തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മുഖ്യപ്രഭാഷണം നടത്തിയ വീരന് സാറിന്റെ നാല്പതു മിനിട്ട് നീണ്ടുനിന്ന പ്രസംഗം- എല്ലാ കാതുകളും ഹൃദയങ്ങളും ആ വാക്ധോരണിയില് വല്ലാതെ ആകൃഷ്ടരായി. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നുമുത്ഭവിച്ച് ആയിരങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ ആ പ്രസംഗം കേട്ടവരാരും ഇന്നും മറക്കാനിടയില്ല. ആ തെരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയിലെ 'സ്റ്റാര്‍ പ്രസംഗകന്' എം.പി.വീരേന്ദ്രകുമാര്‍ തന്നെയായിരുന്നു. അന്തരിച്ച മാതൃഭൂമി എം ഡിയും എം പിയുമായ എം പി വീരേന്ദ്രകുമാറുമായുള്ള ഓര്‍മകള്‍ തന്റെ ഫെയിസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത്. 'സുഗന്ധ സൂര്യ'നു പ്രണാമം എന്ന തലക്കെട്ടോടുകൂടിയാണ് സമ്പത്ത് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നത്.
'സുഗന്ധ സൂര്യ'നു പ്രണാമം
''വീരന് സാര്‍'' എന്നു മാത്രം ഞാന്‍ അഭിസംബോധന ചെയ്തിട്ടുള്ള ശ്രീ.എം.പി.വീരേന്ദ്രകുമാര്‍ ഒരു ഓര്‍മ്മയായി എക്കാലവുമുണ്ടാകും. മലയാള ഭാഷയേയും സംസ്കാരത്തേയും സ്നേഹിക്കുന്നവരുള്പ്പെടെയുള്ള, മലയാളികളല്ലാത്തവരും അദ്ദേഹത്തെ എക്കാലവും ഓര്‍ക്കുക തന്നെ ചെയ്യും.
ആദ്യമായി അദ്ദേഹത്തെ ഞാന്‍ അടുത്തു കാണുന്നതും പ്രസംഗം കേള്‍ക്കുന്നതും 1978 സെപ്തംബര്‍ മാസത്തിലെ തിരു:ഈസ്റ്റ് ഉപതെരെഞ്ഞെടുപ്പ് വേളയിലായിരുന്നു. എന്റെ പിതാവ് സഖാവ് കെ.അനിരുദ്ധന് സിപിഐ(എം) നേതൃത്വത്തിലുള്ള പ്രതിപക്ഷ ഏകോപന സമിതിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. ആ തെരെഞ്ഞെടുപ്പ് കണ്വെന്ഷന് ഗവ:ആയൂര്‍വേദ കോളേജിന് എതിര്‍വശമുള്ള ദേവസ്വം ബോര്‍ഡിന്റെ ഹിന്ദുമത ഗ്രന്ഥശാല ഹാളിലായിരുന്നു നടന്നത്. അനന്തപുരിയിലെ എം ജി റോഡ് പുളിമൂട് മുതല്‍ ഓവര്‍ബ്രിഡ്ജ് വരെ ജനനിബിഢമായിരുന്നു. കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ വീരന് സാറിന്റെ നാല്പതു മിനിട്ട് നീണ്ടുനിന്ന പ്രസംഗം- എല്ലാ കാതുകളും ഹൃദയങ്ങളും ആ വാക്ധോരണിയില് വല്ലാതെ ആകൃഷ്ടരായി. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നുമുത്ഭവിച്ച് ആയിരങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ഒഴുകിയെത്തിയ ആ പ്രസംഗം കേട്ടവരാരും ഇന്നും മറക്കാനിടയില്ല. ശ്രീ. ആര്.ബാലകൃഷ്ണ പിള്ളയായിരുന്നു തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന്. തിങ്ങി നിറഞ്ഞ ഹാളിനു പുറത്ത് ആയിരക്കണക്കിന് ആളുകള്‍ മൂന്നു മണിക്കൂറോളം നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ടുകൊണ്ട്, ആരും പിരിഞ്ഞു പോകാതെ നില്‍ക്കുകയായിരുന്നു. ആ തെരെഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയിലെ 'സ്റ്റാര്‍ പ്രസംഗകന്' എം.പി.വീരേന്ദ്രകുമാര്‍ തന്നെയായിരുന്നു. 1978 സെപ്തംബര്‍ ഇരുപത്തിമൂന്നിന് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1789 വോട്ടിന് കെ.അനിരുദ്ധന് പട്ടം കൃഷ്ണ പിള്ളയെ പരാജയപ്പെടുത്തി. അങ്ങനെ കോണ്‍(ഐ)-എന്‍ ഡി പി സഖ്യത്തില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തു. ഇതിനു ശേഷമാണ് പാറശ്ശാല, തിരുവല്ല, തലശ്ശേരി, പെരിങ്ങളം ഉപതെരെഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നാലിടത്തും പ്രതിപക്ഷ ഏകോപന സമിതി തന്നെ വിജയിച്ചു. തുടര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയുമായി കേരളത്തിന്റെ രാഷ്ട്രീയ ധ്രുവീകരണം. എല്‍ ഡി എഫിന്റെ രൂപീകരണത്തിന് മുമ്പുള്ള പ്രതിപക്ഷ ഏകോപന സമിതിയുടെ കണ്‍വീനറായിരുന്നു വീരേന്ദ്രകുമാര്‍.
