2004-ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ച നേതാക്കളില്‍ ഒരാള്‍ കലൈഞ്ജര്‍ കരുണാനിധിയായിരുന്നു. അദ്ദേഹം നയിച്ച ഡി.എം.കെ. മുന്നണി പുതുച്ചേരിയിലെ ഒരു സീറ്റുള്‍പ്പെടെ തമിഴകത്ത് 40 സീറ്റുകളും തൂത്തുവാരിയത് അതിഗംഭീര പ്രകടനമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വൈകീട്ട് കലൈഞ്ജര്‍  ചെന്നൈയില്‍ ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പത്രസമ്മേളനം വിളിച്ചു. സംസ്ഥാനം ഭരിക്കുന്ന ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ. ഒരിടത്തു പോലും വിജയിക്കാതിരുന്നതിലുള്ള ആഹ്ളാദം കലൈഞ്ജര്‍ മറച്ചുവെച്ചില്ല. 

പത്രസമ്മേളനത്തില്‍ കലൈഞ്ജര്‍ നടത്തിയ പ്രഖ്യാപനം പക്ഷേ, ആരും പ്രതീക്ഷിച്ചിരുന്നില്ല. പത്രസമ്മേളനം കഴിഞ്ഞാല്‍ നേരെ താന്‍ ഡല്‍ഹിക്ക് പോവുകയാണെന്നും ചവിടെ സോണിയ ഗാന്ധിയുമായി കാര്യങ്ങള്‍ സംസാരിക്കുമെന്നും കലൈഞ്ജര്‍ പറഞ്ഞു. തുടര്‍ന്ന്  കലൈഞ്ജര്‍ നടത്തിയ പ്രഖ്യാപനം പക്ഷേ, ആരും പ്രതീക്ഷിച്ചിരുന്നില്ല. ''ഞങ്ങള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ ചേരില്ല. ഞങ്ങള്‍ കാത്തിരുന്ന് കാര്യങ്ങള്‍ വീക്ഷിക്കും. അതിനു ശേഷം തീരുമാനമെടുക്കും.'' പതിവിന് വിപരീതമായി ഇംഗ്ളീഷിലാണ് കലൈഞ്ജര്‍ അവസാന വാക്യം പറഞ്ഞത്. ''വീ വില്‍ വെയ്റ്റ് ആന്‍ഡ് സീ.''

പത്രസമ്മേളനം അവസാനിപ്പിച്ച് കലൈഞ്ജര്‍ വേദിയില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങവേ രണ്ടും കല്‍പിച്ച് ചോദിച്ചു. '' ഈസ് ഇറ്റ് എ സ്ട്രാറ്റജി ടു ബാര്‍ഗെയ്ന്‍ മോര്‍?  (കൂടുതല്‍ വിലപേശുന്നതിനുള്ള തന്ത്രമാണോ ഇത് ?) ചോദ്യം കേട്ട് കലൈഞ്ജര്‍ തിരിഞ്ഞു നിന്നു. ''റൊമ്പ അസികമാന കേള്‍വി.'' (വളരെ മോശം ചോദ്യമാണിത്.) തന്നെ അറിയാവുന്നവരാരും ഇത്തരം ചോദ്യം ചോദിക്കുന്നില്ലെന്നും അധികാരത്തിനായി അങ്ങിനെ വിലപേശുന്ന സ്വഭാവം ഡി.എം.കെയ്ക്കില്ലെന്നും പറഞ്ഞുകൊണ്ട് കലൈഞ്ജര്‍ സ്ഥലം വിട്ടു.

ചെന്നൈയില്‍ എത്തി അധിക കാലമായിട്ടില്ലാതിരുന്നതിനാല്‍ കലൈഞ്ജറുടെ തമിഴ് ഞാന്‍ കേട്ടത് ഇങ്ങനെയാണ്. ''റൊമ്പ റസികമാന കേള്‍വി.'' നല്ല രസികന്‍ ചോദ്യമാണെന്നാണ് കലൈഞ്ജര്‍ പറയുന്നതെന്ന് കരുതി ഞാന്‍ സ്വയമൊന്ന് ഉഷാറായി. കലൈഞ്ജര്‍ പോയിക്കഴിഞ്ഞപ്പോള്‍ ടൈംസ് ഒഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടറാണ് കലൈഞ്ജര്‍ പറഞ്ഞത് റസികമാന കേള്‍വി എന്നല്ല മറിച്ച് അസികമാന കേള്‍വി എന്നായിരുന്നുവെന്ന്. 

