്‍ കോയ, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ വയനാട്ടിലെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

Content Highlights: M. A. Yusuff Ali condolences m p veerendra kumar demise