എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം സാഹിത്യലോകത്തിന് തീരാ നഷ്ടമെന്ന് എഴുത്തുകാര്‍. എം.ടി വാസുദേവന്‍ നായര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, എം.കെ സാനു തുടങ്ങി നിരവധി എഴുത്തുകാര്‍ അദ്ദേഹത്തെ അനുസ്മരിച്ചു
വ്യക്തിപരമായി തീരാനഷ്ടം - എം.ടി വാസുദേവന്‍ നായര്‍
വീരേന്ദ്രകുമാറിന്റെ വിയോഗം വ്യക്തിജീവിതത്തില്‍ തീരാനഷ്ടമെന്ന് എം.ടി വാസുദേവന്‍ നായര്‍- വര്‍ഷങ്ങളുടെ പരിചയമുള്ള അടുത്ത സുഹൃത്താണ് എനിക്കദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണ്. മാതൃഭൂമിയില്‍ ഞാന്‍ ജോലി ചെയ്തു എന്നതിനേക്കാള്‍ പുസ്തകങ്ങളിലൂടെ വളര്‍ന്നുവന്ന ദൃഢബന്ധമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ധാരാളം പുസ്തകങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. ഏത് നാട്ടില്‍ പോയി വന്നാലും പുതിയ പുസ്തകങ്ങളെക്കുറിച്ചും ആ നാട്ടിലെ എഴുത്തുകാരെക്കുറിച്ചും അദ്ദേഹം സംസാരിക്കും. അദ്ദേഹം കയ്യൊപ്പിട്ട് നല്കിയ ധാരാളം പുസ്തകങ്ങള്‍ ഇപ്പോഴും എന്റെ ലൈബ്രറിയിലുണ്ട്. കുറച്ചു നാളായി ഞങ്ങളിരുവര്‍ക്കും ശാരീരിക അവശതകള്‍ കാരണം ഒരുമിച്ചു കൂടാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല. പക്ഷേ പഴയ പോലെ പുസ്തകങ്ങളെ കുറിച്ച് മാത്രം സംസാരിച്ച് ഒരിക്കല്‍ കൂടി ഇരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു
അഗാധമായ ചിന്തയും താത്പര്യവും പ്രകടമാക്കിയ വ്യക്തി - ബാലചന്ദ്രന് ചുള്ളിക്കാട്
രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ സാഹിത്യത്തിലും വൈജ്ഞാനിക വിഷയങ്ങളിലും അഗാധമായ ചിന്തയും താത്പര്യമുള്ള ഒരാള്‍ എന്ന നിലയിലാണ് വീരേന്ദ്രകുമാറിനെ തനിക്ക് പരിചയമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. ലോക സംസ്കാരത്തിലും വിശ്വസാഹിത്യത്തിലും ഉണ്ടായിരുന്ന അഗാധമായ ഉള്‍ക്കാഴ്ചയും വായനയും ഉണ്ടായിരുന്ന ഒരാളാണ് അദ്ദേഹമെന്ന് വ്യക്തിപരമായ സംഭാഷണങ്ങളില്‍ നിന്ന് മനസിലായിട്ടുണ്ട്. ആ ഗുണങ്ങളെ ആദരപൂര്‍വം നോക്കിക്കണ്ടിട്ടുണ്ട്.
നഷ്ടമായത് അഗാധമായ വ്യക്തിത്വത്തിന്റെ ഉടമയെ - എം.കെ സാനു
വീരേന്ദ്രകുമാറിന്റെ നിര്യാണം വ്യക്തിപരമായും കേരളത്തിനും തീരാനഷ്ടമാണുണ്ടാക്കിയതെന്ന് എം.കെ സാനു. അദ്ദേഹവുമായി ഉണ്ടായിരുന്ന ഗാഢമായ സൗഹൃദം വ്യക്തിജീവിതത്തില്‍ നികത്താനാവാത്ത നഷ്ടമാണ്. അസംബ്ലിയില്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്തെ ചര്‍ച്ചകളാണ് ആ സൗഹൃദത്തെ വലുതാക്കിയത്. രാഷ്്ട്രീയ പ്രവര്‍ത്തകനായിരുന്നുവെങ്കിലും സാംസ്കാരിക മൂല്യങ്ങളെ സംബന്ധിച്ച് വളരെ അധികം മതിപ്പുണ്ടായിരുന്നു. അത് ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അഗാധതയാണ്. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും പൈതൃകത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിശ്വാസം എത്ര ദൃഢമായിരുന്നുവെന്ന് വീരേന്ദ്രകുമാറിന്റെ യാത്രാവിവരണങ്ങള്‍ വായിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും.
ഇതുപൊലൊരു സാംസ്കാരിക പ്രവര്ത്തകന് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല- കെ.പി രാമനുണ്ണി
മറ്റുള്ളവരുടെ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്ന ആത്മാര്‍ത്ഥ വ്യക്തിത്വാമായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് കെ.പി.രാമനുണ്ണി അനുസ്മരിച്ചു. പരിസ്ഥിതി, ഭാഷ, ആഗോളത്കരണം, ഫാഷിസം തുടങ്ങി സര്‍വ കാര്യങ്ങളിലും പ്രവാചകതുല്യമായ ദര്‍ശനം നടത്തിയായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ഇത്ര അഗാധമായ ഒരു ലേഖനം എവിടെയും കണ്ടിട്ടില്ല. ഇതുപൊലൊരു സാംസ്കാരിക പ്രവര്ത്തകന് അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
നഷ്ടമായത് കേരളീയ സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്ന സാന്നിധ്യം- സച്ചിദാനന്ദന്
കേരളീയ സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്ന സാന്നിധ്യമായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് കെ.സച്ചിദാനന്ദന് അനുസ്മരിച്ചു. ഉയര്‍ന്ന രാഷ്ട്രീയമൂല്യം കാത്തു സൂക്ഷിച്ച രാഷ്ട്രീയ പ്രവര്‍ത്തകനും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിച്ച ചിന്തകനുമായിരുന്നു വീരേന്ദ്രകുമാര്‍. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഒപ്പം അനുഭവങ്ങളും മനോഹരമായി സമന്വയിച്ചവയാണ് അദ്ദേഹത്തിന്റെ ഗംഭീരമായ യാത്രാവിവരണങ്ങള്‍. സാമ്പത്തികരംഗത്തെക്കുറിച്ചും ആഗോളീകരണമടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് എഴുതിയതിലൊക്കെയും കൃത്യമായ നിലപാടും വ്യക്തമായ ദര്‍ശനവും കാണാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മിച്ചു