1975-77 ലെ ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്ത് ഒളിവു ജീവിതവും പിന്നീട് ജയില്‍വാസവും അദ്ദേഹത്തിന്റെ വീടും വസ്തുക്കളും കണ്ടുകെട്ടിയതുമുള്പ്പെടെയുള്ള സംഭവങ്ങള്‍ ഉള്ളിലെ സോഷ്യലിസ്റ്റിനെ കൂടതല്‍ യാഥാര്‍ത്ഥ്യബോധമുള്ള നേതാവാക്കിത്തീര്‍ത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഖാക്കള്‍ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ.കെ.ഇമ്പിച്ചി ബാവ, എം.വി.രാഘവന് മുതലായവരോടൊപ്പം മിസാ തടവുകാരനായിരുന്നു. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേയ്ക്കു കടന്നുവന്ന അദ്ദേഹത്തിന്, ഗുരുനാഥന്മാരെ പോലെ ആദരവും സ്നേഹവുമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്സിനോടും, എ.കെ.ജി.യോടുമുണ്ടായിരുന്നത്.
എം.പി.വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്, പ്രഭാഷകന്‍, സാംസ്കാരിക പ്രവര്ത്തകന്, സഞ്ചാരി, സംഘാടകന്‍, കേരളത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നിന്റെ എം.ഡി., രാജ്യസഭാംഗം തുടങ്ങി നിരവധി വിശേഷണങ്ങള്‍ ആ മനുഷ്യസ്നേഹിയ്ക്കു നല്‍കാം. കഴക്കൂട്ടത്തെ കിന്‍ഫ്രാ പാര്‍ക്കിലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ തിരുവനന്തപുരം എഡിഷന്റെ ആധുനിക പ്രിന്റിംഗ് പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിന് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാനുണ്ടാവണമെന്നത് അദ്ദേഹത്തിന്റെ ശാഠ്യമായിരുന്നു. എന്റെ പിതാവുമായുള്ള അദ്ദേഹത്തിന്റെ ചില സൗഹൃദ സംഭാഷണങ്ങളില്‍, രണ്ടു പതിറ്റാണ്ടുകാലം അച്ചടിച്ചിരുന്ന അനിരുദ്ധന്റെ 'വിശ്വകേരളം' ദിനപ്പത്രം അകാലത്തില്‍ പൊലിഞ്ഞുപോയതിനെ കുറിച്ച് വിഷമത്തോടെ പറയാറുണ്ടായിരുന്നു.
പതിനൊന്നാം ലോക്സഭയുടെ കാലത്ത് (199697) അദ്ദേഹം യൂണിയന് ഗവണ്മെന്റിലെ സഹമന്ത്രിയായിരിക്കുന്ന വേളയില്‍ (പത്തുമാസക്കാലത്തെ ദേവഗൗഡ സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രിയും, എട്ടുമാസക്കാലത്തെ ഗുജ്റാള്‍ മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായിരുന്നു.) ഞാനുള്‍പ്പെടെയുള്ള പാര്‍ലമെന്റിലെ നവാഗതരുടെ പ്രസംഗങ്ങള്‍ സാകൂതം വീക്ഷിക്കുകയും ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്ന അദ്ദേഹം ഗുരുതുല്യന്‍ തന്നെയാണ്. കേരളത്തിന്റെ താല്പര്യങ്ങളും തൊഴിലാളികളുടേയും കര്‍ഷകരുടേയും താല്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ അദ്ദേഹം ജാഗ്രത കാട്ടിയിരുന്നു. പൊതുമുതലിന്റെ സ്വകാര്യവത്കരണത്തിനെതിരായും കോര്‍പ്പറേറ്റ് വത്കരണത്തിനെതിരായും നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായും അദ്ദേഹമെടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണ്.
