കൊല്ലം: രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത്. മത്സരക്കമ്പമേറെയുള്ള ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ അധികൃതര്‍ നേരത്തേ തടഞ്ഞിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇരുപതിനായിരത്തോളം പേരാണ് ഉത്സവത്തിനുണ്ടായിരുന്നത്. രാത്രി പത്തിനാണ് വെടിക്കെട്ട് തുടങ്ങിയത്.

വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. ഇവര്‍ തമ്മിലുള്ള മത്സരമാണെന്ന് കാണിച്ചുകൊണ്ടു തന്നെയാണ് ക്ഷേത്ര കമ്മിറ്റി നോട്ടീസ് അടിച്ച് വിതരണം ചെയ്തതും. 

രണ്ട് കരാറുകാരില്‍ കഴക്കൂട്ടം സുരേന്ദ്രന് അനുമതി ലഭിച്ചിട്ടില്ലായിരുന്നു, വര്‍ക്കല കൃഷ്ണന്‍കുട്ടിക്ക് നിയന്ത്രിത അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ തനിക്ക് അനുമതി ലഭിച്ചുവെന്ന് കാണിച്ച് വെടിക്കെട്ടില്‍ പങ്കു ചേരുകയായിരുന്നുവെന്ന നാട്ടുകാര്‍ പറയുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടാകുന്നതും.

ഉത്സവസ്ഥലത്തു നിന്നും മാറി മറ്റിടങ്ങളിലാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്.  കഴക്കൂട്ടം സുരേന്ദ്രന്റെ വെടിക്കെട്ട് സാമഗ്രികള്‍ ഓട്ടോയില്‍ എത്തിച്ച് കമ്പപ്പുരയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കമ്പപ്പുരക്ക് തീപിടിച്ചതോടെ ആളുകള്‍ ചിതറിയോടിയത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

സംഭവം നടന്നത് പുലര്‍ച്ചെയായതിനാലും സ്ഥലത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. കൂടുതല്‍ പോലീസും ഫയര്‍ഫോഴ്‌സും സന്നദ്ദ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം നടന്നു.

ഞായറാഴ്ച രാവിലെ തന്നെ രണ്ട് കരാറുകാരുടേയും വീടുകളിലും മറ്റും പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുത്തു. ഡയനാമിറ്റ് അടക്കമുള്ള ആഘാതശേഷി കൂടുതലുള്ള വസ്തുക്കളും ഇവിടെ ഉപയോഗിച്ചതായി പറയുന്നുണ്ട്. 

വെടിക്കെട്ട് മത്സരത്തിന് അനുമതിയില്ലാത്ത സാഹചര്യത്തിൽ പരസ്യമായി നോട്ടീസടിച്ച് മത്സരം നടത്തിയത് എങ്ങിനെയാണെന്നത് അന്വേഷിച്ചുവരികയാണ്. രണ്ട് കരാറുകാര്‍ക്കെതിരേയും ക്ഷേത്ര കമ്മിറ്റിക്കെതിരേയും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.