എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം എന്നെ കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. വീരേന്ദ്രകുമാറുമായുള്ള എന്റെ സൗഹൃദത്തിന് വലിയ പഴക്കമുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ വീരന്‍ എന്നാണ് വിളിച്ചിരുന്നത്. ജീവിതത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ തലങ്ങളില്‍ ഒരു പോലെ തിളങ്ങാന്‍ വീരന് കഴിഞ്ഞിരുന്നു. മാദ്ധ്യമ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ തന്റെ സിദ്ധികള്‍ പൂര്‍ണ്ണമായും പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ് ഈ നിമഷത്തില്‍ ആശ്വാസമേകുന്ന ഒരു കാര്യം.

ഇടയ്ക്ക് ചില മലരികളിലും ചുഴികളിലും പെട്ടെങ്കിലും എം.എല്‍.എ., എം.പി., മന്ത്രി, പാര്‍ട്ടി നേതാവ് എന്നീ നിലകളിലെല്ലാം തന്നെ മതേതരത്വത്തില്‍ അടിയുറച്ച തന്റെ പുരോഗമന രാഷ്ട്രീയ നിലപാടുകള്‍ കാത്തുസൂക്ഷിക്കുവാന്‍ വീരനായി. പല മേഖലകളിലുള്ള താല്‍പര്യങ്ങള്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുന്നതില്‍നിന്നും അദ്ദേഹത്തെ തടഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങിയ കഴിവുറ്റ പുരോഗമനവാദിയായ ഒരു ബുദ്ധിജീവിയായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.

മാദ്ധ്യമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വീരന്‍. മാതൃഭൂമിയെ അദ്ദേഹം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. പി.ടി.ഐ. ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം നിസ്തുലമായിരുന്നു. എത്രയോ പതിറ്റാണ്ടുകളായി ദേശീയതലത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്നു വീരന്‍. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടും ആ ഇരുണ്ട കാലത്ത് അദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടതും ഞാന്‍ ഓര്‍ക്കുന്നു.  

അറിയപ്പെടുന്ന മലയാളം എഴുത്തുകാരനായിരുന്നു വീരന്‍(സാധാരണഗതിയില്‍ ഒരു പത്രം ഉടമയ്ക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്) ഇക്കഴിഞ്ഞ കൊല്ലങ്ങളില്‍ നിരവധി ഗ്രന്ഥങ്ങളും നൂറു കണക്കിന് ലേഖനങ്ങളും വീരന്‍ എഴുതിയിട്ടുണ്ട്. മറ്റൊരു അസാധാരണ കാര്യം അദ്ദേഹം ഗംഭീരനായ പ്രഭാഷകനായിരുന്നുവെന്നതാണ്. ഏതു സദസ്സിനെയും പിടിച്ചിരുത്തുന്ന പ്രസംഗങ്ങളായിരുന്നു വീരന്റേത്.

വര്‍ണ്ണശബളമായ വ്യക്തിത്വത്തിനുടമയായിരുന്നു വീരന്‍. അദ്ദേഹത്തിന്റെ സവിശേഷമായ സ്വഭാവമഹിമകള്‍ക്കുള്ള അംഗീകാരത്തിന്റെയും ആഴമാര്‍ന്ന അടുപ്പത്തിന്റെയും സൂചനയെന്നോണം വളരെ അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഒരു 'കഥാപാത്ര'മായാണ് കണ്ടിരുന്നത്. വീരന്‍ കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും വിരസമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസരിപ്പ്, സൗഹാര്‍ദ്ദം, ഉത്സാഹം, പുരോഗമനപരമായ കാഴ്ചപ്പാടുകള്‍, ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള കഴിവ്, ആ തനിമയാര്‍ന്ന വ്യക്തിത്വം-  ഇവയുടെ അസാന്നിദ്ധ്യം വരുംനാളുകളില്‍ തീര്‍ച്ചയായും ഞാന്‍ അനുഭവിക്കും. 

Content Highlights: MP Veerendra Kumar, Radical Intellect and Politician