സിയാച്ചിന്‍ അതിര്‍ത്തിയിലെ സൈനിക മേഖലകള്‍ ആദ്യമായി സന്ദര്‍ശിച്ച പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ അംഗമായിരുന്ന ഞാന്‍, 1997 ലെ ആ യാത്രയ്ക്കു ശേഷം 'ദേശാഭിമാനി' ദിനപ്പത്രത്തില്‍ അഞ്ചു ദിവസങ്ങളിലായി ഒരു യാത്രാവിവരണം എഴുതി. അതു വായിക്കാനിടയായ അദ്ദേഹം പറഞ്ഞത് ''ഓരോ യാത്രയും പകരം വെയ്ക്കാനില്ലാത്ത ഓരോ അനുഭവങ്ങളാണ്; ഓരോ യാത്രയും ഓരോ പഠനമാണ്''. വിശ്വസഞ്ചാരിയായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ തന്റെ ഓരോ സഞ്ചാരത്തേയും ഒരു കുട്ടിയുടെ കൗതുകത്തോടെ പഠനത്തിനുള്ള അവസരങ്ങളാക്കുകയായിരുന്നു.
സാമ്രാജ്യത്വത്തിനും വര്ഗീയയ്ക്കുമെതിരായ കടുത്ത നിലപാട്. ധനിക കുടുംബത്തില്‍ പിറന്ന സമത്വവാദി. പ്രസംഗത്തിലും എഴുത്തിലും മാത്രമല്ല തന്റെ ജീവിതത്തിലുടനീളം മതനിരപേക്ഷത എന്ന അടിസ്ഥാന തത്വം അദ്ദേഹം ഉയര്‍ത്തി പിടിച്ചു.
''ഹൈമവത ഭൂവില്‍'' എഴുതുന്നതിനു മുമ്പ് അദ്ദേഹം രചിച്ച പുസ്തകങ്ങളെല്ലാം ആ മനസ്സ് ഹൃദയ പക്ഷത്തു തന്നെയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഹിമവാന്റെ ഗാംഭീര്യവും തലയെടുപ്പും ഹൃദയ വിശാലതയും അപ്രതിരോധ്യമായ അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. 'ഹൈമവത ഭൂവി'ന്റെ ഇംഗ്ലീഷ് പരിഭാഷ കൃതിയായ ഹിമാലയന്‍ ഒഡിസ്സി 2019 സെപ്തംബര്‍ 19 ന് ഉപരാഷ്ട്രപതി ശ്രീ.വെങ്കയ്യ നായിഡുവാണ് പ്രകാശനം ചെയ്തത്. വീരന് സാറിന്റെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ ഞങ്ങള്‍ക്ക്, അദ്ദേഹം ഒപ്പിട്ട ഒരു കൃതിയായിരുന്നു പിന്നീട് സമ്മാനിച്ചത്.
ഭൂമിയേയും പ്രകൃതിയേയും അളവറ്റ് സ്നേഹിച്ചിരുന്ന അദ്ദേഹം അവസാനമായി ആശങ്ക അറിയിച്ചത് വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിലേയ്ക്ക് കോവിഡ്-19 പടരുമോ എന്നായിരുന്നു. ബഹു: മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് വിളിച്ച എം.പി.മാരുടേയും എം.എല്‍.എ.മാരുടേയും വീഡിയോ കോണ്‍ഫറന്‍സിലാണ് പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
2017 ആഗസ്റ്റ് 21ന് എം.കെ.ജിനചന്ദ്രന് ജന്മശതാബ്ദി യോഗത്തില്‍ ശ്രീ.എ.കെ.ആന്റണിയോടൊപ്പം ഞാനുമുണ്ടാവണമെന്ന് അദ്ദേഹത്തിന്റെ ക്ഷണം. അതിഥികളെ സത്കരിക്കുന്നതിലും വീണ്ടും വീണ്ടും പുസ്തകങ്ങളുടേയും വായനകളുടേയും നിത്യവസന്തത്തിലേക്ക് നമ്മെ ആകര്‍ഷിക്കുന്നതിലും ഈ 'സുഗന്ധസൂര്യ'ന് അപാരമായ കാന്തശക്തിയാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭവനത്തിലെ ഗ്രന്ഥശേഖരം എന്തെല്ലാം വിഷയങ്ങളില്‍, ഏതെല്ലാം കാലങ്ങളില്‍ അച്ചടിക്കപ്പെട്ടവ, ഭൂഖണ്ഡങ്ങള്‍ താണ്ടിവന്ന അത്യപൂര്‍വ്വ കൃതികള്‍ വരെ! മനുഷ്യസ്നേഹത്തിന്റേയും ഊര്‍ജ്ജസ്വലതയുടേയും കര്മ്മനിരതയുടേയും പര്യായങ്ങളിലൊന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ട വീരന് സാര്‍,
അങ്ങേയ്ക്കു മുമ്പേ നിത്യതയില്‍ വിലയം പ്രാപിച്ച ഒരു പഴയ ആത്മാര്‍ത്ഥ സുഹൃത്തിന്റെ പുത്രന്റെ പ്രണാമം
Content Highlights: A Sampath remembering MP veerendra kumar Mp