കലൈഞ്ജര്‍  ഡല്‍ഹിയില്‍ പോയി സോണിയയെ കണ്ടു. വാസ്തവത്തില്‍ സോണിയ കലൈഞ്ജറെ ഇങ്ങോട്ടു വന്ന് കാണുകയായിരുന്നു. ഡല്‍ഹിയില്‍ കരുണാനിധി താമസിച്ച തമിഴ്നാട് ഹൗസിലെത്തിയാണ് സോണിയ കലൈഞ്ജറെ കണ്ടത്. അവിടെവെച്ച് കലൈഞ്ജര്‍ കൃത്യമായി വിലപേശി. നന്നേ ചെറുപ്പമായ ദയാനിധി മാരന് വരെ ക്യാബിനറ്റ് റാങ്ക് വാങ്ങിക്കൊടുത്തു. മന്ത്രിസഭയില്‍ പെട്ടെന്നൊന്നും ചേരില്ലെന്ന് പറഞ്ഞ കലൈഞ്ജര്‍ പ്രഥമ യു.പി.എ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാണ് ചെന്നൈക്ക് തിരിച്ചു വന്നത്.

പത്രസമ്മേളനങ്ങളിലായാലും പൊതുവേദികളിലായാലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്നതില്‍ കലൈഞ്ജര്‍ വിരുതനായിരുന്നു. എത്ര കടുപ്പമുള്ള ചോദ്യവും കലൈഞ്ജര്‍ ഈ രീതിയില്‍ മറികടക്കും. 2014-ല്‍ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ കലൈഞ്ജറോട് തമിഴ്നാട്ടിലും മോദി വേവ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന് ചോദിച്ചു. കലൈഞ്ജറുടെ മറുപടി ഇതായിരുന്നു. ''മോദി വേദികളില്‍നിന്ന് കൈകൊണ്ട് വേവ്(വീശുന്നത്) ചെയ്യുന്നത് കണ്ടു. വേറൊരു വേവും ഞാന്‍ കാണുന്നില്ല.''

ശ്രീരാമന്‍ പണിതീര്‍ത്തതെന്ന് കരുതപ്പെടുന്ന രാമര്‍ സേതു പൊളിച്ച് സേതുസമുദ്രം കപ്പല്‍ ചാനലുണ്ടാക്കാന്‍ പറ്റില്ലെന്ന് ബി.ജെ.പിയും മറ്റും നിലപാട് എടുത്തപ്പോള്‍ കലൈഞ്ജര്‍ നടത്തിയ പരാമര്‍ശം വന്‍വിവാദമായി. ഈ പാലം പണിയാന്‍ ശ്രീരാമന്‍ ഏത് എഞ്ചിനീയറിങ് കോളേജില്‍നിന്നാണ് ബിരുദമെടുത്തതെന്നാണ് കലൈഞ്ജര്‍ ചോദിച്ചത്. ഇതേ കാലത്ത് തന്നെ ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം ചോരന്‍ എന്നാണെന്ന കലൈഞ്ജറുടെ പരാമര്‍ശവും പ്രശ്നമായി. ഇതിനെതിരെ ഹിന്ദു മുന്നണിയിലെ ചിലര്‍ കലൈഞ്ജര്‍ക്കെതിരെ കേസ് കൊടുത്തു. 

ഇതിന് കലൈഞ്ജര്‍ നല്‍കിയ വിശദീകരണത്തിനു മുന്നില്‍ പക്ഷേ, ഹിന്ദുമുന്നണിക്കാര്‍ ആയുധം വെച്ചു കീഴടങ്ങി. ചോരന്‍ എന്നു പറഞ്ഞാല്‍ ഹൃദയം കവരുന്നവന്‍ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് കലൈഞ്ജര്‍ പറഞ്ഞത്. 

തന്നെ കാണാന്‍ വരുന്ന ആരെയും കലൈഞ്ജര്‍ നിരാശപ്പെടുത്തിയിരുന്നില്ല. ജയലളിതയും കരുണാനിധിയും തമ്മില്‍ ഇക്കാര്യത്തില്‍ കടലോളം അന്തരമുണ്ടായിരുന്നു. എത്ര വലിയ പ്രതിസന്ധിയുള്ളപ്പോഴും കലൈഞ്ജര്‍ പത്രക്കാരെ കാണാന്‍ തയ്യാറായിരുന്നു. അടിസ്ഥാനപരമായി താന്‍ ഒരു പത്രപ്രവര്‍ത്തകനാണെന്ന് ഇടക്കിടെ ഓര്‍മ്മിപ്പിക്കാനും കലൈഞ്ജര്‍ മറന്നിരുന്നില്ല.  

ഡി.എം.കെയുടെ മുഖപത്രമായ മുരശൊലിയുടെ ഓഫീസിലേക്ക് ഒരു ദിവസം പോലും പോകാതിരിക്കാന്‍ കലൈഞ്ജര്‍ക്കാവുമായിരുന്നില്ല. മുരശൊലിയില്‍ പ്രതിദിനം എഴുതിയിരുന്ന കുറിപ്പിലൂടെയാണ് കലൈഞ്ജര്‍ ഡി.എം.കെയുടെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നത്.