കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു കൈകൂപ്പി തല കുനിച്ച് എം.പി. വീരേന്ദ്രകുമാറിനോട് പറഞ്ഞു, 'താങ്കള്‍ എന്നെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കണം'. വീരേന്ദ്രകുമാറും കൈകൂപ്പി നിന്നുകൊണ്ട് ചീഫ് ജസ്റ്റിസിനോട് മെല്ലെ പറഞ്ഞു. 'ഞാന്‍ ഒരു സാധാരണക്കാരന്‍ അങ്ങ് ഇന്ത്യന്‍ നീതിപീഠത്തിന്റെ അധിപന്‍. ഒരു അത്യുന്നതനായ വ്യക്തിയെ സാധാരണക്കാരന്‍ എങ്ങനെ അനുഗ്രഹിക്കും.'

ഇരുവരും മുഖത്തോട് മുഖം നോക്കി നിന്നു.

ചീഫ് ജസ്റ്റിസ് അപ്പോള്‍ പ്രതികരിച്ചു. താങ്കള്‍ പണ്ഡിതനായ ഒരു രാഷ്ട്രീയ നേതാവും മാതൃഭൂമി എം.ഡിയും മുന്‍ കേന്ദ്രമന്ത്രിയും പ്രശസ്തനായ എഴുത്തുകാരനുമാണ്. താങ്കളെപ്പോലെ പണ്ഡിതനായ ഒരു രാഷ്ട്രീയ നേതാവിനെ ഞാന്‍ ആദ്യമായിട്ടാണ് നേരില്‍ കണ്ട് സംസാരിക്കുന്നത്. അതുകൊണ്ട് എന്നെ അനുഗ്രഹിക്കണം. ഞാന്‍ ചീഫ് ജസ്റ്റിസാണെന്ന കാര്യം തത്കാലം മാറ്റി വെക്കാം.

2014 സെപ്തംബര്‍ 28-നാണ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ഡല്‍ഹിയിലുള്ള ജസ്റ്റിസ് ദത്തുവിന്റെ തീസ് ജനുവരി മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ചീഫ് ജസ്റ്റിസിന്റെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം മാറിയിട്ടില്ലായിരുന്നു.

മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ദത്തു ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത് അഭിനന്ദിക്കാനാണ് വീരേന്ദ്രകുമാര്‍ എത്തിയത്.

കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ദത്തുവും കന്നട ഭാഷ നന്നായി സംസാരിക്കുന്ന എം.പി വീരേന്ദ്രകുമാറും കന്നടയിലാണ് അരമണിക്കൂറോളം സംസാരിച്ചത്. ചീഫ് ജസ്റ്റിസ് ദത്തുവിനെ അത് അഗാധമായി സ്വാധീനിച്ചു. അദ്ദേഹം വികാരഭരിതനായി പറഞ്ഞു. 'വീരേന്ദ്രകുമാര്‍, താങ്കള്‍ക്ക് സാഹിത്യവും ചരിത്രവും ഫിലോസഫിയും കഥയും കവിതയും രാഷ്ട്രീയവും നന്നായി അറിയാം. ശങ്കരാചാര്യരെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും താങ്കള്‍ സംസാരിച്ചതും സമീപകാല ഇന്ത്യന്‍ സാഹിത്യത്തെ വിശകലനം ചെയ്തതും എന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. അതുകൊണ്ട് പണ്ഡിതനായ താങ്കള്‍ എന്നെ അനുഗ്രഹിക്കണം. താങ്കളെപ്പോലെ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.'.

ചീഫ് ജസ്റ്റിസിന്റെ ആഗ്രഹത്തിന് വഴങ്ങി അദ്ദേഹത്തിന്റെ തലയില്‍ കൈവെച്ച് വീരേന്ദ്രകുമാര്‍ അനുഗ്രഹിച്ചു. ആത്മസാഫല്യത്തോടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. 'നാം നേരത്തെ പരിചയപ്പെടേണ്ടിയിരുന്നു.'

കാറിന്റെ ഡോര്‍ തുറന്നുകൊണ്ട് വീരേന്ദ്രകുമാറിനെ അതില്‍ കയറ്റിയശേഷം യാത്ര പറയുമ്പോള്‍ ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. 'വളരെ കുറച്ചു കാലമേ ഞാന്‍ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി ഇരുന്നിട്ടുള്ളൂ. എനിക്ക് അവിസ്മരണീയമായ ദിവസങ്ങളാണ് കേരള ഹൈക്കോടതി നല്‍കിയത്. ചത്തീസ്ഗഡില്‍ നിന്നാണ് ഞാന്‍ കേരളത്തിലേക്ക് സ്ഥലം മാറി വന്നത്. ആ സ്ഥലംമാറ്റം എന്നെ ആദ്യം അറിയിച്ചത് കൊച്ചിയിലെ മാതൃഭൂമി ലേഖകനായിരുന്നു. അതും എനിക്ക് മറക്കാന്‍ കഴിയില്ല.'

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ മാതൃഭൂമി നല്‍കിയിരുന്ന പിന്തുണയും ജസ്റ്റിസ് ദത്തു പ്രത്യേകം പരാമര്‍ശിച്ചു.

content highlights: MP Veerendra Kumar, HL Dattu